സോഷ്യലിസിറ്റ് പാതയിലെ സാമ്പത്തിക തടസ്സങ്ങള്‍: ഇടത്പക്ഷ ചിന്തകരുടെയും സാമ്പത്തിക വിദഗ്ദ്ധരുടെയും തുറന്ന ചര്‍ച്ച
Socialism
സോഷ്യലിസിറ്റ് പാതയിലെ സാമ്പത്തിക തടസ്സങ്ങള്‍: ഇടത്പക്ഷ ചിന്തകരുടെയും സാമ്പത്തിക വിദഗ്ദ്ധരുടെയും തുറന്ന ചര്‍ച്ച
ന്യൂസ് ഡെസ്‌ക്
Wednesday, 14th November 2018, 10:19 am

സോഷ്യലിസം അംഗീകരിക്കുന്നവരും സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നവരും എണ്ണത്തില്‍ വര്‍ദ്ധിച്ചിട്ടും എന്ത് കൊണ്ട് സോഷ്യലിസം വളരുന്നില്ലെന്ന ചോദ്യത്തിന് ഉത്തരമന്വേഷിക്കുകയാണ് ഇടത്പക്ഷ ചിന്തകരായ നാല് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധര്‍.

ശീതയുദ്ധ കാലത്ത് തുടങ്ങിയ ദി റെഡ് സ്‌കെയര്‍ ( ചുവപ്പിനോടുള്ള ഭീതി) ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. ബേര്‍ണീ സാന്‍ഡേര്‍സ്, അലക്സാണ്ട്രിയ ഒക്കേസിയോ കോര്‍ട്ടസിന്‍, ജെറെമി കോര്‍ബിന്‍ തുടങ്ങിയ പേരുകള്‍ അമേരിക്കന്‍ ജനത നിത്യേന എന്നോണം ഉപയോഗിക്കുന്നു. ഇതൊരു ദശാബ്ദം മുന്നേ വരെ ചിന്തിക്കാന്‍ കൂടി കഴിയാത്ത കാര്യമായിരുന്നു. ജിം കാരി, സിന്തിയ നിക്സണ്‍ തുടങ്ങിയ അഭിനേതാക്കള്‍ സോഷ്യലിസം സ്വീകരിക്കാന്‍ തയ്യാറായി. പോപ് ഫ്രാന്‍സിസ് മുതല്‍ ദലൈലാമ വരെയുള്ള ആത്മീയ നേതാക്കള്‍ നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയിലുള്ള അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു. അമേരിക്കയില്‍ 18നും 32നും ഇടയിലുള്ള യുവാക്കള്‍ക്ക് സോഷ്യലിസമാണ് താല്പര്യമെന്ന് കണക്കെടുപ്പുകള്‍ തെളിയിക്കുന്നു.

മേല്‍ പറഞ്ഞവര്‍ ഓരോരുത്തര്‍ക്കും സോഷ്യലിസത്തെ കുറിച്ചുള്ള സങ്കല്പമെന്താണെന്നത് മറ്റൊരു ചോദ്യമാണ്. ജെറെമി കേര്‍ബിന്റെ സോഷ്യലിസത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടും ദലൈ ലാമയുടെ കാഴ്ചപ്പാടിലെ സോഷ്യലിസവും തികച്ചും വ്യത്യസ്തമായിരിക്കും.

ഇത്തരത്തില്‍ സോഷ്യലിസം പൊതുവേ ജനപ്രീതിയുള്ളൊരു ആശയമായി ഉയര്‍ന്നു വന്നിട്ടും എന്താണ് സോഷ്യലിസത്തിന്റെ വഴി മുടക്കുന്നത്. ഇതിന് സാമ്പത്തിക കാരണങ്ങള്‍ അന്വേഷിക്കുകയാണ് സോഷ്യലിസ്റ്റ് എക്കണോമിസ്റ്റ്.

സാമ്പത്തിക വിദഗ്ധരുടെ വാക്കുകള്‍

മുതലാളിതത്തെ വിമര്‍ശിക്കാന്‍ മറന്ന് ഇടതുപക്ഷം – ഡേവിഡ് എഫ് റുസിയോ

മുതലാളിത്ത വ്യവസ്ഥയുടെ പ്രത്യക്ഷ പരാജയങ്ങള്‍ സോഷ്യലിസത്തിലേക്ക് മടങ്ങി വരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 2000ങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും, അവിടെ നിന്നും തുടങ്ങി ഇപ്പോഴും തുടരുന്ന പുനപ്രാപ്തി (റിക്കവറി) യുടെ അസന്തുലിതാവസ്ഥയും, കൂടാതെ ദശാബ്ദങ്ങളുടെ പഴക്കമുള്ള ഇപ്പോഴും നിലനില്ക്കുന്ന നികൃഷ്ടമായ അസമത്വങ്ങളും മുതലാളിത്ത വ്യവസ്ഥിതിയോടുള്ള നീരസത്തിന് കാരണമായി.

ഡേവിഡ് എഫ് റുസിയോ

തൊഴിലിടങ്ങളിലെ അനീതികളും, ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെ അപചയങ്ങളും യുവതക്കിടയിലെ മുതലാളിത്ത വിരുദ്ധ ചിന്ത വളരാന്‍ കാരണമായി. യുവജനങ്ങള്‍ക്കിടയിലെ സാമ്പത്തിക അരക്ഷിതാവസ്ഥയും മറ്റൊരു കാരണമാണ്.

അമേരിക്കയില്‍ ഇടത് രാഷ്ട്രീയം നിലവില്‍ നേരിടുന്ന പ്രധാന സാമ്പത്തിക പ്രശ്നങ്ങളാണ് : ലേബര്‍ യൂണിയനുകളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവും, മുതലാളിത്തത്തെ വ്യവസ്ഥപ്പെടുത്താനുള്ള ശ്രമവും ( regulate capitalism) .

യുദ്ധാനന്തര സുവര്‍ണ്ണ കാലഘട്ടത്തില്‍ തൊഴിലാളി സംഘടനകളുടെ പ്രാധിനിത്യം 35% ആയിരുന്നെങ്കില്‍ ഇന്നത് 11.1% ആയി കുറഞ്ഞു. ഇക്കാരണം കൂടി കൊണ്ടാവാം ഇടത് പക്ഷക്കാര്‍ തങ്ങളുടെ ശ്രദ്ധ മുതലാളിത്തത്തെ വ്യവസ്ഥപ്പെടുത്തുന്നതിലേക്ക് തിരിച്ചത്.

 

 

മുതലാളിതത്തെ വിമര്‍ശിക്കാന്‍ മറന്ന ഇടത്പക്ഷ ചിന്തകര്‍ കെയ്നീഷ്യന്‍ സാമ്പത്തിക സിദ്ധാത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിനെ നോക്കി കാണുകയാണ് ചെയ്തത്. പ്രത്യേകിച്ചും വര്‍ഗ്ഗവിവേചനങ്ങളും ലാഭം വിനിയോഗിക്കുന്നതിലും വിതരണം ചെയ്യുന്നതിലും നിലനില്‍ക്കുന്ന അനീതികളും ചൂണ്ടിക്കാട്ടാന്‍ ഇക്കാലത്ത് ഇടത് പക്ഷത്തിന് കഴിയുന്നില്ല.

വേണ്ടത് സോഷ്യല്‍ ആഗോളവത്കരണം : ജോഹന്ന ബാക്ക്മാന്‍

1980 കള്‍ക്ക് ശേഷം സോഷ്യലിസ്റ്റ് രാജ്യങ്ങളും, പ്രസ്ഥാനങ്ങളും, സംഘങ്ങളും തമ്മില്‍ സാമ്പത്തിക സഹകരണം ഇല്ലാതായതാണ് ഇടത് പക്ഷം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ തടസ്സം. പലപ്പോഴും ചിന്തകരും , എഴുത്തുകാരും ആഗോളവത്കരണം എന്ന വാക്കിനെ നവ ലിബറല്‍ മുതാളിത്തവും , സ്വതന്ത്രവ്യാപാരം എന്നീ വാക്കുകളുമായി സമീകരിച്ചാണ് എഴുതുന്നത്. അതേ സമയം കെയ്നീഷ്യന്‍ സിദ്ധാന്തം, ഡെവലപ്മെന്റലിസം, സ്ട്രക്ചറലിസം , സോഷ്യലിസം എന്നിവ സ്റ്റേറ്റിന് അനുകൂലമായ ആശയങ്ങളാണ് എന്നാണ് പൊതുധാരണ.

1960 മുതല്‍ ചേരി ചേരാ പ്രസ്ഥാനം , യുനൈറ്റഡ് നേഷന്‍സ് കോണ്‍ഫറസ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡവലപ്മെന്റും പോലെയുള്ള പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചത് കോര്‍പ്പറേറ്റുകളുടെ ആധിപത്യത്തിലുള്ള അധികാര വ്യവസ്ഥിതമായ ബന്ധങ്ങള്‍ പടുത്തുയര്‍ത്താനായിരുന്നില്ല പകരം ഐക്യദാര്‍ഡ്യത്തിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ നിലവില്‍ വരാനായിരുന്നു . എന്നാല്‍ 1980 ല്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ ഈ ആശയം ക്ഷയിക്കുകയായിരുന്നു.

ജോഹന്ന ബാക്ക്മാന്‍

സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും, പ്രസ്ഥാനങ്ങളുടെയും സാമ്പത്തിക ഏകീകരണം , ആന്റി കൊളോണിയല്‍ ബാങ്കിങ് സംവിധാനം , സ്വതന്ത്രവ്യാപാരം , ബഹുരാഷ്ട്ര ഉത്പാദനം തുടങ്ങിയവ ഉപയോഗിച്ച് രാജ്യങ്ങളെ നിലവിലെ ആധിപത്യ ശ്രേണിയില്‍ നിന്ന് സ്വതന്ത്രരാക്കി പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കും.

സ്വതന്ത്രവ്യാപാരത്തിന്റെ കൃത്യമായ വിനിയോഗവും സോഷ്യലിസ്റ്റ് ആഗോളവത്കരണവും വഴി ഗ്രീസ് പോലുള്ള രാജ്യങ്ങള്‍ യുറോപ്പ്യന്‍ യൂണിയന്‍ വിടാന്‍ പോകുന്നത് രാഷ്ട്രീയമായി ഒറ്റപ്പെടുവാനല്ല പകരം ഗ്രീസിന്റെയും മറ്റ് സഖ്യരാജ്യങ്ങളുടെയും സാമ്പത്തിക വ്യവസ്ഥയില്‍ മാറ്റം വരുത്തനാണ്. സോഷ്യലിസ്റ്റ് ഗ്ലോബലൈസേഷന്‍ എന്ന ഈ ആശയം ഉപയോഗിച്ച് ചെറിയ സംഘങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഇത്തരത്തില്‍ പുതിയ വിഭവങ്ങളും ബന്ധങ്ങളും കണ്ടെത്താന്‍ കഴിയും.

ആഗോളവത്കരണത്തെ കുറിച്ച് ഇപ്പോഴും അവ്യക്തമായ കാഴ്ച്ചപ്പാടാണ് ഇടതുപക്ഷത്തിന്: പ്രഭാത് പട്നായിക്

നവ ലിബറല്‍ കാലഘട്ടത്തിന്റെ സ്വഭാവം നിശ്ചയിക്കുന്ന “അന്താരാഷ്ട്ര സാമ്പത്തിക തലസ്ഥാനവും”, അതിന്റ ആധിപത്യത്തിലുള്ള ആഗോളവത്കരണവും തൊഴിലാളി വര്‍ഗ്ഗത്തെ കുറച്ചൊന്നുമല്ല ദുരിതകത്തിലാക്കിയത്. എന്നാല്‍ വിരോധാഭാസം എന്ന് പറയട്ടെ ഇതേ നവ ലിബറല്‍ ആശയങ്ങളെ വെല്ലുവിളിക്കുക എന്നത് അതിനേക്കാള്‍ വിഷമം പിടിച്ച കാര്യമായി മാറിയിരിക്കുന്നു.

ലെനിന്‍ മുന്‍കൂട്ടി കണ്ട ഇന്റര്‍ ഇംപീരിയലിസ്റ്റ് യുദ്ധത്തിന് ഇനി സാധ്യതയില്ല. അത് കൊണ്ട് തന്നെ ഇടത് പക്ഷത്തിന് ഇനി ഒരു യുദ്ധത്തിന് നേതൃത്വം നല്‍കാന്‍ കഴിയില്ല.

പ്രഭാത് പട്നായിക്

മൂലധനം ആഗോളവത്കരിക്കപ്പെടുമ്പോഴും തൊഴിലാളി യൂണിയനുകള്‍ ഇപ്പോഴും രാജ്യാതിര്‍ത്തികള്‍ക്കുള്ളിലാണ്. സ്വകാര്യവത്കരണം തൊഴിലാളി സംഘടനകളുടെ ബലത്തിനെ സാരമായി ബാധിച്ചു. സ്വകാര്യ സ്ഥാപനങ്ങളില്‍ യൂണിയനുകള്‍ക്കുള്ള സാധ്യതകള്‍ വളരെ പരിമിതമാണ്,. തൊഴിലാളികളുടെ ” വലിയ സംഭാരം” ഉള്ളതും ഇതിനൊരു കാരണമാണ്. തൊഴിലളി യൂണിയനുകള്‍ ക്ഷയിച്ചാല്‍ ഇടത് പക്ഷം ക്ഷയിക്കുന്നത് സ്വാഭാവികമാണ്.

ആഗോളവത്കരണത്തെ കുറിച്ച് ഇപ്പോഴും അവ്യക്തമായ കാഴ്ച്ചപ്പാടാണ് ഇടത് പക്ഷത്തിന്. മുതലാളിത്ത ആഗോളവത്കരണത്തെ സോഷ്യല്‍ ആഗോളവത്കരണം എന്ന ആശയം പ്രയോഗിച്ച് തിരുത്തുക എളുപ്പമല്ല എന്നത് കൊണ്ട് തന്നെ ആഗോളതലത്തില്‍ ഇതിനെ മറികടക്കുക നിലവില്‍ സാധ്യമല്ല. അത് സാധ്യമാകാന്‍ ആഗോളവത്കരണ പക്രിയകളില്‍ നിന്നും മാറി നില്‍ക്കേണ്ടതായി വരും. അതിന് പല ഇടത് പക്ഷ ചിന്തകരും തയ്യാറല്ല. അത് രാഷ്ട്രീയവാദത്തിന് വഴി വെക്കും എന്ന ആശങ്കയാണ് പലര്‍ക്കും. ഈ സംശയം ഇടതിന്റെ ശക്തി ചോര്‍ത്തുന്നു.

മുതലാളിത്തത്തിന് എതിരെ പ്രവര്‍ത്തിക്കേണ്ട സമയം ചിലവഴിക്കുന്ന് അതിനുള്ളില്‍ അധികാരം നേടിയെടുക്കാനാണ്: ആന്‍ഡ്ര്യൂ ക്ലിമാന്‍

സോഷ്യലിസം അതിന്റെ വളര്‍ച്ചയില്‍ ബാഹ്യവും ആന്തരികവുമായ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. യു.എസിലും , റഷ്യയിലും മറ്റെല്ലാ ഇടങ്ങളിലും മുതലാളിത്ത വര്‍ഗ്ഗം ലിബറല്‍ ജനാധിപത്യ വ്യവസ്ഥകള്‍ക്കക്കെതിരെ ഫാസിസ്റ്റ് പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നത് തന്നെയാണ് പരമ പ്രധാനമായ ബാഹ്യതടസ്സം. ഇത് വഴി ധനവും അധികാരവും നിലനിര്‍ത്തുക മാത്രമാണ് ഇവരുടെ ഉദ്ദേശ്യം.

ട്രംപ് അധികാരത്തില്‍ വന്നത് ദരിദ്രര്‍ പണക്കാരെ കൊള്ളയടിക്കുമോ എന്ന് ഭയത്തില്‍ നിന്നും ഉയര്‍ന്ന സമ്പന്നരുടെ താല്പര്യം കാരണമാണെന്നാണ് കണ്‍സര്‍വ്വേറ്റിവ് പണ്ഡിതനായ ആയ ഡേവിഡ് ഫ്രമിന്റെ വാദം. വംശീയവിരുദ്ധരും സ്ത്രീവിരുദ്ധരും അധികാരപ്രേമികളുമായ ട്രംപിന്റെ അനുഭാവികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു ഇത്.

ആന്‍ഡ്ര്യൂ ക്ലിമാന്‍

മുതലാളിത്തം ഒരിക്കലുമെത്തില്ലെന്നുറപ്പുള്ള തലത്തിലേക്ക് അതിനെ മാറ്റാനുള്ള ഇടതുപക്ഷത്തിന്റെ പാഴ്ശ്രമമാണ് ആന്തരികമായ തടസ്സങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മുതലാളിത്തത്തിന് എതിരെ പ്രവര്‍ത്തിക്കേണ്ട സമയവും അവര്‍ ചിലവഴിക്കുന്ന് മുതലാളത്തത്തിനുള്ളില്‍ അധികാരം നേടിയെടുക്കാനാണ്.

വരുമാനത്തിന്റെയും സമ്പത്തിന്റെയും പുനര്‍വിനിയോഗം അടിച്ചേല്‍പിച്ചാല്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുമെന്നും അത് വഴി മുതലാളിത്തത്തെ മെച്ചപ്പെടുത്താം എന്നും അവര്‍ കരുതുന്നു. എന്നാല്‍ മുതലാളിത്തത്തെ പൂര്‍ണ്ണമായും നയിക്കുന്നത് ലാഭേച്ഛ മാത്രമാണെന്ന കാര്യം അവര്‍ മറക്കുന്നു. ആ വ്യവസ്ഥക്ക് കീഴിലുള്ളവര്‍ക്ക് ആവശ്യം ലാഭം മാത്രമാണ്. 1970 കളില്‍ കെയ്നീഷ്യന്‍ സിദ്ധാന്തത്തിന്റെ പരാജയത്തിനും തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിനും ശേഷവും സര്‍ക്കാരുകള്‍ക്ക്മുതലാളിത്ത വ്യവസ്ഥക്ക് മേല്‍ നിയന്ത്രണങ്ങളില്ലെന്ന കാര്യം അവര്‍ തിരിച്ചറിയുന്നില്ല.

കടപ്പാട്: SOCIALIST ECONOMIST

വിവര്‍ത്തനം: സൗമ്യ ആര്‍. കൃഷ്ണ