തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് അഞ്ച് വര്‍ഷം തടവുശിക്ഷ; നൂറ് ദിവസത്തെ നിരാഹാര സമരം പിന്നിട്ട് ഈജിപ്ഷ്യന്‍ ആക്ടിവിസ്റ്റ്
World News
തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് അഞ്ച് വര്‍ഷം തടവുശിക്ഷ; നൂറ് ദിവസത്തെ നിരാഹാര സമരം പിന്നിട്ട് ഈജിപ്ഷ്യന്‍ ആക്ടിവിസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th July 2022, 8:09 pm

കെയ്‌റോ: ഈജിപ്ഷ്യന്‍ ആക്ടിവിസ്റ്റ് അലാ അബ്ദ് എല്‍- ഫത്താഹ്‌യുടെ(Alaa Abd el-Fattah) നിരാഹാരസമരം 100 ദിവസം പിന്നിട്ടു. തന്റെ ജയില്‍മോചനം ആവശ്യപ്പെട്ട് കൊണ്ടാണ് അബ്ദ് എല്‍- ഫത്താഹ് നിരാഹാരത്തിലേര്‍പ്പെട്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ‘തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു’, എന്നാരോപിച്ച് അബ്ദ് എല്‍- ഫത്താഹ്‌യെ അറസ്റ്റ് ചെയ്തത്. അഞ്ച് വര്‍ഷത്തെ തടവുശിക്ഷയാണ് അബ്ദ് എല്‍- ഫത്താഹ്ക്ക് വിധിച്ചത്.

തടവിലായതിന് പിന്നാലെ ആരംഭിച്ച നിരാഹാരസമരം ജൂലൈ 10നാണ് നൂറ് ദിവസം പൂര്‍ത്തിയാക്കിയത്. അബ്ദ് എല്‍- ഫത്താഹ്‌യെ പിന്തുണക്കുന്ന സപ്പോര്‍ട്ട് കമ്മിറ്റിയാണ് വിഷയത്തില്‍ സ്‌റ്റേറ്റ്‌മെന്റ് പുറത്തുവിട്ടത്.

നിരാഹാരസമരം അനുഷ്ടിച്ച ദിവസങ്ങളില്‍ 100 കലോറി വരുന്ന ദ്രാവകാഹാരം മാത്രമാണ് അബ്ദ് എല്‍- ഫത്താഹ് സ്വീകരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

നിരാഹാരസമരം നൂറ് ദിവസം പിന്നിട്ടതോടെ ഇദ്ദേഹത്തിന്റെ ജയില്‍മോചനത്തിന് വേണ്ടി അമേരിക്ക ഇടപെടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടുത്തയാഴ്ച മിഡില്‍ ഈസ്റ്റ് സന്ദര്‍ശിക്കാനിരിക്കെ, അബ്ദ് എല്‍- ഫത്താഹ്‌യുടെ കേസിനെക്കുറിച്ച് ജൂലൈ 11ന് സഹോദരി സനാ സെയ്ഫ് വാഷിങ്ടണില്‍ വെച്ച് പത്രസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ബൈഡന്‍ സൗദി സന്ദര്‍ശിക്കുന്ന സമയത്ത് ഈജിപ്ത് പ്രസിഡന്റ് അബ്ദെല്‍ ഫത്താഹ് എല്‍-സിസി അടക്കമുള്ള നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2011ല്‍ ഹുസ്‌നി മുബാറക്കിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ നടത്തിയ പ്രക്ഷോഭ സമരങ്ങളിലും പ്രധാന സാന്നിധ്യമായിരുന്നയാളായിരുന്നു അബ്ദ് എല്‍- ഫത്താഹ്.

Content Highlight: Egyptian activist Alaa Abd el-Fattah marks 100 days of hunger strike