ഓസ്ട്രിയയിൽ സ്കൂളിൽ വെടിവെപ്പ്; എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
World News
ഓസ്ട്രിയയിൽ സ്കൂളിൽ വെടിവെപ്പ്; എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th June 2025, 4:23 pm

വിയെന്ന: ഓസ്ട്രിയയിലുണ്ടായ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. സ്കൂളിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഓസ്ട്രിയൻ ന​ഗരമായ ​ഗ്രാസിലാണ് വെടിവെപ്പുണ്ടായത്. വിദ്യാർത്ഥിയണെന്ന് കരുതുന്ന ആളാണ് വെടിയുതിർത്തതെന്നാണ് വിവരം. ഇയാൾ സ്കൂൾ ടോയ്ലറ്റിൽ തന്നെ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതായും വിവരമുണ്ട്.

വടക്ക് പടിഞ്ഞാറൻ ​ഗ്രാസിലെ ബോർ​ഗ് ഡ്രെയർഷുറ്റെസൻ​ഗാസ് സ്കൂളിൽ വെടിവെപ്പ് നടക്കുന്നതായി രാവിലെ പത്ത് മണിയോടെ വിവരം ലഭിക്കുകയായിരുന്നുവെന്ന് പബ്ലിക് ബ്രോഡ്കാസ്റ്റർ പറഞ്ഞു.

പത്ത് മണിയോടെയാണ് മുന്നറിയിപ്പ് ലഭിച്ചതെന്നും തൊട്ടുപിന്നാലെ സ്കൂൾ കെട്ടിടത്തിനുള്ളിൽ നിന്നും വെടിയൊച്ചകൾ കേട്ടുവെന്നും പൊലീസ് അറിയിച്ചു. പിന്നാലെ സ്പെഷ്യൽ ഫോഴ്സും അടിയന്തര വിഭാ​ഗങ്ങളും സ്ഥലത്തെത്തുകയായിരുന്നുവെന്നും ഉദ്യോ​ഗസ്ഥൻ സാബ്രി യോർ​ഗൺ പറഞ്ഞു.

സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് വിവരം. സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും മറ്റ് ജീവനക്കാരെയുമെല്ലാം സ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ടെന്നും അപകട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു.

അതേസമയം മരണസംഖ്യയിൽ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ലെന്നാണ് വിവരം. വിദ്യാർത്ഥികൾക്കുൾപ്പെടെയാണ് പരിക്കേറ്റതെന്നും റിപ്പോർട്ടുണ്ട്. വെടിയുതിർത്തയാളും മരണപ്പെട്ടുവെന്നാണ് വിവരം.

പരിക്കേറ്റ വിദ്യാർത്ഥികളെ സ്കൂളിന് സമീപത്തെ ഹെൽമട്ട് ലിസ്റ്റ് ഹാളിൽ പ്രാഥമിക പരിശോധനയ്ക്കെത്തിച്ചെന്നും കൂടുതൽ മരണം സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നുമാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്.

അതേസമയം സംഭവത്തെ കുറിച്ച വിശദവിവരങ്ങൾ ലഭ്യമല്ലെന്നും പ്രദേശത്ത് നിന്നും മാറി നിൽക്കാൻ ആളുകൾക്ക് നിർദേശം നൽകിയതായും അധികാരികളുടെ നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Content Highlight: Eight people killed in school shooting in Austria