സംഘകാല കണക്കു പുസ്തകത്തിന്റെ ചരടുകള്‍ അഴിയുന്നു
Economic Crisis
സംഘകാല കണക്കു പുസ്തകത്തിന്റെ ചരടുകള്‍ അഴിയുന്നു
കെ. സഹദേവന്‍
Saturday, 24th August 2019, 6:19 pm

ഇന്നലെ (ആഗസ്ത് 24) കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളും സമാശ്വാസ നടപടികളും ജൂലൈ മാസത്തിലെ ബജറ്റവതരണത്തില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് കടകവിരുദ്ധമായ ഒന്നായിരുന്നു. 2019 ഫെബ്രുവരി മാസത്തില്‍ ധനമന്ത്രിയായിരുന്ന പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ നിന്ന് ഒട്ടും വ്യത്യസ്തമായ ഒന്നായിരുന്നില്ല ജൂലൈയില്‍ നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. ആകെയുണ്ടായിരുന്ന വ്യത്യാസം പിങ്ക് ബ്രീഫ് കേസില്‍ നിന്നും ചുവന്ന പട്ടില്‍പൊതിഞ്ഞ ‘ബൊഹി ഖാത്ത’യിലേക്കുള്ള വ്യതിയാനമായിരുന്നു.

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ കുഴമറിച്ചിലിലേക്ക് നീങ്ങുകയാണെന്ന വാര്‍ത്തകള്‍ നാല് ഭാഗത്തുനിന്നും ഉയരാന്‍ തുടങ്ങി. വ്യവസായ മേഖല വന്‍തോതിലുള്ള തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്ന വസ്തുതയെ ഇനിയും മറച്ചുപിടിക്കാന്‍ സാധിക്കുകയില്ലെന്ന അവസ്ഥ വന്നു. ഇന്ത്യയുടെ ഉപഭോക്തൃ വിശ്വസ്തതാ സൂചിക (Consumer Confidence Index) താഴ്ന്ന നിലയിലേക്ക് കുതിക്കുകയാണെന്നും അടിവസ്ത്രം തൊട്ട് 5 രൂപയുടെ ബിസ്‌കറ്റ് വാങ്ങുന്നതില്‍ പോലും ജനങ്ങള്‍ മൂന്ന് വട്ടം ആലോചിക്കുകയാണെന്നുമുള്ള അവസ്ഥ സംജാതമാകുകയും ചെയ്തു.

വാഹന നിര്‍മ്മാണ മേഖലയിലടക്കം ലേ ഓഫുകള്‍ വര്‍ദ്ധിക്കുകയാണ്. ഇന്ത്യയുടെ തൊഴില്‍ മേഖല ഏറ്റവും വലിയ തകര്‍ച്ചയെ നേരിടുകയാണെന്ന ഭയാനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. രൂപയുടെ മൂല്യം സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യന്‍ രൂപ ഡോളറിന് 71.80യായി കുറഞ്ഞിരിക്കുകയാണ്.

പലിശ നിരക്ക് കുറയ്ക്കുന്നതുപോലുള്ള നടപടികള്‍ കൊണ്ട് സമ്പദ് മേഖലയെ രക്ഷപ്പെടുത്തിയെടുക്കാന്‍ സാധ്യമല്ലെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ഘോഷ് പ്രസ്താവിക്കുകയുണ്ടായി. കഴിഞ്ഞ 70 വര്‍ഷക്കാലയളവില്‍ സംഭവിച്ച ഏറ്റവും വലിയ പണ ഞെരുക്കമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്ന് പറയുന്നത് മറ്റാരുമല്ല മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ് തന്നെയാണ്.

ഇന്ത്യയിലെ വ്യാവസായിക പ്രമുഖന്മാര്‍ തന്നെ പരാതികളുടെ കെട്ടഴിക്കാന്‍ തുടങ്ങിയതോടെ എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന അവസ്ഥയിലേക്ക് മോദി സര്‍ക്കാര്‍ എത്തിയിരിക്കുകയാണ്. സംഘകാല കണക്കുപുസ്തകത്തില്‍ എഴുതിച്ചേര്‍ത്തതൊക്കെയും ഒന്ന് പുതുക്കിപ്പണിയാന്‍ നിര്‍മ്മലാ സീതാരാമന്‍ തയ്യാറായി.

ധനമന്ത്രി ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ നിരവധി പാക്കേജുകള്‍ പ്രഖ്യാപിക്കുകയുണ്ടായി. അതിലൊന്ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് 70,000 കോടി രൂപ നല്‍കും എന്നുള്ളതാണ്. ഈയവസരത്തില്‍ 2017ല്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി മൂലധന പുനര്‍വിന്യാസ (Recapitalisation) ത്തിന്റെ പേരില്‍ 2.11ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കിയതിനെക്കുറിച്ച് ആലോചിക്കുന്നത് നന്നായിരിക്കും. നിഷ്‌ക്രിയാസ്തി പ്രതിസന്ധിയില്‍ പെട്ടുഴലുന്ന ബാങ്കുകളെ കൈപിടിച്ചുയര്‍ത്തുന്നതിന് ബജറ്റ് വകയിരുത്തല്‍ വഴി 76000കോടി രൂപയും ബോണ്ടുകള്‍ വഴി 1.35ലക്ഷം കോടി രൂപയും ആയിരുന്നു ജെയ്റ്റ്ലി നല്‍കിയിരുന്നത്. ഇത്രയും ഭീമമായ തുക രണ്ട് വര്‍ഷം മുന്നെ ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടും ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കപ്പെടുകയോ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയോ ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവാണ് ഇന്ന് നാം എത്തിപ്പെട്ടിരിക്കുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി.

മൂലധനപുനര്‍വിന്യാസത്തിന്റെ പേരില്‍ വീണ്ടും 70,000 കോടി പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ നേരത്തെ നടത്തിയ നിക്ഷേപം എന്തുമാറ്റമാണ് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് ജനങ്ങളോട് പറയാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ്.
ചെറുകിട ഇടത്തരം സംരംഭ മേഖല (Mini Small Medium EnterprisseMSME)യിലും ചെറുകിട വായ്പക്കാര്‍ക്കും (Retail Borrowers) എളുപ്പത്തില്‍ കടം ലഭ്യമാക്കുന്നതിനാണ് പൊതുമേഖലാ ബാങ്കുകളില്‍ മൂലധന നിക്ഷേപം നടത്തുന്നുവെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത്രയും ഭീമമായ തുക നിക്ഷേപിക്കപ്പെട്ടിട്ടും മേല്‍പ്പറഞ്ഞ രണ്ട് മേഖലകളിലും ഒരു തരത്തിലുള്ള ഉത്സാഹവും പ്രകടമായിട്ടില്ല എന്നത് പൊതുമേഖലാ ബാങ്കുകളില്‍ എത്തിപ്പെടുന്ന തുക മറ്റ് മേഖലകളിലേക്ക് വഴിതിരിച്ചുവിടുകയാണെന്ന് പറയേണ്ടതുണ്ട്.

 

 

വാഹന നിര്‍മ്മാണ മേഖല വന്‍തോതിലുള്ള പ്രതിസന്ധിയെ നേരിടുകയാണെന്നും മാരുതി, ടാറ്റ, മഹീന്ദ്ര തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ ആയിരക്കണക്കായ തങ്ങളുടെ തൊഴിലാളികളെ പിരിച്ചുവിടുകയാണെന്നും ഉള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. വാഹന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഗവണ്‍മെന്റ് കണ്ടുപിടിച്ച ഉപാധി രസകരമാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ പഴയവ മാറ്റി പുതുതായി വാങ്ങിക്കുമെന്നാണ് പുതിയ പ്രഖ്യാപനം. രാജ്യത്തിന്റെ പൊതുപണം മേല്‍പ്പറഞ്ഞ കമ്പനികള്‍ക്ക് നല്‍കുക എന്നതാണ് ഇതിന്റെ പ്രത്യക്ഷഫലം. അതായത്, ആയിരക്കണക്കിന് കോടി രൂപയുടെ വാങ്ങല്‍ പരിപാടികളിലൂടെ വീണ്ടും വന്‍കിട കമ്പനികള്‍ക്ക് ആശ്വാസം നല്‍കുക എന്നതാണ്. ഈയൊരു നടപടിയിലൂടെ ചെയ്യാന്‍ പോകുന്നത്. 2030 ആകുമ്പോഴേക്കും ഡീസല്‍-പെട്രോള്‍ കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാകും എന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുമ്പ് പ്രസ്താവിച്ചിരുന്നു. എന്നാല്‍ പുതിയ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അത്തരമൊരു തീരുമാനം നീക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഒരു കണക്കില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടത്തിയ പല പ്രഖ്യാപനങ്ങളും ഫലത്തില്‍ പിന്‍വലിക്കപ്പെടുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോര്‍പ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വം (Corporate Social Responsibility  (CSR) ലംഘിക്കുന്ന കമ്പനികളെ ക്രിമിനല്‍ നിയമം ഉപയോഗിച്ച് നേരിടുമെന്ന മുന്‍ പ്രഖ്യാപനത്തിലും ഇളവ് വരുത്താന്‍ തീരുമാനിച്ചിരിക്കുന്നു. പകരം സിവില്‍ നിയമലംഘനം എന്ന നിലയിലായിരിക്കും അതിനെ സര്‍ക്കാര്‍ നേരിടുക. രാജ്യത്ത് ‘സമ്പത്ത് ഉത്പാദിപ്പിക്കുന്ന’ ആളുകളെ ബഹുമാനിക്കുക എന്നതാണ് തങ്ങളുടെ നയമെന്ന മോദിയുടെ പ്രസ്താവനയ്ക്ക് ഉപോല്‍ബലകമാകുന്ന നടപടികളാണിതെന്നാണ് ധനമന്ത്രി ഇതേക്കുറിച്ചുള്ള പറഞ്ഞത്.

400 കോടിക്ക് മേല്‍ ആദായമുള്ള കമ്പനികളുടെ നികുതിഭാരം 25% ആയി കുറയ്ക്കാന്‍ തീരുമാനിച്ചുവെന്ന് ഒരാഴ്ച മുമ്പെതന്നെ ധനമന്ത്രി പ്രസ്താവിക്കുകയുണ്ടായി. അതിസമ്പന്നര്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക നികുതിയില്‍ (surcharge)നിന്ന് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ ഒഴിവാക്കുമെന്നും അവര്‍ പറയുന്നുണ്ട്. കേവലമൊരു സര്‍ക്കുലര്‍ വഴി അത്തരം നടപടികള്‍ സാധ്യമല്ലെന്നിരിക്കിലും സര്‍ക്കാര്‍ നടത്തിയിരിക്കുന്ന എല്ലാ പ്രഖ്യാപനങ്ങളും വന്‍കിട പ്രീതി പിടിച്ചുപറ്റുന്നവ മാത്രമാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.

രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത് ഉത്പാദകരായ കര്‍ഷകരെയോ, ഗ്രാമീണ വ്യവസായ മേഖലയെയോ ചെറുകിട-ഇടത്തരം വ്യവസായ മേഖലയെ ഉദ്ധരിക്കുന്ന ഒരു നടപടിയും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്.

അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് സ്വപ്നം കാണാനാണ് മോദി ഇന്ത്യന്‍ ജനതയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് രൂപയുടെ ബിസ്‌കറ്റ് വാങ്ങിക്കാന്‍ പോലും മൂന്ന് വട്ടം ആലോചിക്കേണ്ടി വരുന്ന ഇന്ത്യക്കാരോട്!

വോള്‍ട്ടയറുടെ പ്രഖ്യാതമായ CANDIDE എന്ന ആക്ഷേപഹാസ്യ നോവലിലെ കഥാപാത്രമാണ് ഡോ.പാന്‍ഗ്ലോസ്സ്. കാന്‍ഡിഡിന്റെ ആചാര്യനും തത്വചിന്തകനും ആയ പാന്‍ഗ്ലോസ്സ് എന്തിലും ശുഭാപ്തിവിശ്വാസം കണ്ടെത്തുന്ന വ്യക്തിയാണ്. ഒരു കാരണമില്ലാതെ ഒന്നും സംഭവിക്കില്ലെന്നും അത് പ്രപഞ്ചത്തിലെ എല്ലാ സാധ്യതകളിലും വെച്ചേറ്റവും മികച്ചതായിരിക്കും എന്നതാണ് പാന്‍ഗ്ലോസ്സിന്റെ സിദ്ധാന്തം. മനുഷ്യന് ”മൂക്ക് സൃഷ്ടിച്ചത് തന്നെ കണ്ണടകള്‍ താങ്ങുന്നതിനാണ്. അതുകൊണ്ടാണ് നമുക്ക് കണ്ണടകള്‍ ഉണ്ടായത്”. ഡോ.പാന്‍ഗ്ലോസ്സിന്റെ യുക്തികള്‍ ഇത്തരത്തിലാണ്. ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും നഷ്ടമായി, മരണതുല്യനായ പാന്‍ഗ്ലോസ്സിനെ പിന്നീട് കാന്‍ഡിഡ് കാണുമ്പോഴും അദ്ദേഹം തന്റെ വിധിയിലെ ഏറ്റവും മികച്ചതിനെ കണ്ടെത്തുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാന്‍ഗ്ലോസ്സിനെ ഈയടുത്ത് ഓര്‍മ്മിപ്പിച്ചത് ഇന്ത്യയുടെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ ശക്തികാന്ത് ദാസ് ആണ്. ആഗസ്ത് 19ന് മുംബൈയില്‍ വെച്ച് നടന്ന ഫിബാക്, ബാങ്കിംഗ് സെക്ടര്‍ കോണ്‍ക്ലേവില്‍ നടത്തിയ പ്രസംഗത്തിലാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ വോള്‍ട്ടയറുടെ കഥാപാത്രത്തെ സ്മരിച്ചത്. അദ്ദേഹം പറഞ്ഞു: ”സാമ്പത്തിക മേഖലയില്‍ നിരവധി വെല്ലുവിളികളുണ്ടെന്ന് നാം മനസ്സിലാക്കണം. ഒട്ടേറെ ബാഹ്യ കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും ഇന്ത്യ ഒറ്റതിരിഞ്ഞ് നില്‍ക്കുകയല്ലെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. എല്ലാ പ്രയാസങ്ങളെ ചിരിച്ച് തള്ളുന്ന പാന്‍ഗ്ലോഷിയന്‍ മനോഗതി നാം സൂക്ഷിക്കണം എന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്”.

നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങളെ സംബന്ധിച്ച് പരാതി പറയാന്‍ ആരംഭിച്ചിരിക്കുന്ന ഇന്ത്യന്‍ വ്യവസായികളെയായിരുന്നു ഡോ.ശക്തികാന്ത് ദാസ് അഭിസംബോധന ചെയ്തത്. യഥാര്‍ത്ഥത്തില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറെ ഡോ. പാന്‍ഗ്ലോസ്സിനെ ഓര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യന്‍ ജനതയുമാണ്. ഇന്ത്യന്‍ സാമ്പത്തിക മേഖലയാകെ പിഞ്ഞാണക്കടയില്‍ കാളക്കൂറ്റന്‍ കയറിയ അവസ്ഥയിലേക്ക് തള്ളിവിട്ട മോദിയെ തന്നെ രണ്ടാം തവണയും അധികാരത്തിലെത്തിച്ച ഇന്ത്യന്‍ ജനതയുടെ ശുഭാപ്തി വിശ്വാസത്തെ താരതമ്യം ചെയ്യാന്‍ മറ്റൊരു കഥാപാത്രവും ഇല്ല എന്നത് തന്നെയാണ് സത്യം. മോദിയിലെ മികച്ചതിനെ കണ്ടെത്താന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ‘പാന്‍ഗ്ലോസ്സു’മാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് എപ്പോഴായിരിക്കും?

 

കെ. സഹദേവന്‍
പരിസ്ഥിതി ആണവ വിരുദ്ധ പ്രവര്‍ത്തകന്‍. എഴുത്തുകാരന്‍, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുവരുന്നു. പരിസ്ഥിതി, വികസനം, ഊര്‍ജ്ജം, പരിസ്ഥിതി സമ്പദ്ശാസ്ത്രം, കാര്‍ഷിക മേഖല, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളില്‍ എഴുതുന്നു.