ന്യൂദല്‍ഹി: നിരോധിത ബെറ്റിങ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉള്‍പ്പെടെ നിയമക്കുരുക്ക്. മുന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, യുവ്‌രാജ് സിങ്, സുരേഷ് റെയ്ന, നടി ഉര്‍വശി റൗട്ടേല, നടന്‍ സോനു സൂദ് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതായി വിവരം.
27,000 കോടിയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് ഇ.ഡി പറയുന്നത്. 160 കോടിയിലധികം ആളുകളാണ് ഈ ബെറ്റിങ് ആപ്പുകളില്‍ ഇടപാടുകള്‍ നടത്തുന്നത്. അതില്‍ തന്നെ 22 കോടി ഇന്ത്യക്കാര്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുകയും 11 കോടി ആളുകള്‍ നിരന്തരമായും ഉപയോഗിക്കുന്നുവെന്നുമാണ് ഇ.ഡിയുടെ ഭാഗം.
ഈ പശ്ചാത്തലത്തിലാണ് പരസ്യത്തില്‍ അഭിനയിച്ച ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചത്. താരങ്ങള്‍ അഭിനയിച്ച പരസ്യങ്ങളിലൂടെ നിരോധിത ബെറ്റിങ് ആപ്പുകള്‍ക്ക് വലിയ ജനപ്രീതിയാണ് ഉണ്ടായെന്നും ഇ.ഡി പറഞ്ഞു.
ഇത് രാജ്യത്തെ യുവാക്കളില്‍ വലിയ രീതിയില്‍ സ്വാധീനമുണ്ടാക്കിയെന്നും ഏതാനും യുവാക്കളുടെ മരണത്തിന് പോലും ബെറ്റിങ് ആപ്പുകള്‍ കാരണമായിട്ടുണ്ടെന്നും ഇ.ഡി കണ്ടെത്തി. കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ ചോദ്യം ചെയ്യുന്ന താരങ്ങള്‍ക്കെതിരെ ഇ.ഡി കേസെടുത്തിട്ടില്ല. പ്രാഥമിക നടപടിയെന്നോണം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്യുന്നത്.
1xBet പോലുള്ള നിരോധിത പ്ലാറ്റ്ഫോമുകളുടെ പരസ്യത്തില്‍ അഭിനയിച്ച താരങ്ങളാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. ക്യൂ.ആര്‍ കോഡുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരസ്യങ്ങള്‍ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.
ഗെയിമുകള്‍ ഹോസ്റ്റ് ചെയ്യുമെന്ന് അവകാശപ്പെട്ട് ആരംഭിച്ച ബെറ്റിങ് അപ്പുകളില്‍ ഇന്ത്യന്‍ നിയമമനുസരിച്ച് നിരോധിക്കപ്പെട്ട ചൂതാട്ടം ഉള്‍പ്പെടെയാണ് നടക്കുന്നതെന്നും ഇ.ഡി പറയുന്നു.
ഈ അപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ടി) ആക്ട്, ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ എന്നിവ ലംഘിച്ചിരിക്കാമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് വൃത്തങ്ങള്‍ പറഞ്ഞു.
ഏതാനും മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നും ഇ.ഡി അറിയിച്ചു. അതേസമയം ചോദ്യം ചെയ്യല്‍ സംബന്ധിച്ച് താരങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: ED questions former Indian cricketers and actors for appearing in advertisements for banned betting apps