തമിഴിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ കഴിഞ്ഞദിവസം പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചാവിഷയം. തന്റെ അടുത്ത ആല്‍ബത്തെക്കുറിച്ചുള്ള അപ്‌ഡേറ്റാണ് സിനിമാപ്രേമികളെ ഞെട്ടിച്ചത്. പാന്‍ ഇന്ത്യ വിട്ട് പാന്‍ വേള്‍ഡാകാനുള്ള പുറപ്പാടിലാണ് സംഗീതാസ്വാദകരുടെ സ്വന്തം സന്തോഷ് നാരായണന്‍.
അടുത്ത ആല്‍ബത്തില്‍ എഡ് ഷീരന്‍ സന്തോഷ് നാരായണനൊപ്പം ചേരുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഒപ്പം മലയാളി റാപ്പര്‍ ഹനുമാന്‍കൈന്‍ഡും ഗായിക ധീയും ഈയൊരു പ്രൊജക്ടിനായി ഒന്നിക്കുന്നുണ്ടെന്ന് അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. ഈയടുത്ത് വന്നതില്‍ ഏറ്റവും ഞെട്ടിച്ച വാര്‍ത്തകളിലൊന്നായാണ് ഈ അപ്‌ഡേറ്റിനെ പലരും കണക്കാക്കുന്നത്.
മുമ്പ് സര്‍പ്പാട്ട പരമ്പര എന്ന ചിത്രത്തിലെ ഗാനത്തിനായി കനേഡിയന്‍ ഗായകന്‍ ഷോണ്‍ വിന്‍സെന്റ് ഡി പോള്‍ വന്നത് വലിയ വാര്‍ത്തയായിരുന്നു ധീ ആലപിച്ച ‘നീയേ ഒളി’ എന്ന ഗാനത്തിലെ റാപ്പ് പോര്‍ഷന്‍സ് ആലപിച്ചത് ഷോണായിരുന്നു. റെട്രോയിലും ഈ കോമ്പോ ഒന്നിച്ചിട്ടുണ്ട്. ഇപ്പോള്‍ സാക്ഷാല്‍ എഡ് ഷീരനെ തമിഴിലേക്കെത്തിച്ചിരിക്കുകയാണ് സന്തോഷ് നാരായണന്‍.
ചുരുങ്ങിയ കാലം കൊണ്ട് ഗ്ലോബല്‍ റീച്ച് നേടിയ ഹനുമാന്‍കൈന്‍ഡും എഡ് ഷീരനും തമ്മിലുള്ള സംഗീതയുദ്ധമാകും ഇതെന്നാണ് കണക്കുകൂട്ടല്‍. ഒപ്പം ധീയും കൂടി ചേരുമ്പോള്‍ രംഗം കൊഴുക്കുമെന്ന് പലരും അഭിപ്രായപ്പെടുന്നു. സിനിമക്ക് വേണ്ടിയുള്ള ഗാനമാണോ അതോ ഇന്‍ഡി മ്യൂസിക്കാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
അട്ടക്കത്തി എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് നാരായണന്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടാന്‍ സന്തോഷ് നാരായണന് സാധിച്ചു. തമിഴ്‌നാടിന്റെ സ്വന്തം വാദ്യോപകരണമായ ‘പറൈ’ കൊണ്ടുള്ള നാടന്‍ ഗാനങ്ങളും ഇംഗ്ലീഷ് റാപ്പുകളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ ഇദ്ദേഹത്തിന് പ്രത്യേക കഴിവാണ്.
തമിഴിന് പുറമെ തെലുങ്കിലും മലയാളത്തിലും തന്റെ സാന്നിധ്യമറിയിക്കാന്‍ സന്തോഷ് നാരായണന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ കല്‍ക്കിയിലെ സംഗീതത്തിലൂടെ തനിക്ക് ഏത് ഴോണറും സാധ്യമാണെന്ന് അദ്ദേഹം തെളിയിച്ചു. പുതിയ ഗാനം സംഗീതലോകത്ത് സെന്‍സേഷനായി മാറുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Ed Sheeran Hanumankind and Dhee joining with Santhosh Narayanan for a music album