നേപ്യിഡോ: മ്യാന്മറിലും തായ്‌ലാൻഡിലെ ബാങ്കോക്കിലുമായി ഉണ്ടായ ഭൂചലനത്തില്‍ 153 മരണം. മ്യാന്മറില്‍ മാത്രമായി 144 മരണം സ്ഥിരീകരിച്ചു. 732 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. രാജ്യത്തെ സ്ഥിതിഗതി അതീവഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മ്യാന്മറിലുടനീളമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിനായി മ്യാന്മര്‍ ഭരണകൂടം ഇന്ത്യ അടക്കമുള്ള രാജ്യാന്തര സമൂഹത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജീവന്‍രക്ഷാ ഉപകരണങ്ങള്‍, മരുന്ന്, രക്തം തുടങ്ങിയവ വേണമെന്നാണ് ആവശ്യം.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്മര്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിനായി ഏത് സമയവും സജ്ജമായിരിക്കണമെന്ന് സേനകള്‍ക്ക് നിര്‍ദേശം നല്‍കിയതായും അറിയിച്ചിരുന്നു.
Right now, I’m sending prayers to the people of Myanmar and Thailand as rescue operations unfold.
We’re looking at over 200 dead in Myanmar, and an unconfirmed but likely significant number in Thailand at the moment as the rescue efforts are underway. pic.twitter.com/rx1CXZ2czC
നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഭൂചലനത്തെ തുടര്‍ന്ന് മ്യാന്മറിലെ ആറ് പ്രവിശ്യങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ബാങ്കോക്കിലുണ്ടായ ഭൂചലനത്തില്‍ 30 നിലക്കെട്ടിടം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. 117 പേരെ കാണാനില്ലെന്നും അധികൃതര്‍ അറിയിച്ചു. ബാങ്കോക്കിലും മരണസംഖ്യ ഉയരാനാണ് സാധ്യത.
മ്യാന്മറില്‍ രണ്ട് തവണയാണ് ഭൂചലനം രേഖപ്പെടുത്തിയത്. 6.4 തീവ്രതയിലാണ് രണ്ടാമത്തെ ഭൂചലനം ഉണ്ടായത്. 12 മിനിറ്റിന്റെ ഇടവേളയിലായിരുന്നു ഭൂചലനം രേഖപ്പെടുത്തിയത്.
യു.എസ്.ജി.എസ് പ്രകാരം, ഏകദേശം 1.2 ദശലക്ഷം ജനസംഖ്യയുള്ള മ്യാന്‍മറിലെ മണ്ടാലെ നഗരത്തില്‍ നിന്ന് ഏകദേശം 17.2 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 10 കിലോമീറ്റര്‍ (6.2 മൈല്‍) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ പറയുന്നത്.
ദുരന്തത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം മ്യാന്മറിലും ബാങ്കോക്കിലും ഭൂചലനം ഉണ്ടായതിന് പിന്നാലെ ഇന്ത്യയിലും പ്രകമ്പനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദല്‍ഹിയിലും കൊല്‍ക്കത്തയിലും ഇംഫാലിലുമാണ് നേരിയ ചലനം രേഖപ്പെടുത്തിയത്.