അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം; മരണം 800 കവിഞ്ഞു
Trending
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം; മരണം 800 കവിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st September 2025, 10:55 pm

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 800 കവിഞ്ഞു. ഭൂകമ്പത്തില്‍ 2500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവര്‍ നന്‍ഗര്‍ഹാറിലെ റീജിയണല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദുരന്തം 12 ലക്ഷം പേരെ ബാധിക്കുമെന്നാണ് യു.എസ്.ജി.എസ് പറയുന്നത്.

റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അഫ്ഗാനിലുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.

നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദില്‍ നിന്ന് 27 കിലോമീറ്റര്‍ വടക്കുകിഴക്ക് ഭാഗത്തായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റര്‍ ആഴത്തിലാണ് പ്രകമ്പനം ഉണ്ടായത്.

ഭൂകമ്പത്തില്‍ വലിയ നാശനഷ്ടമാണ് അഫ്ഗാനിസ്ഥാനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി ഗ്രാമങ്ങളും കെട്ടിടങ്ങളും പൂര്‍ണമായും നശിച്ചിട്ടുണ്ട്. നാശനഷ്ടത്തിന്റെ പൂര്‍ണമായ വ്യാപ്തി ഇതുവരെ വ്യക്തമായിട്ടില്ല.


ദുരന്തത്തിന് പിന്നാലെ അഫ്ഗാന്‍ വിദേശകാര്യമന്ത്രി മൗലവി അമീര്‍ ഖാന്‍ മുത്തഖിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ സംസാരിച്ചു. 1000 കുടുംബങ്ങള്‍ക്ക് താത്കാലിക ടെന്റുകള്‍ എത്തിച്ചതായും 15 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ കൈമാറിയതായും എസ്. ജയശങ്കര്‍ അറിയിച്ചു. അഫ്ഗാനുള്ള സഹായങ്ങള്‍ ഇനിയുള്ള ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു.


അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു. ദുരന്തബാധിതര്‍ക്ക് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും ആശ്വാസവും എത്തിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

അതേസമയം 2023ല്‍ അഫ്ഗാനിലെ ഹെറാത്ത് പ്രവിശ്യയില്‍ മൂന്ന് വലിയ ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഇതില്‍ 1300ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. 1700 പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2022ല്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ അഫ്ഗാനിലെ തെക്കുകിഴക്കന്‍ മേഖലയില്‍ കുറഞ്ഞത് 1300 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Content Highlight: Earthquake in Afghanistan; Death toll exceeds 800