ഇ.ഡിയും സി.ബി.ഐയും പ്രവർത്തിക്കുന്നത് പ്രധാനമന്ത്രിയുടെ ഗുണ്ടകളെ പോലെ: ആതിഷി
national news
ഇ.ഡിയും സി.ബി.ഐയും പ്രവർത്തിക്കുന്നത് പ്രധാനമന്ത്രിയുടെ ഗുണ്ടകളെ പോലെ: ആതിഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th March 2024, 8:29 am

ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജയിലിലാക്കാനുള്ള മോദിയുടെ പദ്ധതിയുടെ ഭാഗമായാണ് മദ്യനയ കേസിലും ദൽഹി ജല ബോർഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിലും അദ്ദേഹത്തിന് ഇ.ഡി സമൻസുകൾ അയക്കുന്നതെന്ന് ദൽഹി മന്ത്രി ആതിഷി.

ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും ഗുണ്ടകളാണ് ഇ.ഡിയും സി.ബി.ഐയുമെന്ന് വാർത്താ സമ്മേളനത്തിൽ ആതിഷി പറഞ്ഞു.

‘മദ്യനയ കേസിൽ അയക്കുന്ന സമൻസുകളോട് കെജ്‌രിവാൾ സഹകരിക്കുന്നില്ലെന്ന ഇ.ഡിയുടെ പരാതിയെ തുടർന്ന് ഇന്നലെ മുഖ്യമന്ത്രി കെജ്‌രിവാൾ കോടതിയിൽ നേരിട്ട് ഹാജരാകുകയും കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

ഇനി കോടതി നടപടികൾ പ്രകാരം, ഇ.ഡിയുടെ ആരോപണങ്ങൾ ശരിയോ തെറ്റോ എന്നതിൽ അന്വേഷണം നടക്കും. എന്നാൽ ഇ.ഡിക്ക് തൃപ്തിയായിട്ടില്ല അവർ ഇന്നും രണ്ട് പുതിയ സമൻസുകൾ കൂടി മുഖ്യമന്ത്രിക്ക് അയച്ചു,’ ആതിഷി പറഞ്ഞു.

മദ്യനയ കേസിൽ ചോദ്യം ചെയ്യലിനായി കെജ്‌രിവാൾ ഹാജരാകുന്നില്ലെന്ന് കാണിച്ച് ഇ.ഡി നൽകിയ ഹരജിയിൽ കെജ്‌രിവാളിന് ദൽഹിയിലെ റോസ് അവന്യൂ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു.

സമൻസുകളിലൂടെ ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രചരണം നടത്തുന്നതിൽ നിന്ന് കെജ്‌രിവാളിനെ തടയാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ആതിഷി ആരോപിച്ചു.

‘മോദി ജിയും ബി.ജെ.പിയും കോടതിയെയും ജുഡീഷ്യൽ പ്രക്രിയയെയും നീതിയെയും വിലകൽപ്പിക്കുന്നവരല്ല. അവർ തെരഞ്ഞെടുപ്പും പ്രതിപക്ഷം അതിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുന്നതുമാണ് പ്രധാനം.

എന്ത് തരം ഗുണ്ടായിസമാണിത്? ഇന്ന് ഇ.ഡിയും സി.ബി.ഐയും മോദി ജിയുടെ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നത്.

ഇപ്പോൾ ഇലക്ടറൽ ബോണ്ടുകൾ പുറത്തുവന്നതോടെ, മോദിയുടെ ഗുണ്ടകൾ ഇ.ഡി, സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവ വഴി പണം തട്ടുന്ന റാക്കറ്റ് നടത്തുകയായിരുന്നു എന്ന് വ്യക്തമായി.

ആദ്യം കമ്പനികളെ അവർ വിളിപ്പിക്കും. പിന്നീട് ഓരോ ആഴ്‌ചയും ഗുണ്ടാ പിരിവ് നടത്തുന്നതിന് സമാനമായി ഇലക്ടറൽ ബോണ്ടുകളിലൂടെ ഈ കമ്പനികളോട് പണം ആവശ്യപ്പെട്ടു,’ ആതിഷി പറഞ്ഞു.

Content Highlight: ED, CBI acts like goons of PM says Atishi