ആ സിനിമ എഡിറ്റ് ചെയ്യുമ്പോള്‍ വല്ലാതെ പേടിച്ചു; ഭൂതകാലം ചെയ്യുമ്പോള്‍ പോലും ഇത്രയും ഭയപ്പെട്ടിട്ടില്ല: ഷഫീഖ് മുഹമ്മദ് അലി
Movie Day
ആ സിനിമ എഡിറ്റ് ചെയ്യുമ്പോള്‍ വല്ലാതെ പേടിച്ചു; ഭൂതകാലം ചെയ്യുമ്പോള്‍ പോലും ഇത്രയും ഭയപ്പെട്ടിട്ടില്ല: ഷഫീഖ് മുഹമ്മദ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th December 2025, 2:40 pm

 

ഒരു സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആ സിനിമയുടെ എഡിറ്റിങ്. പ്രേക്ഷകര്‍ ചിത്രത്തിലെ അഭിനേതാക്കള്‍ക്കൊപ്പം എഡിറ്റിങ് മികവുകൂടി ശ്രദ്ധിക്കുന്ന കാലമാണിത്.

അത്തരത്തില്‍ എഡിറ്റിങ് രംഗത്ത് തന്റെ മികവ് തെളിയിച്ച വ്യക്തിയാണ് ഷഫീഖ് മുഹമ്മദ് അലി. റെട്രോ (2025) , ജിഗര്‍തണ്ട ഡബിള്‍ എക്‌സ് (2023) , ജിഗര്‍തണ്ട (2014) എന്നീ ചിത്രങ്ങളിലൂടെയാണ് ഷഫീഖ് എഡിറ്റിങ് രംഗത്ത് സുപരിചിതനായത്.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭൂതകാലം, ഭ്രമയുഗം എന്നീ സിനിമകളുടെയും എഡിറ്റിങ് കൈകാര്യം ചെയ്തത് ഷഫീഖ് ആണ്. ഇന്നിതാ ഡീയസ് ഈറയുടെ വിജയ ആഹ്ലാദത്തിലാണ് ഷഫീഖ് മുഹമ്മദ് അലി.

താന്‍ എസ്ര സിനിമയില്‍ അസിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇത് വരെ ചെയ്ത പടങ്ങളില്‍ നിന്നും ഏറ്റവും പേടിച്ച സിനിമയാണ് എസ്ര എന്നും അദ്ദേഹം പറഞ്ഞു.

എസ്ര സിനിമ പോസ്റ്റര്‍ Photo: Theatrical Release Poster

ഇമോഷണലി വളരെ കണക്ട് ആയ ഒരു സിനിമയാണ് എസ്ര. ഓരോ സീന്‍ എഡിറ്റ് ചെയ്യുമ്പോളും വളരെ പേടിച്ചു ചെയ്ത സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂതകാലവും, ഭ്രമയുഗവും തന്നെ ഇത്രയും പേടിപ്പിച്ചിട്ടില്ലെന്നും ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഷഫീഖ് പറഞ്ഞു.

‘ഇമോഷണലി എന്നെ കണക്ട് ചെയ്തതും എന്നെ വളരെ പേടിപ്പിക്കുകയും ചെയ്ത ഒരു സിനിമയാണ് എസ്ര. ഞാന്‍ അതില്‍ അസിസ്റ്റ് ചെയ്തിട്ടുണ്ട്. സാധാരണ ഞാന്‍ ഫസ്റ്റ് കട്ട് ചെയ്യുമ്പോള്‍ സൗണ്ട്, മ്യൂസിക് എല്ലാം ഇട്ട് എന്റേതായ രീതിയില്‍ ഒന്ന് പൊലിപ്പിക്കാറുണ്ട്.

രാജേഷ് ശര്‍മ്മയുടെ സീന്‍ എഡിറ്റ് ചെയ്യാന്‍ ഇരിക്കുമ്പോള്‍ ഏകദേശം 10 മണി കഴിഞ്ഞിരുന്നു. ഓരോ രംഗവും അതിന്റെ മ്യൂസിക്കും എല്ലാം കൂടി കണ്ടപ്പോള്‍ എനിക്ക് പേടിയായി.

എന്നാലും എങ്ങനെയോ മൂന്നുമണിക്കുള്ളില്‍ എഡിറ്റിങ് പൂര്‍ത്തിയാക്കി. ഇനി അത് മുഴുവന്‍ ഒന്നിരുന്ന് കാണണം. അതിനുള്ള ധൈര്യം എനിക്കില്ലാത്തതുകൊണ്ട് ഞാന്‍ രാവിലെ ആറുമണിയാവാന്‍ കാത്തിരുന്നു. വെളിച്ചം വന്നിട്ട് ഇരുന്ന് കാണാം എന്ന് കരുതി,’ ഷഫീഖ് മുഹമ്മദ് അലി പറഞ്ഞു.

ഭൂതകാലം, ഭ്രമയുഗം എന്നീ സിനിമയുടെ എഡിറ്റിങ് താന്‍ ആണ് ചെയ്തതെങ്കിലും അന്നൊന്നും അത്തരത്തിലൊരു പേടി തനിക്ക് തോന്നിയില്ലെന്നും ഷഫീഖ് പറഞ്ഞു.

Content Highlight: Editor Shafique Mohamed Ali about Ezra Movie