ലോകകപ്പ് ഗ്രൗണ്ടില്‍ ഫലസ്തീന്‍ പതാകയുയര്‍ത്തി ഈജിപ്ഷ്യന്‍ കോച്ച്; ഫ്രീ ഫലസ്തീന്‍ മുദ്രാവാക്യവുമായി കാണികള്‍
FIFA World Cup 2026
ലോകകപ്പ് ഗ്രൗണ്ടില്‍ ഫലസ്തീന്‍ പതാകയുയര്‍ത്തി ഈജിപ്ഷ്യന്‍ കോച്ച്; ഫ്രീ ഫലസ്തീന്‍ മുദ്രാവാക്യവുമായി കാണികള്‍
ഫസീഹ പി.സി.
Saturday, 4th July 2026, 1:47 pm

2026 ലോകകപ്പ് നോക്കൗട്ട് മത്സരഗ്രൗണ്ടില്‍ ഫലസ്തീന്‍ പതാകയുയര്‍ത്തി ഈജിപ്ഷ്യന്‍ പരിശീലകന്‍ ഹൊസം ഹസന്‍. ഇന്ന് പുലര്‍ച്ചെ ടെക്സസിലെ ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന ഈജിപ്ത് – ഓസ്‌ട്രേലിയ മത്സരത്തിന് ശേഷമായിരുന്നു സംഭവം.

മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ചരിത്രത്തിലാദ്യമായി ഈജിപ്ത് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. മത്സരശേഷം ഗ്രൗണ്ടിന്റെ കോര്‍ണറില്‍ നിന്നായിരുന്നു കോച്ച് ഹസന്റെ പതാകയുയര്‍ത്തല്‍.

അതോടെ ഗാലറിയിലെ ഒരു വിഭാഗം കാണികള്‍ ‘ഫ്രീ ഫ്രീ ഫലസ്തീന്‍’ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അദ്ദേഹത്തിന് ഒപ്പം ചേര്‍ന്നു. നേരത്തെ ഈജിപ്ഷ്യന്‍ ടീം പെനാല്‍റ്റി ഷൂട്ടൗട്ടിനായി എത്തിയപ്പോള്‍ ഈജിപ്തിന്റെയും ഫലസ്തീനിന്റെയും പതാകകള്‍ പുതച്ചായിരുന്നു പരിശീലകന്‍ ഗ്രൗണ്ടില്‍ ഇറങ്ങിയത്.

മത്സരശേഷം പരിശീലകന്‍ ഫലസ്തീന്‍ ജനതക്കായി ഈജിപ്തിന്റെ വിജയം സമര്‍പ്പിക്കുകയും ചെയ്തു.

‘ദൈവം അവര്‍ക്ക് (ഫലസ്തീനികള്‍ക്ക്) വിജയം നല്‍കട്ടെ, അവരുടെ രക്തസാക്ഷികളോട് ദൈവം കരുണ കാണിക്കട്ടെ. ഈ വിജയം ഞാന്‍ ഈജിപ്ഷ്യന്‍ ജനതക്കും ഫലസ്തീന്‍ ജനതക്കും സമര്‍പ്പിക്കുന്നു,’ എന്നായിരുന്നു ഹസന്റെ പ്രതികരണം.

അതേസമയം, മത്സരത്തില്‍ ഈജിപ്താണ് ആദ്യം ലീഡെടുത്തത്. 13ാം മിനിട്ടില്‍ ഇമാം അഷൂറാണ് ടീമിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഓസ്‌ട്രേലിയ ഒപ്പമെത്തി. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് ഹാനിയുടെ സെല്‍ഫ് ഗോളില്‍ 55ാം മിനിട്ടിലായിരുന്നു ഓസ്‌ട്രേലിയ സമനില പിടിച്ചത്.

മത്സരത്തില്‍ ശേഷിക്കുന്ന സമയത്തും എക്‌സ്ട്രാ സമയത്തും ഇരു ടീമുകളും സമനില തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതോടെ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഈജിപ്ത് തങ്ങളുടെ നാല് ഷോട്ടുകളും വലയിലെത്തിച്ചപ്പോള്‍ ഓസ്ട്രേലിയയ്ക്ക് രണ്ട് ഷോട്ടുകള്‍ മാത്രമാണ് അടിക്കാന്‍ സാധിച്ചത്.

Content Highlight: Egypt’s head coach Hossam Hassan holds up the Palestinian flag after  historic win over Australia in the 2026 FIFA World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.