കോഴിക്കോട് കായക്കൊടിയിലേത് ഭൂചലനം; സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്
Kerala News
കോഴിക്കോട് കായക്കൊടിയിലേത് ഭൂചലനം; സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th May 2025, 2:39 pm

കുറ്റ്യാടി: കോഴിക്കോട് കായക്കൊടിയിലുണ്ടായത് ഭൂചലനമാണെന്ന് സ്ഥിരീകരണം. ജിയോളജി വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചെറിയ ചലനമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രദേശത്ത് പഠനം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഭൂമിക്കടിയില്‍ ഉണ്ടായത് ചെറിയ ചലനമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജി വകുപ്പ് അറിയിക്കുകയായിരുന്നു.

കായക്കൊടി ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലാണ് ഇന്നലെ ഭൂചനലമുണ്ടായത്. പ്രദേശവാസികള്‍ ജനപ്രതിനിധികളെയും അധികൃതരെയും അറിയിക്കുകയായിരുന്നു.

എള്ളിക്കാംപാറ, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റര്‍ പരിധിയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ശക്തമായ ശബ്ദമുണ്ടായതിനാല്‍ എല്ലാവരും പരിഭ്രാന്തരാവുകയായിരുന്നുവെന്നും പിന്നാലെ വീടിന് പുറത്തിറങ്ങി നില്‍ക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. അധികൃതരും പൊലീസും സ്ഥലത്തെത്തിയെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

Content Highlight: Earthquake in Kozhikode’s Kayakodi; Geology Department confirms