ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ തീവ്രവാദികള്‍, ഇതിലൊരാളെ ജീവിക്കൂ; പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നാലും ഇല്ലെങ്കിലും തീവ്രവാദത്തെ തുരത്തുമെന്ന് മോദി
D' Election 2019
ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ തീവ്രവാദികള്‍, ഇതിലൊരാളെ ജീവിക്കൂ; പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നാലും ഇല്ലെങ്കിലും തീവ്രവാദത്തെ തുരത്തുമെന്ന് മോദി
ന്യൂസ് ഡെസ്‌ക്
Sunday, 21st April 2019, 3:02 pm

ന്യൂദല്‍ഹി:ഒന്നുകില്‍ താന്‍ അല്ലെങ്കില്‍ തീവ്രവാദികള്‍, ഇതില്‍ ഒരാളെ ജീവിച്ചിരിക്കൂ എന്ന് താന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നാലും ഇല്ലെങ്കിലും ഇതില്‍ ഉറച്ചു നില്‍ക്കുമെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ പത്താനില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.

ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെ ഉണ്ടായ പാക് പ്രത്യാക്രമണത്തിനിടെ പാകിസ്ഥാന്റെ കസ്റ്റഡിയിലായ അഭിനന്ദന്‍ വര്‍ത്തമാനെക്കുറിച്ചു മോദി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ‘ഞങ്ങള്‍ ഒരു വാര്‍ത്താ സമ്മേളനം വിളിച്ച് പാകിസ്ഥാന് കൃത്യമായ മുന്നറിയിപ്പ് നല്‍കി. അതായത് ഞങ്ങളുടെ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍, ഞങ്ങള്‍ നിങ്ങളെ വെറുതെ വിടില്ല എന്ന്’- മോദി പറയുന്നു.

‘രണ്ടാം ദിവസം ഒരു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ മോദി 12 മിസ്സൈല്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്, ചിലപ്പോള്‍ അക്രമിച്ചേക്കും എന്ന് പാകിസ്ഥാനോട് പറഞ്ഞു. രണ്ടാം ദിവസം തന്നെ പെലറ്റിനെ വിട്ടു തരാമെന്ന് പാകിസ്ഥാന്‍ അറിയിച്ചു’- മോദി പറയുന്നു.

‘ഇത് അമേരിക്ക പറഞ്ഞതാണ്. എനിക്കിതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ല. സമയമാകുമ്പോള്‍ ഞാനെല്ലാം പറയുന്നുണ്ട്’ മോദി കൂട്ടിച്ചേര്‍ത്തു.

പുല്‍വാമയ്ക്കും ബാലാക്കോട്ടിനും പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ സമാധാന സൂചകമായിട്ടാണ് പാകിസ്ഥാന്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യക്ക് കൈമാറിയത്. എന്നാല്‍ പാകിസ്ഥാന്‍ ജനീവ കരാര്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്നും, അതു കൊണ്ടാണ് അഭിനന്ദനെ വിട്ടു ന്ല്‍കിയതെന്നും ഇന്ത്യന്‍ സൈനിക മേധാവികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഗുജറാത്തില്‍ മുഴുവന്‍ സീറ്റുകളിലും ബി.ജെ.പിയെ ജയിപ്പിക്കണമെന്നും മോദി റാലിയില്‍ ആവശ്യപ്പെട്ടു. ‘എന്റെ സര്‍ക്കാര്‍ എന്തായാലും അധികാരത്തില്‍ തിരിച്ചെത്തും. എന്നാല്‍ ഗുജറാത്ത് 26 സീറ്റുകളും നല്‍കിയില്ലെങ്കില്‍ മെയ് 23ന് ചാനലുകള്‍ അത് ചര്‍ച്ച ചെയ്യും’- മോദി പറഞ്ഞു.