പ്രളയശേഷം മണ്ണിന് പോഷക വ്യതിയാനം; കര്‍ഷകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്
Agrarian crisis
പ്രളയശേഷം മണ്ണിന് പോഷക വ്യതിയാനം; കര്‍ഷകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്
ന്യൂസ് ഡെസ്‌ക്
Wednesday, 6th February 2019, 2:42 pm

 

പത്തനംതിട്ട: പ്രളയശേഷം കേരളത്തിലെ മണ്ണിലെ ജൈവാംശം, മൂലകങ്ങള്‍ എന്നിവയില്‍ വ്യാപക വ്യതിയാനം വന്നതായി പഠനങ്ങള്‍. കാര്‍ഷിക സര്‍വ്വകലാശാല, കൃഷി വകുപ്പ്, മണ്ണ് ഗവേഷണ വിഭാഗം എന്നിവര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മണ്ണിന്റെ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ കുറഞ്ഞു, കോട്ടയം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നൈട്രജന്‍, പൊട്ടാസ്യം എന്നിവ കുറഞ്ഞു. ഇടുക്കിയില്‍ നൈട്രജന്‍ കൂടി. ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ കുറഞ്ഞു. പാലക്കാട് നൈട്രജന്‍, ഫോസ്ഫറസ് എന്നിവ കൂടി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നൈട്രജന്‍, പൊട്ടാസ്യം എന്നിവ കുറഞ്ഞു. ഇവിടെ ഫോസ്ഫറസ് കൂടി. കൊല്ലത്ത് ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ കുറഞ്ഞതായും പഠനത്തില്‍ വ്യക്തമായി.

പ്രളയത്തിന്റെ ഭാഗമായി മണ്ണില്‍ വലിയ തോതില്‍ എക്കല്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് മണ്ണിന്റെ വായുസഞ്ചാരം കുറയാനിടയാക്കിട്ടുണ്ട്. ഇതിന്റെ ഭാഗമായി വേരിന്റെ വളര്‍ച്ച മുരടിക്കും. വേരിന്റെ ആരോഗ്യം കുറയുന്നതിനാല്‍ പോഷക മൂലകങ്ങള്‍ വേണ്ടവിധത്തില്‍ വലിച്ചെടുക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്.

അതുകൊണ്ടു വന്നിട്ടുള്ള ചില ലക്ഷണങ്ങള്‍ രോഗബാധ കാരണമുണ്ടായതാണെന്നു തെറ്റിദ്ധരിക്കുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ഇടുക്കി ജില്ലയില്‍ കുരുമുളകില്‍ വളരെ വ്യാപകമായി കണ്ട ഇല മഞ്ഞളിക്കല്‍ ദ്രുതവാട്ട രോഗമായിട്ട് തെറ്റിദ്ധരിച്ച അവസ്ഥയുമുണ്ടെന്നും കാര്‍ഷിക സര്‍വ്വകലാശാല നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

വായു സഞ്ചാരം കുറഞ്ഞതിനാല്‍ പത്തനംതിട്ടയില്‍ ജാതി, ഗ്രാമ്പു, മാങ്കോസ്റ്റിന്‍ എന്നിവ വ്യാപകമായി കരിഞ്ഞു. ഈ മണ്ണിന് അമ്ലരസവും കൂടുതലായിരുന്നു.

മണ്ണിലെ പ്രധാന മൂലകങ്ങളുടെ കാര്യത്തില്‍ ചിലയിടങ്ങളിലാണ് പ്രശ്‌നമുണ്ടായിട്ടുള്ളതെന്നും കൂടുതലും ദ്വിതീയ സൂക്ഷ്മ മൂലകങ്ങളുടെ അഭാവമാണ് മണ്ണിലുണ്ടായിട്ടുള്ളതെന്നും കാര്‍ഷിക സര്‍വ്വകലാശാ ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. പ്രത്യേകിച്ച് ദ്വീതീയ മൂലകമായ കാത്സ്യം. കാല്‍ത്സ്യത്തിന്റെ കാര്യത്തില്‍ കുമ്മായമിടുക എന്നതാണ് സിമ്പിളായിട്ടുള്ള പരിഹാരമാര്‍ഗം. അത് എല്ലാവരിലും എത്തിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇതിനകം തന്നെ സര്‍ക്കാര്‍ അഞ്ചുകോടി രൂപയുടെ കുമ്മായം പ്രളയബാധിത കൃഷിയിടങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

പോഷക വ്യതിയാനം നേരിടാന്‍ രണ്ടുതരം സൂഷ്മ മൂലക മിശ്രിതങ്ങള്‍ സര്‍വ്വകലാശാല പുറത്തിറക്കിയിട്ടുണ്ട്. അയര്‍, സമ്പൂര്‍ണ എന്നിവയാണത്. വാഴയ്ക്ക് വളരെ ഉപയോഗപ്രദമാണ് അയര്‍. സമ്പൂര്‍ണ നെല്ല് , വാഴ, പച്ചക്കറികള്‍ എന്നിവയ്ക്കായി പ്രത്യേകം വള മിശ്രിതമുണ്ട്. ഈ മൂന്ന് തരം സമ്പൂര്‍ണകളും, അയര്‍ എന്ന മിശ്രിതവും കാര്‍ഷിക സര്‍വ്വകലാശാലയുടെ എല്ലാ കേന്ദ്രങ്ങളും അതിന്റെ ഉല്പാദനം ആരംഭിച്ചിട്ടുണ്ട്.

മണ്ണിലുണ്ടായ മാറ്റങ്ങളെ എങ്ങനെ നേരിടാം?

പ്രളയാനന്തരം പതിവുരീതിയില്‍ കൃഷിയുമായി മുന്നോട്ടുപോകുന്നത് കര്‍ഷകര്‍ക്ക് പ്രതിസന്ധിയാകുമെന്നാണ് ഈ പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിനാല്‍ കര്‍ഷകരില്‍ അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ പരിപാടികളാണ് കാര്‍ഷിക സര്‍വ്വകലാശാലയം കൃഷി വകുപ്പും ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്രളയം വലിയ തോതില്‍ ബാധിക്കാത്ത തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് എന്നീ ജില്ലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കാനായി ചെയര്‍മാനും ഒരു കണ്‍വീനറും അടങ്ങുന്ന വിദഗ്ധരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കാര്‍ഷിക സര്‍വ്വകലാശാല അധികൃതര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. സംഘം നേരിട്ട് ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.

പെട്ടെന്ന് ചെയ്യേണ്ട കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കി നല്‍കേണ്ട ശുപാര്‍ശ പരിശോധനയ്ക്കു ശേഷവും നല്‍കിയിട്ടുണ്ടെന്നും കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ പറയുന്നു.

പ്രളയം ബാധിച്ച എല്ലാ കൃഷിയിടങ്ങളിലും പൊതുവായിട്ടുള്ള ചില ശുപാര്‍ശകളും കാര്‍ഷിക സര്‍വ്വകലാശാല നല്‍കുന്നുണ്ട്. അതില്‍ പ്രധാനം ആവശ്യത്തിന് ജൈവവളങ്ങള്‍ ചേര്‍ക്കുകയെന്നതാണ്. എക്കല്‍ വന്ന് അടിഞ്ഞതു കാരണം മണ്ണ് നന്നായിട്ട് ഇളക്കിക്കൊടുക്കണം. എക്കല്‍ ഉണങ്ങിക്കഴിഞ്ഞാല്‍ വളരെ കട്ടിയായിട്ടുള്ള ആവരണം പോലെ അതു മാറും. അതിനാല്‍ ഉണങ്ങുന്നതിനു മുമ്പു തന്നെ മണ്ണ് ഇളക്കിക്കൊടുക്കണം. വേരിന് അനക്കം തട്ടാതെ വേണം ഇത് മാറ്റാന്‍.

ചാണകം പോലുള്ള പോലുള്ള ജൈവവളങ്ങള്‍ ലഭ്യമാകാത്ത പ്രദേശങ്ങളില്‍ മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോറ് കമ്പോസ്റ്റ് തുടങ്ങിയ മറ്റ് ജൈവ വളങ്ങളേയും ആശ്രയിക്കാമെന്നും കാര്‍ഷിക സര്‍വ്വകലാശാല നിര്‍ദേശിക്കുന്നു.

പച്ചിലകളും പയര്‍വര്‍ഗ വിളകളും സമീപ പ്രദേശത്ത് കൃഷി ചെയ്ത് പൂക്കുന്നതിനു മുമ്പ് മണ്ണില്‍ ഉഴുതുചേര്‍ക്കുന്ന പച്ചില വളപ്രയോഗ രീതി പ്രളയബാധിത പ്രദേശത്തെല്ലാം നിര്‍ബന്ധമായിട്ടും അനുവര്‍ത്തിക്കേണ്ടതാണ്.

ജൈവവളങ്ങളുടെ വ്യാപ്തി കൂട്ടാനായി സൂക്ഷ്മാണു വളങ്ങള്‍ ഉപയോഗിക്കുക. അത്തരം വളങ്ങളുടെ ഉല്പാദനം കൂട്ടുകയും അത് സര്‍വ്വകലാശാലയുടെ വില്പന കേന്ദ്രം വഴി വിതണം ചെയ്യുന്നുമുണ്ട്.

പ്രളയ ബാധിത മേഖലകളില്‍ പ്രതീക്ഷിക്കാത്ത ചില രോഗങ്ങളും കീടങ്ങളും വന്നുപെട്ടതായും കണ്ടെത്തിയിട്ടുണ്ട്. സാധാരണ നെല്ലിലുണ്ടാകുന്ന പട്ടാളപ്പുഴു കപ്പയില്‍ വരുന്നതായി കണ്ടിട്ടുണ്ട്. ഇവയ്‌ക്കെതിരെ ജൈവികമായ നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വയനാട്ടിലും ഇടുക്കിയിലുമൊക്കെ പ്രളയം കാരണം കുരുമുളകു പോലുള്ള വസ്തുക്കള്‍ക്ക് സര്‍വ്വനാശം തന്നെ സംഭവിച്ചിട്ടുണ്ട്. അവിടങ്ങളില്‍ വേരുപിടിപ്പിച്ച വള്ളികള്‍ സൗജന്യമായിട്ടും കുറഞ്ഞ വിലയ്ക്കും വിതരണം ചെയ്തിട്ടുണ്ട്.