മഅദനി: '9.5+2'
Editorial
മഅദനി: '9.5+2'
ന്യൂസ് ഡെസ്‌ക്
Friday, 17th August 2012, 4:51 pm

മഅദനിയുടെ ആശയത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഞങ്ങള്‍ക്കും വിയോജിപ്പാണുള്ളത്. എന്നാല്‍ അദ്ദേഹം ഒരു ഇന്ത്യന്‍ പൗരനാണെന്നും അദ്ദേഹത്തിന് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന എല്ലാ അവകാശങ്ങളും ലഭിക്കണമെന്നും അത് സംരക്ഷിക്കേണ്ടത് ഇന്ത്യയിലെ എല്ലാ മനുഷ്യ സ്‌നേഹികളുടെയും കടമയാണെന്നും ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.


 


എഡിറ്റോ-റിയല്‍ / ജിന്‍സി ബാലകൃഷ്ണന്‍


ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അബ്ദുല്‍ നാസര്‍ മഅദനി അറസ്റ്റിലായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുകയാണ്. അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കാനോ നിയമപരമായ വിചാരണയ്ക്ക് പൂര്‍ത്തിയാക്കാനോ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആരോപണ വിധേയന്‍ മാത്രമായി രണ്ട് വര്‍ഷമായി തടവില്‍ കഴിയുന്ന അദ്ദേഹത്തിന് ജാമ്യം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.[]

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പത് വര്‍ഷം വിചാരണ തടവുകാരനായി കഴിഞ്ഞ് ഒടുവില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടയാളാണ് അദ്ദേഹം. ഒരുദിവസത്തെ തടവ് ശിക്ഷയ്ക്കുപോലും അര്‍ഹനല്ലാത്ത, നിരപരാധിയായ അദ്ദേഹത്തിന് ശിക്ഷ വിധിക്കാതെ തന്നെ ഒമ്പത് വര്‍ഷത്തെ ശിക്ഷ നല്‍കിയപ്പോള്‍ എല്ലാ മനുഷ്യാവകാശങ്ങളും മണല്‍കൂന പോലെ പൊളിഞ്ഞ് വീഴുകയായിരുന്നു. ആയിരം കുറ്റക്കാര്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന നിയമശാസ്ത്രത്തിന്റെ അടിസ്ഥാനതത്വം പോലും അവഹേളിക്കപ്പെടുകയായിരുന്നു.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മഅദനിയെ തടവിലാക്കാനും തീവ്രവാദിയാക്കി ആജീവനാന്തം തുറങ്കിലടക്കാനുമുള്ള ശ്രമങ്ങളാണ് ഭരണകൂടം തുടക്കം മുതലേ പിന്തുടര്‍ന്നിരുന്നത്. അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതുതന്നെ ഇതിന്റെ പ്രഥമ തെളിവാണ്. നാടകീയമായ രംഗങ്ങളായിരുന്നു അറസ്റ്റിന് മുമ്പ് അരങ്ങേറിയത്. ശരിക്കും ഒരു “ഭീകരാന്തരീക്ഷം” സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം.

കേസില്‍ മഅദനിക്കെതിരെ നിരവധി തെളിവുകളുണ്ടെന്നാണ് കര്‍ണാടക സര്‍ക്കാര്‍ വാദിക്കുന്നത്. ലഷ്‌കര്‍ ഭീകരന്‍ തടയന്റെവിട നസീറിന്റെ മൊഴി, കുടകിലെ തൊഴിലാളികളുടെ മൊഴി, തീവ്രവാദബന്ധം എന്നിങ്ങനെ നീളുന്നു അത്. എന്നാല്‍ ഇത്രയേറെ തെളിവുകളും സാക്ഷികളുമുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഈ രണ്ട് വര്‍ഷത്തിനിടയിലും അദ്ദേഹത്തിനെതിരെയുള്ള കുറ്റം തെളിയിക്കാന്‍ സാധിക്കാതിരുന്നത്, അതിന് ശ്രമിക്കാതിരുന്നത് എന്നാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്.

ഒരുദിവസത്തെ തടവ് ശിക്ഷയ്ക്കുപോലും അര്‍ഹനല്ലാത്ത, നിരപരാധിയായ അദ്ദേഹത്തിന് ശിക്ഷ വിധിക്കാതെ തന്നെ ഒമ്പത് വര്‍ഷത്തെ ശിക്ഷ നല്‍കിയപ്പോള്‍ എല്ലാ മനുഷ്യാവകാശങ്ങളും മണല്‍കൂന പോലെ പൊളിഞ്ഞ് വീഴുകയായിരുന്നു.

ബാംഗ്ലൂര്‍ സ്‌ഫോടനത്തിനായി കുടകിലെ ഇഞ്ചിത്തോട്ടത്തിലെ ക്യാമ്പില്‍ നടന്ന ഗൂഢാലോചനയില്‍ മഅദനി പങ്കെടുത്തെന്നാണ് അന്വേഷണ സംഘം ഉന്നയിക്കുന്ന വാദം. എന്നാല്‍ ആ കേസുമായി മഅദനിയെ നേരിട്ട് ബന്ധിപ്പിക്കുന്ന യാതൊരു സൂചനയും കണ്ടെത്താനായിട്ടില്ല. എന്നാല്‍ രസകരമായ വസ്തുത, 2007 ആഗസ്റ്റ് ഒന്നിന് കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് പുറത്തിങ്ങിയ മഅദനിക്ക് ബി കാറ്റഗറി സുരക്ഷയേര്‍പ്പെടുത്തിയിരുന്നുവെന്നതാണ്. കടുത്ത നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. രണ്ട് ഗണ്‍മാന്‍മാര്‍ എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടാവും. മഅദനി താമസിക്കുന്ന സ്ഥലത്ത് സായുധരായ അഞ്ച് പോലീസുകാരുണ്ടാവും. ഓരോ ദിവസവും പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ചും സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും തലേന്ന് തന്നെ വിവരം നല്‍കണം. ഇത് തിരുവനന്തപുരത്തെ ഐ.ബി ഹെഡ്ക്വാട്ടേഴ്‌സിലേക്ക് സന്ദേശം അയച്ചിരിക്കണം. മഅദനി സഞ്ചരിക്കുന്ന വാഹനത്തില്‍ പോലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാവണം. ഇത്രയും കനത്ത സുരക്ഷയ്ക്കിടയില്‍ മഅദനി എങ്ങനെയാണ് ആരുമറിയാതെ കുടകിലെത്തിയത്? ഗൂഢാലോചനയില്‍ പങ്കാളിയായത്? ഇത് വ്യക്തമാക്കാന്‍ എന്തുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുന്നത്?

ഭരണകൂടം തന്നെ ഇന്ത്യന്‍ ഭരണഘടനയെ മാനിക്കുന്നില്ലെങ്കില്‍, വേലിതന്നെ വിളവുതിന്നുന്നുവെങ്കില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം ഒരു ജനാധിപത്യത്തിന്റെ തന്നെ കടയ്ക്കല്‍ കത്തിവെയ്ക്കലായിരിക്കും.

മഅദനിയെ കോടതിയില്‍ ഹാജരാക്കാന്‍പോലും അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല എന്നത് ഏത് ജനാധിപത്യ വ്യവസ്ഥിതിക്കാണ് അംഗീകരിക്കാനാവുന്നത്? വീഡിയോ കോണ്‍ഫറന്‍സിങ് ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞു. എന്നാല്‍ അതില്‍ നിന്നും തന്ത്രപരമായി അന്വേഷണ സംഘം ഒഴിവായിക്കൊണ്ടേയിരുന്നു.

മഅദനിയുടെ ജാമ്യാപേക്ഷകള്‍ തുടരെ തുടരെ തള്ളിയപ്പോഴും ഇന്ത്യയിലെ പരമോന്നത നീതി പീഠമുള്‍പ്പെടെയുള്ള കോടതികള്‍ അദ്ദേഹത്തിന് ചികിത്സ നല്‍കണമെന്ന  കനിവെങ്കിലും കാട്ടിയിരുന്നു. എന്നാല്‍ കോടതിയുടെ ഈ നിര്‍ദേശം കടലാസില്‍ നിര്‍ജീവമായി അവശേഷിക്കുകയാണ്. അദ്ദേഹം അനുദിനം അന്ധനായിക്കൊണ്ടുമിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ “വാര്‍ത്ത”.

ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്തിന് ഏറെ അപമാനകരവും ജനാധിപത്യവിശ്വാസികള്‍ക്ക് നിരാശയുമുളവാക്കിക്കൊണ്ട് അദ്ദേഹത്തിനു നേരെയുള്ള മനുഷ്യാവകാശ ലംഘനം രാജ്യത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

മഅദനിയുടെ ആശയത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഞങ്ങള്‍ക്കും കടുത്ത വിയോജിപ്പാണുള്ളത്. എന്നാല്‍ അദ്ദേഹം ഒരു ഇന്ത്യന്‍ പൗരനാണെന്നും അദ്ദേഹത്തിന് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന എല്ലാ അവകാശങ്ങളും ലഭിക്കണമെന്നും അത് സംരക്ഷിക്കേണ്ടത് ഇന്ത്യയിലെ എല്ലാ മനുഷ്യ സ്‌നേഹികളുടെയും കടമയാണെന്നും ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.

മഅദനിക്ക് മാത്രമാണോ നീതി നിഷേധത്തിന്റെ വാള്‍ത്തല വീണത്? അദ്ദേഹത്തിന്റെ കുടുംബത്തിന് നേരെയും പ്രതികാരേച്ഛയോടെ പെരുമാറുകയാണ് ഭരണകൂടം. ഭരണകൂടം തന്നെ ഇന്ത്യന്‍ ഭരണഘടനയെ മാനിക്കുന്നില്ലെങ്കില്‍, വേലിതന്നെ വിളവുതിന്നുന്നുവെങ്കില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം ഒരു ജനാധിപത്യത്തിന്റെ തന്നെ കടയ്ക്കല്‍ കത്തിവെയ്ക്കലായിരിക്കും.

ഇതൊരു കെണിയാണ്. തൊപ്പിയും താടിയും വെച്ചവനെ എന്നും വേട്ടയാടാന്‍ ഉപയോഗിക്കുന്ന തീവ്രവാദമെന്ന കെണി. അത് മഅദനിക്കെതിരെ വിജയകരമായി പ്രയോഗിക്കാന്‍ ഇതൊരുക്കിയവര്‍ക്ക് സാധിച്ചു. ഇനി ഈ കേസില്‍ മഅദനി പുറത്തുവന്നാല്‍ തന്നെ ഇനിയും കുടുക്കാന്‍ കേസുകളും സ്‌ഫോടനങ്ങളും കാത്തിരിപ്പുണ്ട്. ആരും ചോദ്യം ചെയ്യുമെന്ന് ഭയക്കുകയും വേണ്ട.

വാല്‍ കഷ്ണം:

കോഴിക്കോട്ടങ്ങാടിയില്‍  വ്യാപാരം നടത്തുന്ന പീടികയിലെ മുസ്‌ലീം ജീവനക്കാര്‍ സ്വാതന്ത്യ ദിനത്തില്‍ ദേശീയ പതാക ബാഡ്ജായി കുത്തിക്കൊണ്ട് വില്‍പ്പന നടത്തുന്നു. തങ്ങള്‍ ദേശസ്‌നേഹികളാണെന്ന് തെളിയിക്കേണ്ട ബാധ്യത ഒരു സമുദായത്തിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നു.