തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ ഇ.ഡി. കസ്റ്റഡിയിലെടുത്തു
national news
തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ ഇ.ഡി. കസ്റ്റഡിയിലെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th July 2023, 9:03 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ കെ. പൊന്മുടിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. 13 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡിന് പിന്നാലെ മന്ത്രിയെ കസ്റ്റഡിയിലെടുത്ത് കാറില്‍ ഇ.ഡി. ഓഫീസിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടി യോഗം ബെംഗളൂരുവില്‍ ആരംഭിക്കാനിരിക്കെയാണ് കേന്ദ്ര ഏജന്‍സിയുടെ ഈ പുതിയ നീക്കം.

2006ല്‍ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കള്‍ക്കും അനധികൃതമായി ക്വാറി ലൈസന്‍സ് നല്‍കി ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് കെ. പൊന്മുടിക്കെതിരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇ.ഡിയുടെ നടപടി വരുന്നത്. ഈ കേസ് ജയലളിത മുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

11 വര്‍ഷം പഴക്കമുള്ള കേസിലാണ് ഇ.ഡി. ഉദ്യോഗസ്ഥരും സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരും മന്ത്രിയുടെ ചെന്നൈയിലെയും വിഴുപ്പുറത്തെയും വീടുകളിലും പൊന്മുടിക്ക് പങ്കാളിത്തമുള്ള എഞ്ചിനീയറിങ് കോളേജിലും ഇന്ന് പരിശോധന നടത്തിയത്. വിദേശത്തെ കള്ളപ്പണ നിക്ഷേപത്തില്‍ ഇ.ഡി. അന്വേഷണം നേരിടുന്ന മകനും ലോക്‌സ്ഭാ എം.പിയുമായ ഗൗതം ശിഖാമണിയുടെ വീടുകളിലും റെയ്ഡ് നടന്നു.

പ്രതിപക്ഷ യോഗത്തിനായി മുഖ്യമന്ത്രി സ്റ്റാലിന്‍ ബെംഗളൂരുവിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് തമിഴ്‌നാട് മന്ത്രിക്കെതിരെ ഇ.ഡി. പരിശോധന തുടങ്ങിയത്. രാവിലെ ഏഴ് മണി മുതലാണ് റെയ്ഡ് തുടങ്ങിയത്. പൊന്മുടിയുടെ മകന്‍ ഗൗതം ശിവമണിയുടെ വീട്ടിലും വിഴുപുറത്തെ സൂര്യ എന്‍ജിനീയറിങ് കോളേജിലും പരിശോധന നടത്തി.

 മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് ശേഷം മന്ത്രിക്ക് സമന്‍സ് നല്‍കിയത് കൂടുതല്‍ ചോദ്യം ചെയ്യാനാണെന്നാണ് ഇ.ഡിയുടെ വിശദീകരണം. അതേസമയം പൊന്മുടിയുടെ വീട്ടില്‍ നിന്ന് 70 ലക്ഷം രൂപ ഇ.ഡി. കണ്ടെടുത്തെന്നാണ് റിപ്പോര്‍ട്ട്.
ഡി.എം.കെയ്ക്കായി ഗവര്‍ണര്‍ തുടങ്ങി വെച്ച തെരഞ്ഞെടുപ്പ് പ്രചാരണം ഇ.ഡിയും ഏറ്റെടുത്തതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ എളുപ്പമായെന്നായിരുന്നു റെയ്ഡിനെ കുറിച്ച് മുഖ്യമന്ത്രി സ്റ്റാലിന്റെ പരിഹാസം.
Content Highlights: ED takes dmk minister k ponmudi in custody