കൈക്കൂലി വാങ്ങുന്നതിനിടെ ഒഡീഷയില്‍ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പിടിയില്‍
national news
കൈക്കൂലി വാങ്ങുന്നതിനിടെ ഒഡീഷയില്‍ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th May 2025, 7:56 pm

ഭുവനേശ്വര്‍: കൈക്കൂലി വാങ്ങുന്നതിനിടെ ഒഡീഷയില്‍ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പിടിയില്‍. ചിന്തന്‍ രഘുവംശി എന്ന ഉദ്യോഗ്യസ്ഥനെയാണ് സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി ഇ.ഡി ഉദ്യോഗസ്ഥന്‍ ഭുവനേശ്വര്‍ ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന ഒരു വ്യവസായിയില്‍ നിന്ന് അഞ്ച് കോടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് രണ്ട് കോടി മതിയെന്ന് ഉദ്യോഗ്യസ്ഥന്‍ വ്യവസായിയോട് പറഞ്ഞു.

ഇയാള്‍ മുമ്പും കൈക്കൂലി വാങ്ങിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഇ.ഡി അറിയിച്ചു. 2013 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനാണ് പിടിയിലായ ചിന്തന്‍ രഘുവംശി.

രാധികാന്ത റൗട്ട് എന്ന ഖനി വ്യവസായിയുടെ പരാതിയിലാണ് ഇ.ഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. 2024ലാണ് ഭുവനേശ്വറിലെ ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് റൗട്ടിന് സമന്‍സ് ലഭിക്കുന്നത്. അപ്പോഴാണ് തനിക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസുണ്ടെന്ന് അദ്ദേഹം അറിയുന്നത്. ഇത് പ്രകാരം 2025 ജനുവരി എട്ടിന് അദ്ദേഹത്തിന്റെ ഓഫീസില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ വീണ്ടും ഇ.ഡി ഓഫീസിലേക്ക് വിളിപ്പിച്ചു. അന്നേ ദിവസം രഘുവംശി വ്യവസായിയെ തന്റെ ചേംബറിലേക്ക് വിളിപ്പിച്ച് കേസില്‍ ഇളവ് വേണമെങ്കില്‍ പേര്‍സണലായി ബന്ധപ്പെടാന്‍ പറയുകയായിരുന്നു,

പീന്നീട് ഇ.ഡി ഉദ്യോഗസ്ഥനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അഞ്ച് കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ വ്യവസായിയുടെ അഭ്യര്‍ത്ഥനപ്രകാരം അത് രണ്ട് കോടിയായി കുറയ്ക്കാന്‍ ഇ.ഡി ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. ഇതിന്റെ ആദ്യ ഗഡുവായി 50 ലക്ഷം രൂപ നല്‍കണമെന്നും ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു ഇ.ഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കൈക്കൂലി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇ.സി.ഐ.ആര്‍ (എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്തിരുന്നു. ദല്‍ഹി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് ഈ കേസ് അന്വേഷിക്കുന്നത്. കശുവണ്ടി വ്യവസായിയായ അനീഷ് കുമാറില്‍ നിന്ന് ഇടനിലക്കാരന്‍ വഴി കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് ഇ.ഡി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍ വിജിലന്‍സ് പിടിയിലാവുന്നത്‌.

കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടത്തിയെന്ന് പറഞ്ഞാണ് വ്യവസായിയായ അനീഷ് കുമാറിന് ഇ.ഡി ഓഫീസറുടെ പേരില്‍ കോള്‍ ലഭിക്കുന്നത്. അതിന് ശേഷം ഇടനിലക്കാര്‍ ഇദ്ദേഹത്തെ സമീപിച്ച് രണ്ട് കോടി നല്‍കിയാല്‍ കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ഇ.ഡി ഓഫീസില്‍ നിന്ന് സമന്‍സും ലഭിച്ചു.

അനീഷിന്റൈ കൈയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിക്കുന്നതിനിടെയാണ് ഇടനിലക്കാരായ വില്‍സന്‍ വര്‍ഗീസ്, മുരളി മുകേഷ് എന്നിവര്‍ വിജിലന്‍സ് പിടിയിലാവുന്നത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ പങ്കിലേക്ക് എത്തുന്നത്. ഇദ്ദേഹമാണ് കേസിലെ ഒന്നാം പ്രതി.

Content Highlight: ED officer arrested in Odisha for bribery case