സുഷമ സ്വരാജും അരുണ്‍ ജയ്റ്റ്‌ലിയും മരിച്ചത് മോദിയുടെ പീഡനം മൂലമെന്ന പ്രസ്താവന; ഉദയിനിധി സ്റ്റാലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
national news
സുഷമ സ്വരാജും അരുണ്‍ ജയ്റ്റ്‌ലിയും മരിച്ചത് മോദിയുടെ പീഡനം മൂലമെന്ന പ്രസ്താവന; ഉദയിനിധി സ്റ്റാലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th April 2021, 10:09 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പീഡനം സഹിക്കാനാവാതെയാണ് മുന്‍ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും അരുണ്‍ ജയ്റ്റ്‌ലിയും മരിച്ചതെന്ന പരാമര്‍ശത്തില്‍ ഡി.എം.കെ നേതാവും സ്റ്റാലിന്റെ മകനുമായ ഉദയിനിധി സ്റ്റാലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പരാമര്‍ശത്തില്‍ വിശദീകരണം ബോധിപ്പിക്കണമെന്ന് ഉദയനിധിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ബുധനാഴ്ച അഞ്ച് മണിക്ക് മുന്‍പായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

നരേന്ദ്ര മോദി ഏല്‍പ്പിച്ച സമ്മര്‍ദ്ദവും പീഡനവും മുന്‍ കേന്ദ്രമന്ത്രിമാരുടെ മരണത്തിന് കാരണമായെന്നാണ് ഉദയനിധി ആരോപിച്ചത്. വെങ്കയ്യ നായിഡു അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ നരേന്ദ്ര മോദി അരികുവല്‍ക്കരിച്ചുവെന്നും ഉദയനിധി സ്റ്റാലിന്‍ ആരോപിച്ചിരുന്നു.

‘മോദി നിങ്ങള്‍ എല്ലാവരേയും അടിച്ചമര്‍ത്തി. നിങ്ങളെ വണങ്ങാനോ ഭയപ്പെടാനോ ഞാന്‍ പളനിസ്വാമിയല്ല. ഞാന്‍ ഉദയനിധി സ്റ്റാലിന്‍, കലൈഞ്ജറുടെ പേരമകനാണ്,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

സുഷമ സ്വരാജ് എന്നൊരാളുണ്ടായിരുന്നു. അവര്‍ മരിച്ചത് മോദി ഏല്‍പ്പിച്ച സമ്മര്‍ദ്ദം താങ്ങാനാവാതെയാണ്. അരുണ്‍ ജെയ്റ്റ്‌ലി എന്നൊരു വ്യക്തിയുണ്ടായിരുന്നു. മോദിയുടെ പീഡനം സഹിക്കാതെയാണ് അദ്ദേഹം മരിച്ചത് എന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെതിരെ സുഷമയുടേയും ജയ്റ്റ്‌ലിയുടേയും കുടുംബം രംഗത്തെത്തിയിരുന്നു.

വാജ്‌പേയി സര്‍ക്കാരിലും മോദി സര്‍ക്കാരിലും നിര്‍ണായക പദവികള്‍ കൈകാര്യം ചെയ്ത ബി.ജെ.പി നേതാക്കളായിരുന്നു അരുണ്‍ ജയ്റ്റ്‌ലിയും സുഷമ സ്വരാജും. 2019 ഓഗസ്റ്റിലാണ് ഇരുനേതാക്കളും അന്തരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: EC issues notice to Udayanithi over comments on Jaitley, Sushma’s death