'സദാചാര വിരുദ്ധ'മായ വീഡിയോ പോസ്റ്റ് ചെയ്തു; സൗദിയില്‍ ഈജിപ്ഷ്യന്‍ ടിക് ടോകര്‍ അറസ്റ്റില്‍
World News
'സദാചാര വിരുദ്ധ'മായ വീഡിയോ പോസ്റ്റ് ചെയ്തു; സൗദിയില്‍ ഈജിപ്ഷ്യന്‍ ടിക് ടോകര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th July 2022, 4:35 pm

റിയാദ്: സൗദി അറേബ്യയില്‍ ഈജിപ്ഷ്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അറസ്റ്റില്‍. ടല സഫ്‌വാന്‍ എന്ന യുവതിയെയാണ് സൗദി പൊലീസ് അറസ്റ്റ് ചെയ്തത്.

തന്റെ ടിക് ടോക് അക്കൗണ്ടില്‍ ടല സഫ്‌വാന്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് അറസ്റ്റിന് കാരണമായത്.

‘സദാചാര വിരുദ്ധ’മായ, ലൈംഗിക ചുവയോടെയുള്ള വീഡിയോ പോസ്റ്റ് ചെയ്തു എന്ന് ആരോപിച്ചാണ് സഫ്‌വാനെ അറസ്റ്റ് ചെയ്തത്.

സൗദി അറേബ്യയിലെ ‘സാമൂഹിക നിയമങ്ങള്‍’ ലംഘിച്ചു എന്നാരോപിച്ച് യുവതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ആക്രമണവും നടക്കുന്നുണ്ട്. ടല സാമൂഹിക മര്യാദ ലംഘിച്ചു, ‘Tala offends society’ എന്ന ട്വിറ്റര്‍ ഹാഷ്ടാഗും ഇതിന് പിന്നാലെ സൗദിയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചു.

ഇതിന് പിന്നാലെയാണ് ടലയെ കസ്റ്റഡിയിലെടുത്തതായി സൗദി പൊലീസ് തിങ്കളാഴ്ച അറിയിച്ചത്.

തന്റെ സൗദി വനിതാ സുഹൃത്തുമായി വീഡിയോ കോള്‍ ചെയ്യുന്നതായ ഒരു വീഡിയോ അടുത്തിടെ സഫ്‌വാന്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. റിയാദിലെ തന്റെ വീട്ടിലേക്ക് സഫ്‌വാന്‍ ഇവരെ ക്ഷണിക്കുന്നു. പക്ഷേ, സമയം വൈകിയതിനാല്‍ സുഹൃത്ത് അവളുടെ ക്ഷണം നിരസിക്കുന്നു.

ഇതിന് മറുപടിയായി സഫ്വാന്‍ പറയുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്. ”എല്ലാവരും ഉറങ്ങും, നമ്മള്‍ എന്ത് ചെയ്യുമെന്ന് അവര്‍ കേള്‍ക്കില്ല. നിന്റെ നിലവിളി അവര്‍ കേള്‍ക്കില്ല. നമ്മള്‍ എത്രമാത്രം ആസ്വദിക്കും,” എന്നാണ് സഫ്‌വാന്‍ വീഡിയോയില്‍ പറയുന്നതെന്നാണ് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വീഡിയോ വൈറലാകുകയും ‘സദാചാരവിരുദ്ധ’മായ ഭാഷ ഉപയോഗിച്ചതിന് സഫ്‌വാനെ വിമര്‍ശിച്ചുകൊണ്ട് സൗദിയില്‍ ഒരു സോഷ്യല്‍ മീഡിയ ക്യാമ്പെയിന് ഇത് കാരണമാവുകയും ചെയ്തു.

എന്നാല്‍ താന്‍ കസ്റ്റഡിയിലാകുന്നതിന് കാരണമായ വീഡിയോ ക്ലിപ് സാഹചര്യത്തില്‍ നിന്നും അടര്‍ത്തിയെടുത്തതാണെന്നും താന്‍ ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്നുമാണ് ടല സഫ്‌വാന്‍ പറയുന്നത്.

ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് ടല സഫ്‌വാന്‍. ടിക് ടോകില്‍ 50 ലക്ഷത്തിനടുത്ത് ഫോളോവേവ്‌സുള്ള ടല സഫ്‌വാന് യൂട്യൂബില്‍ എട്ട് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്.

സാമൂഹിക വിഷയങ്ങളെക്കുറിച്ചും ടി.വി ഷോകളെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന വ്‌ളോഗുകളാണ് ടല സാധാരണയായി തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യാറുള്ളത്. അറബ് മേഖലയിലെ യുവാക്കള്‍ക്കിടയില്‍ പ്രശസ്തയാണ് ടല.

Content Highlight: Egyptian Tik Toker Tala Safvan detained in Saudi Arabia for posting ‘immoral’ video in social media