ശബ്ദമലിനീകരണമെന്നാരോപണം; മുംബൈയില്‍ പള്ളിയില്‍ നിന്നും എട്ട് ലൗഡ്‌സ്പീക്കറുകള്‍ നീക്കി
national news
ശബ്ദമലിനീകരണമെന്നാരോപണം; മുംബൈയില്‍ പള്ളിയില്‍ നിന്നും എട്ട് ലൗഡ്‌സ്പീക്കറുകള്‍ നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th June 2025, 6:57 am

മുംബൈ: മുംബൈയില്‍ രാത്രിയില്‍ പള്ളികളില്‍ നിന്നും എട്ടോളം ലൗഡ്‌സ്പീക്കറുകള്‍ നീക്കം ചെയ്ത് പൊലീസ്. നിയമവിരുദ്ധമാണെന്നും ശബ്ദമലിനീകരണ നിയന്ത്രണങ്ങളും കാണിച്ചാണ് ഉച്ചഭാഷിണികള്‍ നീക്കം ചെയ്തതെന്നാണ് വിവരം.

യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് പൊലീസ് ഉച്ചഭാഷിണികള്‍ നീക്കം ചെയ്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിയമവിരുദ്ധമാണെന്ന് ആരോപിക്കപ്പെടുമ്പോഴും ലൗഡ് സ്പീക്കറുകളുടെ ശബ്ദ പരിശോധന പോലും നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി.

ബോംബെ ഹൈക്കോടതി നിശ്ചയിച്ചത് പ്രകാരം 45 മുതല്‍ 56 ഡെസിബലെന്ന പരിധിയിലാണ് ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും യാതൊരു മുന്നറിയിപ്പും കൂടാതെയുള്ള നടപടി അന്യായമാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

പൊലീസ് പള്ളിയിലെത്തുകയും ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ നീക്കത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്.

ലൗഡ് സ്പീക്കര്‍ നീക്കം ചെയ്യുന്നതിനെ എതിര്‍ത്ത വ്യക്തികളോട് പൊലീസ് മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയതെന്നും ആളുകള്‍ പറഞ്ഞു.

ഈ വര്‍ഷം ജനുവരിയില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ബോബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഒരു മതത്തിന്റെയും അനിവാര്യമല്ല ഉച്ചഭാഷിണികളുടെ ഉപയോഗമെന്നും ശബ്ദ മലിനീകരണ ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

പിന്നാലെ മെയ് 11ന് മുംബൈ പൊലീസ് എല്ലാ മതസ്ഥലങ്ങളിലും ഉച്ചഭാഷിണികള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം ചെയ്യാനുള്ള നടപടിയെന്നാണ് വിവരം. ഇത്തരത്തില്‍ ഈ മൂന്ന് മാസത്തിനിടയില്‍ 1500 ഓളം ലൗഡ്‌സ്പീക്കറുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് ബി.ജെ.പി വൈസ് പ്രസിഡന്റ് അവകാശപ്പെട്ടിരുന്നു.

Content Highlight: Eight loudspeakers removed from Mumbai mosque over noise pollution allegations