മതപഠനം കഴിഞ്ഞ് മതിയോ പൊതുപഠനം? സമസ്തയെ വിമര്‍ശിച്ച് ദീപിക
Kerala
മതപഠനം കഴിഞ്ഞ് മതിയോ പൊതുപഠനം? സമസ്തയെ വിമര്‍ശിച്ച് ദീപിക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th July 2025, 12:32 pm

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച വിഷയത്തില്‍ സമസ്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. മാറ്റം വരുത്തിയ സ്‌കൂള്‍ സമയം സംബന്ധിച്ച് മുസ്ലിം സംഘടനയായ സമസ്തയുടെ വിയോജിപ്പ് ചര്‍ച്ച ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം ജനാധിപത്യപരമാണെന്നും സമസ്തയുടെ നിലപാടുകള്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അത് മതേതരത്വ വിരുദ്ധമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് മാറ്റരുതെന്ന് പറയുന്നവര്‍ തന്നെ പ്രവൃത്തിദിനങ്ങളിലെ പൊതുവിദ്യാഭ്യാസ സമയംപോലും മതപഠനത്തിനനുസരിച്ച് ക്രമീകരിച്ചുകൊള്ളണമെന്നും മതപഠനം കഴിഞ്ഞുമതി പൊതുപഠനം എന്ന് പറയുകയാണോയെന്നും ദീപിക ചോദിക്കുന്നു.

2025 ജൂണ്‍ 10ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവിനെതിരെ സമസ്ത മദ്രസ മതപഠനത്തിന്റെ സമയം നഷ്ടമാകുമെന്ന് ആരോപിച്ച് രംഗത്തെത്തിയെന്നും മതപഠനത്തിന് മതം നിഷ്‌കര്‍ഷിക്കുന്ന അത്രയും സമയം ഉണ്ടാക്കിക്കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വാദിക്കുകയാണ് ചെയ്യുന്നതെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.

മറ്റു മതസ്ഥര്‍ ആരാധനകള്‍ക്കും മതപഠനങ്ങള്‍ക്കും ഒഴിവുദിവസങ്ങളിലാണ് സമയം കണ്ടെത്തിയിട്ടുള്ളതെന്നും അതുപോലും സര്‍ക്കാര്‍ പലപ്പോഴും പ്രവൃത്തിദിനമാക്കിയിട്ടുണ്ട്. അതേസമയം വെള്ളിയാഴ്ചകളില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിനുവേണ്ടി അധ്യയന സമയം ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസത്തിന്റെ സമയം മദ്രസ പഠനത്തിനുവേണ്ടിയും ഒഴിവാക്കണമെന്ന സമസ്തയുടെ ആവശ്യം പോലെ സമാന ആവശ്യങ്ങള്‍ മറ്റുള്ളവരും ഉന്നയിച്ചാല്‍ കാര്യങ്ങള്‍ എവിടെയെത്തുമെന്നും ദീപിക എഡിറ്റോറിയല്‍ ചോദിക്കുന്നു.

12 ലക്ഷത്തോളം മദ്രസ വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്ന വിഷയത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമസ്ത. പക്ഷേ, അതിലേറെ വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയത്തില്‍നിന്ന് വിദ്യാഭ്യാസ മന്ത്രി പിന്മാറുമോയെന്ന് അറിയില്ലെന്നും മുഖപ്രസംഗം പറയുന്നു. തങ്ങളുടെ ആവശ്യങ്ങളില്‍ ന്യായമുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ സമസ്തയ്ക്കും സമാന സംഘടനകള്‍ക്കും കോടതിയെ സമീപിക്കാമെന്നും ജനാധിപത്യ-മതേതര സംവിധാനത്തില്‍ സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുത്തേ മതിയാകൂവെന്നും ദീപിക വ്യക്തമാക്കി.

തെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ സീസറിനുള്ളതും ദൈവത്തിന് കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ഇതൊരു മറ്റു മൗലികവാദങ്ങള്‍ക്കും കടന്നുകയറാനുള്ള പുതുവഴിയായിരിക്കുമെന്നും മുഖപത്രത്തില്‍ പറയുന്നു.

Content Highlight: Editorial Of Deepika Newspaper Criticize Samasta