നിരപരാധികള്‍; സിമി ബന്ധമാരോപിച്ച് ജയിലിലടച്ച എട്ട് യുവാക്കള്‍ക്ക് 19 വര്‍ഷത്തിന് ശേഷം ജയില്‍മോചനം
Simi
നിരപരാധികള്‍; സിമി ബന്ധമാരോപിച്ച് ജയിലിലടച്ച എട്ട് യുവാക്കള്‍ക്ക് 19 വര്‍ഷത്തിന് ശേഷം ജയില്‍മോചനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th August 2025, 9:52 am

ന്യൂദല്‍ഹി: നിരോധിത സംഘടന സിമിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജയിലിലടക്കപ്പെട്ട 8 യുവാക്കള്‍ക്ക് 19 വര്‍ഷത്തിന് ശേഷം ജയില്‍ മോചനം. നാഗ്പൂര്‍ സ്വദേശികളായ, ഷക്കീല്‍ വാര്‍സി, ഷാക്കിര്‍ അഹമ്മദ്, നാസില്‍ അഹമ്മദ്, മുഹമ്മദ് രിഹാല്‍ അത്തുല്ലഖാന്‍, ജിയാഉര്‍ റഹ്‌മാന്‍ മഹ്ബൂബ് ഖാന്‍, വഖാര്‍ ബെയ്ഗ് യൂസഫ് ബെയ്ഗ്, ഇംതിയാസ് അഹമ്മദ് നിസാര്‍ അഹമ്മദ്, മുഹമ്മദ് അബ്‌റാര്‍ ആരിഫ് മുഹമ്മദ് ഖാസിം, ഷെയ്ഖ് അഹമ്മദ് ഷെയ്ഖ് എന്നിവരെയാണ് നിരപരാധികളെന്ന് വ്യക്തമാക്കി നാഗ്പൂരിലെ ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കിയത്.

നിരോധിത സംഘടനയുടെ ലഘുലേഖകള്‍ വിതരണം ചെയ്തു, യോഗങ്ങള്‍ സംഘടിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരെ ജയിലിലടച്ചത്. അറസ്റ്റിലാകുമ്പോള്‍ 30തിനോടടുത്ത് പ്രായമുണ്ടായിരുന്ന എല്ലാവര്‍ക്കും ഇപ്പോള്‍ 48 വയസിന് മുകളിലാണ് പ്രായം.

അറസ്റ്റിലായ യുവാക്കള്‍ക്കെതിരെ നിരോധിത സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടര്‍ന്നാണ്‌ ഇവരെ വെറുതെ വിട്ടത്. പ്രോസിക്യൂഷന് ഹാജരാക്കിയ സാക്ഷികളില്‍ ഒരാള്‍ പോലും ഈ യുവാക്കള്‍ക്കെതിരെ മൊഴി നല്‍കാനും തയ്യാറായില്ല. യോഗങ്ങള്‍ നടത്തിയതിനോ സംഘടനയുമായി ബന്ധപ്പെട്ട ആശയവിനിമയമോ പ്രാചരണമോ നടത്തിയതിന് ഇവര്‍ക്കെതിരെ തെളിവില്ലെന്നും കോടതി കണ്ടെത്തി.

കുറ്റാരോപിതരായ യുവാക്കള്‍ നിരോധിത സംഘടനയുമായി ബന്ധപ്പെട്ട ഏതെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ല. പരിപാടികളില്‍ പങ്കെടുത്തതിനോ പ്രചരണം നടത്തിയതിനോ തെളിവുകള്‍ നല്‍കാന്‍ സാധിക്കാതെ കേവലം ലഘുലേഖകളോ രേഖകളോ കൈവശം വെക്കുന്നതുകൊണ്ട് മാത്രം ഒരാള്‍ കുറ്റവാളിയാകില്ലെന്നും കോടതി വ്യക്തമാക്കി.

പ്രതികളുടെ വീട്ടില്‍ നിന്ന് നിരോധിത സംഘടനയുടെ ഭാഗമായുള്ള ചില വസ്തുക്കള്‍ ലഭിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാനപ്പെട്ട വാദങ്ങളിലൊന്ന്. എന്നാല്‍ ഇതും കോടതിയില്‍ തെളിയിക്കാനായില്ല. യു.എ.പി.എ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് 2006ല്‍ ഇവരെ അറസ്റ്റ് ചെയ്തത്.

നേരത്തെയും സമാനമായി കേസിലുള്‍പ്പെട്ടവരെ കോടതി വെറുതെ വിട്ടിരുന്നു. 2001ലെ സിമി യോഗവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 122 പേരെ 20 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു നിരപരാധികളെന്ന് കണ്ടെത്തി സൂറത്തിലെ കോടതി വെറുതെ വിട്ടത്.

content highlights: Eight youths released from jail after 19 years for SIMI relationships