കോഴിക്കോട്: പിണറായി വിജയന്റെ മകള്‍ക്കെതിരെ റെയ്ഡ് നടത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സി.പി.ഐ.എം നേതൃത്വം നാടിന് അപമാനമെന്ന് ആര്‍.എം.പി.ഐ. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ജാള്യത മറച്ചുവെച്ച് കേരളത്തില്‍ വ്യാപകമായ ആക്രമണങ്ങള്‍ സംഘടിപ്പിക്കാനുള്ള ആഹ്വാനമാണ് സി.പി.ഐ.എം നേതാക്കളുടേതെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു ആരോപിച്ചു.
ഈ വിഷയത്തില്‍ എന്‍.വേണുവിന്റെ പ്രസ്താവന ആര്‍.എം.പി.ഐ എം.എല്‍.എ കെ.കെ രമ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. ‘അഴിമതിപ്പണം പറ്റിയ പിണറായി വിജയന്റെ മകള്‍ക്കെതിരെ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സി.പി.ഐ.എം നേതൃത്വം നാടിന് അപമാനമാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു,’ എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇ.ഡി ഉദ്യോഗസ്ഥരെ സംരക്ഷിക്കാതെ പൊലീസ് സി.പി.ഐ.എം നേതാക്കളുടെ ഇച്ഛാനുസരണം നോക്കുകുത്തികളായത് ശരിയായ നടപടിയല്ലെന്നും എന്‍. വേണു അഭിപ്രായപ്പെട്ടു.
‘കരിമണല്‍ കര്‍ത്തയില്‍ നിന്നും മാസപ്പടി വാങ്ങിയ പിണറായി വിജയന്റെ മകള്‍ക്കെതിരെയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തെളിവ് ശേഖരിക്കാന്‍ എത്തിയത്. അതിനെ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും അണിനിരത്തി പ്രതിരോധിക്കുന്നത് അപഹാസ്യമാണ്,’എന്നും എന്‍. വേണു അഭിപ്രായപ്പെട്ടു.
നീതിവ്യവസ്ഥയെയും ജനാധിപത്യ വ്യവസ്ഥയെയും വെല്ലുവിളിക്കലുമാണ് സി.പി.ഐ.എം നടപടിയെന്നും എന്‍. വേണു പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഇ.ഡി നടപടി വന്നപ്പോള്‍ ഇല്ലാത്ത ഈ കോലാഹലം എന്തിനാണെന്ന് നാടിനറിയാമെന്നും ആര്‍.എം.പി.ഐ നേതാവ് അഭിപ്രായപ്പെട്ടു.
‘എക്‌സാലോജിക് എന്ന ഷെല്‍ കമ്പനിയുണ്ടാക്കി കോടികള്‍ മാസപ്പടിയിലൂടെയും അല്ലാത്ത മാര്‍ഗത്തിലൂടെയും വീണാ വിജയന്‍ കൈക്കലാക്കിയ കാര്യം തെളിവുകളോടെയാണ് പിടിക്കപ്പെട്ടത്. ഇതൊന്നും യു.ഡി.എഫ് അധികാരത്തില്‍ എത്തിയപ്പോള്‍ നടത്തിയ അഴിമതിയല്ല. പിണറായി വിജയന്റെ കാലത്താണ് മകള്‍ വീണ കോടികള്‍ കൈപ്പറ്റിയത്,’ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മകള്‍ അഴിമതി നടത്തുമ്പോള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം എന്തിനാണ് അതിന് സംരക്ഷണ കവചം ഒരുക്കുന്നതെന്ന് സി.പി.ഐ.എം നേതാക്കള്‍ വ്യക്തമാക്കണമെന്ന് ആര്‍.എം.പി.ഐ ആവശ്യപ്പെട്ടു. ബിനീഷ് കോടിയേരിക്കില്ലാത്ത എന്ത് പ്രിവിലേജാണ് വീണാ വിജയന് സി.പി.ഐ.എം വകവെച്ചു നല്‍കുന്നത് എന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും എന്‍.വേണു പറഞ്ഞു.
അടിമുടി തകരുന്ന പ്രസ്ഥാനത്തെ രക്ഷിക്കാന്‍ ഇ.ഡിയെ മറയാക്കി നടത്തുന്ന പ്രതിഷേധം മനസിലാക്കാന്‍ കേരളത്തിന്റെ വിവേക മനസിന് കഴിയുമെന്ന കാര്യം സി.പി.ഐ.എം നേതാക്കള്‍ മനസിലാക്കണമെന്നും എന്‍ വേണു പറഞ്ഞു.
സി.എം.ആര്‍.എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകള്‍ അടക്കമുള്ളയിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു.
ഇ.ഡിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സി.പി.ഐ.എം പ്രവര്‍ത്തകര്‍ പിണറായിയുടെ വീടിന് മുന്നിലെത്തിയിരുന്നു. റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായി സി.പി.ഐ.എം പ്രതിഷേധിച്ചിരുന്നു.
Content Highlight: ED Raid at Pinarayi Vijayan’s House: RMPI Response Shared by KK Rema MLA