ബി.ഡി.ഒ ഓഫീസിനുള്ളിൽ അതിക്രമമെന്ന് തൃണമൂൽ എം.എൽ.എക്കെതിരെ എഫ്.ഐ.ആറുമായി ഇ.സി
India
ബി.ഡി.ഒ ഓഫീസിനുള്ളിൽ അതിക്രമമെന്ന് തൃണമൂൽ എം.എൽ.എക്കെതിരെ എഫ്.ഐ.ആറുമായി ഇ.സി
ശ്രീലക്ഷ്മി എ.വി.
Thursday, 22nd January 2026, 11:57 pm

ന്യൂദൽഹി: പശ്ചിമ ബംഗാളിലെ ഫറാക്ക ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ കഴിഞ്ഞയാഴ്‌ച നടത്തിയ നാശനഷ്ടങ്ങൾക്ക് തൃണമൂൽ കോൺഗ്രസ് എം.എൽ.എ മോനിറുൾ ഇസ്‌ലാമിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.

നേരത്തെ നൽകിയ കേസിൽ എം.എൽ.എയുടെ പേര് പരാമർശിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇന്ന് (വ്യാഴം) വൈകുന്നേരത്തിനുള്ളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇ.സി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടുകയായിരുന്നു.

ജനുവരി 14 ന് ഫറാക്കയിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിനുള്ളിലുണ്ടായ (ബി.ഡി.ഒ) നാശനഷ്ടങ്ങൾക്ക് മോനിറുൾ നേതൃത്വം നൽകിയെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി.

എസ്.ഐ.ആർ പരിശോധനയ്ക്കിടെ പൊതുജനങ്ങളെ ഉപദ്രവിച്ചെന്നാരോപിച്ച് ബി.ഡി.ഒ ഓഫീസിന് മുന്നിൽ മോനിറുൾ തന്റെ അനുയായികളോടൊപ്പം പ്രതിഷേധ പ്രകടനം നടത്തിയതായും തുടർന്ന് ഓഫീസ് നശിപ്പിച്ചതായും ഇ.സി ഉദ്യോഗസ്ഥർ പറഞ്ഞു.

ഓഫീസിൽ എസ്‌.ഐ.ആർ ഹിയറിംങ് സെന്ററും പ്രവർത്തിക്കുന്നുണ്ടെന്നും ടി.എം.സി അനുയായികൾ കെട്ടിടത്തിലേക്ക് ഇരച്ചു കയറുകയായിരുന്നെന്നും
ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഫർണിച്ചറുകൾക്ക് കേടുപാടുകൾ വരുത്തുകയും ഫയലുകൾ വലിച്ചിടുകയും ചെയ്തെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഫറാക്ക ബിഡിഒ ഓഫീസിൽ നടന്ന സംഭവവും പ്രധാന പ്രതികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടതും കമ്മീഷൻ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് സംഭവവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവിൽ പറഞ്ഞു.

സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ രാഷ്ട്രീയ പ്രാധാന്യമുള്ള എസ്.ഐ.ആറിനെച്ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനും തൃണമൂൽ കോൺഗ്രസും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന തർക്കത്തിന്റെ വ്യക്തമായ വർദ്ധനവാണ് ഈ നിർദേശമെന്നാണ് റിപ്പോർട്ടുകൾ.

Content Highlight: EC files FIR against Trinamool MLA for alleged violence inside BDO office

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.