ഓം ശാന്തി ഓം കാണുന്നത് ആദ്യമായി ഒരാളെ സ്റ്റാര്‍ വാര്‍സിലേക്ക് പരിചയപ്പെടുത്തുന്നത് പോലെ; തുറന്ന് പറഞ്ഞ് എഡ് ഷീരന്‍
Indian Cinema
ഓം ശാന്തി ഓം കാണുന്നത് ആദ്യമായി ഒരാളെ സ്റ്റാര്‍ വാര്‍സിലേക്ക് പരിചയപ്പെടുത്തുന്നത് പോലെ; തുറന്ന് പറഞ്ഞ് എഡ് ഷീരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th September 2025, 10:13 am

സംഗീത ലോകത്ത് വിമര്‍ശകരും ആസ്വാദകരും ഒരുപോലെ ഇഷ്ടപ്പെടുന്ന സംഗീത പ്രതിഭയാണ് എഡ് ഷീരന്‍. അദ്ദേഹത്തിന്റെ ഷെയ്പ്പ് ഓഫ് യു ഒന്നു മൂളാത്തവരായി ആരും ഉണ്ടാകില്ല. ഷാരൂഖ് ഖാന്‍, അര്‍ജിത് സിസിങ് ദില്‍ജിത് ദോസഞ്ജ് തുടങ്ങിയ ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളുമായി സഹകരിച്ചതിലൂടെ എഡ് ഷീരന്റെ ഇന്ത്യയോടുള്ള സ്‌നേഹം എല്ലാവര്‍ക്കും അറിയുന്നതാണ്.

സെയ്ന്‍ ലോവുമായി സംസാരിക്കുന്ന ഒരു വീഡിയോ എഡ് അടുത്തിടെ തന്റെ യൂട്യൂബ് ചാനലില്‍ പങ്കിട്ടിരുന്നു. ഇപ്പോള്‍ ആ യൂട്യൂബ് വീഡിയോയില്‍ എഡ് ഷീരന്‍ ഓം ശാന്തി ഓം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുന്ന ഭാഗമാണ് വൈറല്‍.

വീഡിയോയില്‍, അദ്ദേഹം തന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തെ കുറിച്ചും ഷാരൂഖ് ഖാന്റെ ഓം ശാന്തി ഓം എന്ന ചിത്രത്തോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചും സംസാരിച്ചു. ഹിന്ദി സിനിമയിലെ ക്ലാസിക്കായി കണക്കാക്കുന്ന ഓം ശാന്തി ഓമിനെ സ്റ്റാര്‍ വാര്‍സുമായി താരതമ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.

‘ഞാന്‍ ഇത് പറയുമ്പോള്‍ ചിലര്‍ നിങ്ങള്‍ ഓം ശാന്തി ഓം ശരിക്കും കണ്ടിട്ടുണ്ടോ എന്ന് ചോദിക്കാം. ഓം ശാന്തി ഓം ഒരു വലിയ ഷാരൂഖ് ഖാന്‍ സിനിമയാണ്. അതില്‍ മനോഹരമായ പാട്ടുകളും അതുപോലെ ഡാന്‍സുമുണ്ട്.

പിന്നെ ഞാന്‍ പറയാന്‍ പോകുന്നത് ഒരു വിചിത്രമായ താരതമ്യപ്പെടുത്തലായി നിങ്ങള്‍ക്ക് തോന്നാം. സ്റ്റാര്‍ വാര്‍സിനെ ആദ്യമായി ഒരാള്‍ക്ക് പരിചയപ്പെടുത്തുന്നത് പോലെയാണ് ഓം ശാന്തി ഓം എന്ന സിനിമ.  കാരണം സിനിമയിലെ പാട്ടുകളും മറ്റുമൊക്കെ പുതിയൊരു ലോകം നമ്മള്‍ക്ക് സമ്മാനിക്കും. വളരെ യുണിക്കായ ഒരു എക്‌സപീരിയന്‍സായിരിക്കും,’ എഡ് ഷീരന്‍ പറയുന്നു.

വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, തന്റെ സഫയര്‍ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനായി ഇന്ത്യയിലേക്കുള്ള യാത്രയെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിച്ചു.

Content highlight:  Ed Sheeran  says watching Om Shanti Om is like introducing someone to Star Wars for the first time