ദല്‍ഹിയില്‍ ഇ.ഡി മൂര്‍ദാബാദ്, കേരളത്തില്‍ ഇ.ഡി സിന്ദാബാദ്: കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് മുഹമ്മദ് റിയാസ്
Kerala News
ദല്‍ഹിയില്‍ ഇ.ഡി മൂര്‍ദാബാദ്, കേരളത്തില്‍ ഇ.ഡി സിന്ദാബാദ്: കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th June 2022, 4:29 pm

മലപ്പുറം: കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദല്‍ഹിയില്‍ പോയി ഇ.ഡി ഗോബാക്ക് വിളിക്കുകയും കേരളത്തില്‍ വന്ന് ഇ.ഡി സിന്ദാബാദെന്നും മുദ്രാവാക്യം വിളിക്കുന്ന കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് റിയാസിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഭരണം നഷ്ടപ്പെടുമ്പോള്‍ യു.ഡി.എഫിന്‌ സ്വാഭാവികമായും സങ്കടവും പ്രയാസവും ഉണ്ടാകുമെന്നും ഭരണത്തെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്ന സംവിധാനത്തെ സംബന്ധിച്ചിടത്തോളം ഉറക്കം നഷ്ടപ്പെടുമെന്നും മുഹമ്മദ് റിയാസ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ട. അടിക്കാന്‍ സമ്മതിക്കുന്ന ആളല്ല മുഖ്യമന്ത്രി. എല്‍.ഡി.എഫ് അങ്ങനെ സമ്മതിക്കുന്ന ഒരു മുന്നണിയുമല്ല എന്ന് സമരക്കാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പി ജെബി മേത്തറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുതിര്‍ന്ന നേതാക്കളെയടക്കം പ്രതിഷേധിച്ചവരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്.

രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദല്‍ഹി പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇതിനെ വക വെക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറുകയായിരുന്നു.

പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞതോടെ പൊലീസും നേതാക്കളുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ജെബി മേത്തറെ പൊലീസ് വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്.

Content Highlights: ED Murdabad in Delhi, ED Zindabad in Kerala: Mohammad Riyaz urges Congress to clarify stance