എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകളുടെ ചേലാകര്‍മ്മം; പി.കെ ഫിറോസിനും യൂത്ത് ലീഗിനുമെതിരെ സമസ്ത ഇ.കെ വിഭാഗം; വിമര്‍ശനം കനത്തപ്പോള്‍ യൂത്ത് ലീഗിനെ പ്രശംസിച്ച പോസ്റ്റ് വലിച്ച് മുനവ്വറലി തങ്ങള്‍
എഡിറ്റര്‍
Monday 28th August 2017 8:36pm

കോഴിക്കോട്: സ്ത്രീകളുടെ ചേലാകര്‍മ്മം വിഷയത്തില്‍ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ സമസ്ത ഇ.കെ വിഭാഗം രംഗത്ത്. കേരളത്തിലും പെണ്‍കുട്ടികള്‍ക്ക് ചേലാകര്‍മം നടത്തുന്നുണ്ടെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ കര്‍മം നടത്തിയ കോഴിക്കോട്ടെ സ്ഥാപനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അടച്ച് പൂട്ടിച്ചിരുന്നു. ഇതിന് പിന്നാലെ യൂത്ത് ലീഗിന് പല ഭാഗത്തു നിന്നും പ്രശംസകളും ലഭിച്ചിരുന്നു.

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ജില്ലാ നേതാക്കളായ എ ഷിജിത്ത് ഖാന്‍, കെ എം എ റഷീദ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥാപനം അടച്ച് പൂട്ടിയത്. സ്ഥാപനം അടച്ചു പൂട്ടുന്നതിന്റെ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ ആയിരത്തിലധികം ലൈക്കും ഷെയറും ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് യൂത്ത് ലീഗിന്റെ നടപടിയ്‌ക്കെതിരെ ഇ.കെ സുന്നി വിഭാഗക്കാര്‍ രംഗത്തെത്തുകയായിരുന്നു.

വിഷയത്തില്‍ പി.കെ ഫിറോസിനെ പിന്തുണച്ച് മുനവ്വറലി തങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മുനവ്വറലി തങ്ങളുടെ പോസ്റ്റിനെ വിമര്‍ശിച്ച് ബഷീര്‍ ഫൈസി ദേശമംഗലം കമന്റിട്ടു. ഇതോടെ മുനവ്വറലി തങ്ങള്‍ തന്റെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന ട്രഷററാണ് ബഷീര്‍ ഫൈസി ദേശമംഗലം.

Image may contain: 1 person, text

പിന്നാലെ സത്യധാര എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസി താനൂര്‍, ശുഹൈബുല്‍ ഹൈത്തമി തുടങ്ങിയവര്‍ യൂത്ത് ലീഗിനെതിരെ പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്.

‘തലപ്പ് മുറിക്കുന്ന നിങ്ങളെ ‘മാര്‍ക്ക’വും നാളെ മാതൃഭൂമിക്കാര്‍ ക്രൂര – പ്രാകൃതമെന്ന് വിധിക്കും; ഏതെങ്കിലും നാലാം കിട ക്ലിനിക്ക് കാരന്റെ ചെലവില്‍. പുരുഷന്റെ ‘മാര്‍ഗകല്യാണം’ അനിസ്ലാമികവും പ്രാകൃതവുമാണെന്ന് ‘ശാസ്ത്രീയ പഠനങ്ങള്‍’ വെച്ചു വിളമ്പും. അതിനെ പിന്തുണച്ച് ഇപ്പോഴേ രംഗത്തുള്ള ‘ഖുര്‍ആന്‍-സുന്നത്ത് സൊസൈറ്റി’ക്കാരന്‍ അന്ന് കസറും.
അന്നും നിങ്ങളുണ്ടാവണം;ചേലാകര്‍മമെന്ന ‘ക്രൂര – പ്രാകൃത’ ആചാരത്തിനെതിരെ കാമ്പയിന്‍ നടത്താന്‍. ‘മതേതരക്കാരു’ടെ കയ്യടി നേടാന്‍….. നിയമം കയ്യിലെടുത്ത് ക്ലിനിക്കുകള്‍ പൂട്ടാന്‍. അതു കഴിഞ്ഞ പിറ്റേ ദിവസം ആരുടെയെങ്കിലും ചെയ്തികള്‍ പൊക്കിപ്പിടിച്ച് ‘സമുദായത്തിലെ ഭീകരവാദികളിതാ നിയമം കയ്യിലെടുക്കുന്നു’എന്നു വിലപിക്കാന്‍.. അപലപിക്കാന്‍.’ എന്നായിരുന്നു അന്‍വര്‍ സാദിഖ് ഫൈസിയുടെ പോസ്റ്റ്.


Also Read:  ഫെയ്‌സ് ബുക്കില്‍ സ്ത്രീ വിരുദ്ധതയും മതസ്പര്‍ധയും വളര്‍ത്തുന്ന കമന്റ് ഇട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍; സംഘ പരിവാര്‍ ഇടപെടല്‍ മൂലം കേസ് അട്ടിമറിക്കാന്‍ നീക്കം


പി.കെ ഫിറോസിനേയും യൂത്ത് ലീഗിനേയും പ്രശംസിക്കുന്നവരോട് എന്തറിഞ്ഞിട്ടാണ് ഈ പിന്തുണ കമന്റുകള്‍ എന്നായിരുന്നു ബഷീര്‍ ഫൈസി മുനവ്വറലി തങ്ങളുടെ പോസ്റ്റിന് കമന്റിട്ടത്. സ്ത്രീ ചേല കര്‍മ്മം അതിന്റെ മത വിധി എന്താണെന്ന് തങ്ങള്‍ക്കറിയില്ലെങ്കില്‍ സഹതപിക്കുന്നു. ആര്‍ക്കോ വേണ്ടി നാം അപരിഷ്‌കൃതരാകരുത്. എങ്കില്‍ കര്‍മ്മശാസ്ത്രത്തെ വലിച്ചെറിഞ്ഞോളൂ. ഇനി ഇതു മനുഷ്യത്വരഹിതമാണെങ്കില്‍ പൂട്ടേണ്ടതു സംഘടനയോ പൊലീസോ എന്നും അദ്ദേഹം കമന്റില്‍ ചോദിക്കുന്നു.

സ്ത്രീകളുടെ ചേലാകര്‍മ്മം മതാചാരത്തിന്റെ ഭാഗമാണെന്നും ശാസ്ത്രീയമായ അടിത്തറയുണ്ടെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ ലോകത്തു തന്നെ പല സംഘടനകളും സ്ത്രീകളുടെ ചേലാകര്‍മ്മത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. പ്രാകൃതമായ ക്രൂരകൃത്യത്തിനെതിരെ ഐക്യരാഷ്ട്ര സംഘടനയടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നിട്ടും സ്ത്രീ ചേലാകര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി വ്യക്തമാക്കിയിട്ടുണ്ട്.

ആണ്‍കുട്ടികളുടെ ചേലാകര്‍മ്മത്തേ്ക്കാള്‍ ക്രൂരമാണ് പെണ്‍കുട്ടികളുടെ ചേലാകര്‍മ്മമെന്നും പെണ്‍കുട്ടികളുടെ ലൈംഗിക ശേഷിയെ തന്നെ ബാധിക്കുന്നതും ലൈംഗികാവയവത്തെ വികലമാക്കുന്നതുമാണെന്നും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്.

സ്ത്രീകളുടെ ലൈംഗിക ആസ്വാദനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത്. മാത്രമല്ല, ഒരു വിധത്തിലുള്ള മെഡിക്കല്‍ ന്യായീകരണവും ഇതിനില്ലെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി അരവിന്ദന്‍ വ്യക്തമാക്കുന്നു.


Don’t Miss:  പിതാവിനേക്കാള്‍ ക്രൂരയും ചിട്ടക്കാരിയും’; റാം റഹീമിന്റെ പിന്‍ഗാമിയാകാന്‍ ഒരുങ്ങി ‘പപ്പയുടെ മാലാഖ’ ഹണീപ്രീത് ഇന്‍സാന്‍


അതേസമയം, സുന്നത്തും ചേലാകര്‍മ്മവും ഒരേ രീതിയില്‍ കണ്ട്, രണ്ടും നിരോധിക്കണമെന്ന് പറയുന്നത് കൊണ്ട് ഹിന്ദു വര്‍ഗീയവാദികളുടെ കൈയടി കിട്ടിയേക്കുമെന്നും എന്നാല്‍ ചേലാകര്‍മ്മത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാന്‍ മാത്രമേ അത് സഹായിക്കൂവെന്നും കെ.പി അരവിന്ദന്‍ പറയുന്നു.

കഴിഞ്ഞ ദിവസത്തെ മാതൃഭൂമി പത്രത്തിലായിരുന്നു കേരളത്തില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും ചേലാകര്‍മം നടത്തുന്ന സ്ഥാപനങ്ങള്‍ ഉണ്ടെന്ന വാര്‍ത്ത വന്നത്. വാര്‍ത്തയെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ട് തല്ലിപ്പൊളിച്ച് അകത്ത് കടന്ന് സ്ഥാപനം അടച്ചു പൂട്ടുകയായിരുന്നു.

ഇല്ലാത്ത ആരോഗ്യഗുണങ്ങളും അന്ധവിശ്വാസങ്ങളും പറഞ്ഞ് കുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്ന സ്ത്രീകളെ വരെ ഈ പ്രാകൃതാചാരത്തിന് ഇരകളാക്കുന്നുണ്ടെന്നായിരുന്നു മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ജനനനേന്ദ്രീയം അംഗവിച്ഛേദം ചെയ്ത് ചേലാകര്‍മം നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ടെന്നും വാര്‍ത്തയിലുണ്ടായിരുന്നു.

Advertisement