പ്രധാനമന്ത്രി ഒരു വാര്‍ത്താ സമ്മേളനം പോലും നടത്തിയില്ലെന്നത് ഖേദകരം; മാധ്യമങ്ങളോടുള്ള സമീപനം നാണക്കേടുണ്ടാക്കുന്നത്: എഡിറ്റേഴ്‌സ് ഗില്‍ഡ്
India
പ്രധാനമന്ത്രി ഒരു വാര്‍ത്താ സമ്മേളനം പോലും നടത്തിയില്ലെന്നത് ഖേദകരം; മാധ്യമങ്ങളോടുള്ള സമീപനം നാണക്കേടുണ്ടാക്കുന്നത്: എഡിറ്റേഴ്‌സ് ഗില്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th May 2026, 10:23 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും മാധ്യമങ്ങളോട് സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. നരേന്ദ്രമോദിയുടെ നോര്‍വെ, നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശനത്തിനിടെ വിദേശ മാധ്യമപ്രവര്‍ത്തകരും ഇന്ത്യന്‍ വിദേശകാര്യ ഉദ്യോഗസ്ഥരും എതിരാളികളെ പോലെ പെരുമാറാനിടയായത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

2014ല്‍ അധികാരമേറ്റതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വാര്‍ത്താസമ്മേളനം പോലും നടത്തിയിട്ടില്ലെന്നത് ഖേദകരമായ വസ്തുതയാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കേന്ദ്രസര്‍ക്കാരിന് അസഹിഷ്ണുത വര്‍ധിക്കുകയാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് അഭിപ്രായപ്പെട്ടു.

വിദേശ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി പ്രെസ് ബ്രീഫിങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരുന്നതാണ് മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും തമ്മിലുള്ള വാക്‌പോരിലേക്ക് നയിച്ചതെന്നും ഗില്‍ഡ് വിമര്‍ശിച്ചു.

‘ ഇന്ത്യന്‍ ഉദ്യോഗസ്ഥരും നെതര്‍ലാന്‍ഡ്‌സിലെയും നോര്‍വെയിലെയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ എതിരാളികളെപ്പോലെ പെരുമാറാനിടയായ, നാണക്കേടുണ്ടാക്കുന്ന സംഭവത്തില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യക്ക് ആശങ്കയുണ്ട്. പ്രസ് ബ്രീഫിങ്ങിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം പറയാത്തതാണ് ആ സാഹചര്യത്തിലേക്ക് നയിച്ചത്,’ പ്രസ്താവനയില്‍ പറയുന്നു.

നോര്‍വെ സന്ദര്‍ശനത്തിനിടെ നരേന്ദ്ര മോദി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിനെ നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയായ ഹെല്ലെ ലിങ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും പ്രധാനമന്ത്രിയുടെ മാധ്യമങ്ങളോടുള്ള നിലപാട് വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ഹെല്ലയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോര്‍ജ് പ്രെസ് ബ്രീഫിങ് നടത്തുകയും ചെയ്തു.

പ്രെസ് ബ്രീഫിങ്ങില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ചും ഇന്ത്യയില്‍ മോദി വാര്‍ത്താ സമ്മേളനം നടത്താത്തതിനെക്കുറിച്ചും ഹെല്ല ചോദ്യം ചോദിച്ചു. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കുള്ള നേരിട്ടുള്ള മറുപടി മന്ത്രാലയം സെക്രട്ടറി സിബി ജോര്‍ജ് നല്‍കിയില്ല. പകരം ഇന്ത്യ 5000 വര്‍ഷം പ്രായമുള്ള നാഗരികതയാണെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നുമെല്ലാമാണ് അദ്ദേഹം മറുപടി നല്‍കിയത്.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ എഡിറ്റേഴ്‌സ് ഗീല്‍ഡിന്റെ പ്രതികരണം വന്നിരിക്കുന്നത്. മാധ്യമങ്ങള്‍ അവരുടെ കടമ ചെയ്യുമ്പോള്‍ അവരെ ശത്രുക്കളായി കാണുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവയില്‍ ആവശ്യപ്പെട്ടു.

വിദേശ മാധ്യമപ്രവര്‍ത്തകരോട് സ്വീകരിച്ച സമീപനം ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും ഉത്തരം നല്‍കാനുള്ള കടമയെക്കുറിച്ചും ചോദ്യങ്ങളുയര്‍ത്തുന്നുവെന്നും എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു. മാധ്യമ സ്വാതന്ത്ര്യത്തില്‍ നോര്‍വെയും നെതര്‍ലാന്‍ഡ്‌സും ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമുള്ളപ്പോള്‍ 180 രാജ്യങ്ങളില്‍ 157-ാം സ്ഥാനത്താണ് ഇന്ത്യയെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ചൂണ്ടിക്കാട്ടി.

Content Highlight: Editors Guild concern about government’s stand on media