പിളര്‍പ്പിന് കാരണം സ്ഥാപിത താത്പര്യക്കാര്‍: കാന്തപുരത്തിന്റെ അഭിപ്രായത്തെ പിന്തുണച്ച് ഇ.കെ വിഭാഗം നേതാക്കള്‍
Kerala
പിളര്‍പ്പിന് കാരണം സ്ഥാപിത താത്പര്യക്കാര്‍: കാന്തപുരത്തിന്റെ അഭിപ്രായത്തെ പിന്തുണച്ച് ഇ.കെ വിഭാഗം നേതാക്കള്‍
സിജൊ
Thursday, 25th June 2026, 9:47 pm

കോഴിക്കോട്: ചില സ്ഥാപിത താത്പര്യക്കാരാണ് സമസ്തയിലെ പിളര്‍പ്പിന് കാരണമെന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയെ പിന്തുണച്ച് ഇ.കെ സുന്നി വിഭാഗം നേതാക്കള്‍. സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.വൈ.എസ് നേതാവ് മുസ്തഫ മുണ്ടുപാറ എന്നിവരാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചിട്ടുള്ളത്.

‘തന്നെ സമസ്തയിലേക്ക് കൊണ്ടുവന്നത് ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരാണ്. പിന്നീട് ചിലര്‍ തന്നെയും ഇ.കെ. അബൂബക്കര്‍ മുസ്ല്യാരെയും അകറ്റി. ചില സ്ഥാപിത താല്‍പര്യക്കാര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചു,’ എന്നായിരുന്നു എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞത്. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന സമസ്ത സ്ഥാപക ദിന വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാര്യം പറയുന്നതിനിടെ എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ കരഞ്ഞതും ശ്രദ്ധേയമായിരുന്നു.

എ.പി – ഇ.കെ ഭിന്നിപ്പ് മത നവീകരണ വാദികള്‍ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്ദേശം നാല് പതിറ്റാണ്ട് കാലം സമസ്തയുടെ പോഷക സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ച ഒരു വിനീതന്‍ എന്ന നിലയില്‍ പറയാന്‍ കഴിയുമെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മതനവീകരണവാദികള്‍ക്ക് കടന്നുവരാന്‍ തങ്ങള്‍ രണ്ടു പേരം അകലണമെന്ന് മനസിലാക്കിയവരാണ് തങ്ങളെ അകറ്റിയതെന്നാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞതെന്നും ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇപ്പോഴും ഒരുമിച്ചു പോകുന്നതിന് വിഘാതമായി നില്‍ക്കുന്ന പ്രധാന തടസം ചിലരുടെ ഇടപെടലുകള്‍ ആണെന്ന് അനുഭവത്തില്‍ ബോധ്യപ്പെട്ടതാണെന്നും ഹമീദ് ഫൈസി പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് ഇരുവിഭാഗവും നിശ്ചയിച്ച നാല് വീതം പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇന്ന് ഈ കാണുന്ന സൗഹൃദം സ്ഥാപിക്കപ്പെട്ടത്. ഉത്തര കേരളത്തിലെ സമുന്നതനായ ഒരു സയ്യിദിന്റെ നേതൃത്വത്തില്‍ ഇരു വിഭാഗത്തിനുമിടയില്‍ യോജിപ്പുണ്ടാക്കാന്‍ ശ്രമങ്ങള്‍ തുടര്‍ന്നുവരുന്നു എന്നത് ശുഭസൂചകമാണെന്നും അദ്ദേഹം ആഭിപ്രായപ്പെട്ടു.

സുന്നി ആദര്‍ശം സംരക്ഷിക്കുകയും മതനവീകരണ വാദികളെ നിയമാനുസരണം തടയുകയും ചെയ്യുക എന്ന സമസ്ത ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് സുന്നി സംഘടനകളുടെ ഏകീകരണവും സൗഹൃദവും ഏറെ അനിവാര്യമാണെന്നും ഹമീദ് ഫൈസി അഭിപ്രായപ്പെട്ടു.

‘കാന്തപുരം ഉസ്താദ് പറഞ്ഞ സത്യം,’ എന്ന തലക്കെട്ടോട് കൂടിയ ഒരു ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ വിഷയത്തില്‍ മുസ്തഫ മുണ്ടുപാറ തന്റെ നിലപാട് വ്യക്തമാക്കിയത്. ചില ബാഹ്യ ശക്തികളുടെ ഇടപെടലാണ് തന്നെയും ശംസുല്‍ ഉലമയെയും തമ്മില്‍ അകറ്റിയതെന്ന വിതുമ്പലോടെയുള്ള കാന്തപുരം ഉസ്താദിന്റെ വാക്കുകള്‍വര്‍ത്തമാന സാഹചര്യം വച്ചുനോക്കുമ്പോള്‍ സത്യമെന്ന് ബോധ്യപ്പെടുകയാണെന്ന് മുസ്തഫ മുണ്ടുപാറ പറഞ്ഞു.

‘സമസ്ത എന്നൊക്കെ ശാക്തീകരിക്കപ്പെടാന്‍ ശ്രമം നടത്തിയിട്ടുണ്ടോ അന്നൊക്കെ കറുത്ത ശക്തികള്‍ സമസ്തയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. നിലവില്‍ സമസ്തയില്‍ നടക്കുന്ന പ്രശ്‌നങ്ങളുടെയും അടിസ്ഥാനം ഇതുതന്നെയാണ്. കേരളത്തിലെ ബഹുഭൂരിഭാഗം വരുന്ന സുന്നികള്‍ ഇക്കാര്യത്തില്‍ മാനസികമായി വല്ലാതെ അസ്വസ്ഥരാണ്,’ മുസ്തഫ മുണ്ടുപാറ കുറിച്ചു.

‘പരമാവധി വിട്ടുവീഴ്ച ചെയ്തു യോജിച്ചു പോകണം എന്നാണ് സുന്നത്ത് ജമാഅത്തിനെ സ്‌നേഹിക്കുന്ന അണികളുടെ മാനസിക വികാരം. ഇരുപക്ഷത്തെയും നേതൃത്വം ഇക്കാര്യം ഗൗരവത്തില്‍ എടുത്ത്‌കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

സുന്നികള്‍ യോജിക്കുന്നതിനെ ഭയപ്പെടുന്ന വലിയൊരു ശക്തി പുറത്തുണ്ട് എന്ന ബോധ്യത്തോടെ മുമ്പോട്ട് പോകാം. ഇരുവിഭാഗത്തെയും നേതൃത്വം ഒരു വേദിയില്‍ ഒരുമിച്ചു കൂടുന്ന സുപ്രഭാതത്തിനു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം,’ മുസ്തഫ മുണ്ടുപാറ കുറിച്ചു.

Content Highlight: EK Sunni Leaders Response On Kanthapuram AP Aboobacker Musliyars Comment on Organisation split