അമേരിക്കയിലെ മുട്ട വില വര്‍ധനവ്; ബൈഡനെ കുറ്റപ്പെടുത്തി ട്രംപ്
World News
അമേരിക്കയിലെ മുട്ട വില വര്‍ധനവ്; ബൈഡനെ കുറ്റപ്പെടുത്തി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th March 2025, 8:20 pm

വാഷിങ്ടണ്‍: അമേരിക്കയില്‍ മുട്ടയുടെ വില വര്‍ധിക്കുന്നതിന് മുന്‍ പ്രസിഡന്റ് ജോ ബൈഡനെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ബൈഡനെതിരായ വിമര്‍ശനം നടത്തിയത്.

അമേരിക്കയിലെ മുട്ട വില വര്‍ധനവ് കഴിഞ്ഞ ആഴ്ചകളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ കുറ്റപ്പെടുത്തല്‍.

പണപ്പെരുപ്പം മറി കടക്കുമെന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ പരാമര്‍ശിച്ച് കൊണ്ടായിരുന്നു പരാമര്‍ശം. പണപ്പെരുപ്പത്തിന് ഉത്തരവാദിയെന്ന് താന്‍ കരുതുന്ന ഒരു വ്യക്തിയുണ്ടെന്നും ട്രംപ് പറഞ്ഞു.

നിങ്ങള്‍ക്കറിയാവുന്ന പോലെ കഴിഞ്ഞ ഭരണകൂടത്തില്‍ നിന്ന് നമുക്ക് പാരമ്പര്യമായി ലഭിച്ചത് സാമ്പത്തിക തകര്‍ച്ചയും പണപെരുപ്പവുമാണെന്ന് ട്രംപ് സമ്മേളനത്തില്‍ ആരോപിച്ചു.

പ്രത്യേകിച്ച് ജോ ബൈഡന്‍ കാരണം മുട്ടയുടെ വില വര്‍ധിച്ചുവെന്നും വില നിയന്ത്രണാതീതമാവാന്‍ ബൈഡന്‍ അനുവദിച്ചുവെന്നും ഇത് കുറയ്ക്കാന്‍ തങ്ങളുടെ ഭരണകൂടം ശക്തമായ ശ്രമത്തിലാണെന്നും ട്രംപ് പറഞ്ഞു.

ബൈഡന്റെ ഭരണകാലത്ത് അമേരിക്കയില്‍ പക്ഷിപ്പനി ഉണ്ടായതിന് പിന്നാലെ ദശലക്ഷക്കണക്കിന് മുട്ടയിടുന്ന പക്ഷികളെ കൊന്നൊടുക്കാന്‍ ബൈഡന്‍ ഭരണകൂടം നിര്‍ദേശിച്ചതോടെ മുട്ടവില കുതിച്ചുയര്‍ന്നുവെന്നും ട്രംപ് പറഞ്ഞു.

അതേസമയം മുട്ടവില വര്‍ധനവ് കുറയ്ക്കാനായി മുട്ട ഇറക്കുമതി ചെയ്യാനും പക്ഷിപ്പനി ചെറുക്കുന്നതിനായി യു.എസ് കൃഷി വകുപ്പ് പുതിയ പദ്ധതി രൂപീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചിക്കാഗോ, ന്യൂയോര്‍ക്ക്, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളില്‍ ഡസന് എട്ട് മുതല്‍ 10 ഡോളര്‍ വരെയാണ് നിലവില്‍ വില നിശ്ചയിച്ചിരിക്കുന്നത്.

Content Highlight: Egg price increase in America; Trump blames Biden