'ഒന്നല്ല, പലതവണ ഞാന്‍ അവനെ കരയിപ്പിച്ചിട്ടുണ്ട്'; നെയ്മര്‍ ബാഴ്‌സയില്‍ നിന്നും പുറത്തുപോവാന്‍ ഇടയാക്കിയ ഇ-മെയില്‍ സന്ദേശം ചോര്‍ന്നു
Football
'ഒന്നല്ല, പലതവണ ഞാന്‍ അവനെ കരയിപ്പിച്ചിട്ടുണ്ട്'; നെയ്മര്‍ ബാഴ്‌സയില്‍ നിന്നും പുറത്തുപോവാന്‍ ഇടയാക്കിയ ഇ-മെയില്‍ സന്ദേശം ചോര്‍ന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd September 2022, 4:12 pm

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്നും പുറത്തുപോവാന്‍ കാരണമായ ഇ-മെയില്‍ സന്ദേശങ്ങള്‍ ചോര്‍ന്നു. ക്ലബ്ബും നെയ്മറിന്റെ പിതാവ് നെയ്മര്‍ സീനിയറും തമ്മിലുള്ള ഇടപാടുകളാണ് ചോര്‍ന്നിരിക്കുന്നത്.

നെയ്മര്‍ സീനിയറിന് താരം ബാഴ്‌സയില്‍ തന്നെ തുടരണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ കരാര്‍ വിശദാംശങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ നെയ്മര്‍ സീനിയര്‍ നിലപാട് മാറ്റുകയായിരുന്നു.

സ്പാനിഷ് മാധ്യമമായ എല്‍ മുണ്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, നെയ്മറിനെ ബാഴ്‌സയില്‍ തുടരേണ്ട കാര്യം ബോധ്യപ്പെടുത്താന്‍ അന്നത്തെ ക്ലബ്ബ് ഡയറക്ടറായ റൗള്‍ സാന്‍ഹെലിയെ ചുമതലപ്പെടുത്തിയിരുന്നു. താരത്തിന്റെ പിതാവും റൗളിനൊപ്പമായിരുന്നു.

ഇരുവരും തമ്മില്‍ അന്ന് നടന്ന ഇ-മെയില്‍ സന്ദേശങ്ങളാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്.

‘ഞാന്‍ ഈ മനുഷ്യനൊപ്പം മണിക്കൂറുകള്‍ ചെലവഴിച്ചിരുന്നു. ഇയാളെ വ്യക്തമായി അറിയാം എന്നുപോലും എനിക്ക് തോന്നിത്തുടങ്ങി. ഇയാള്‍ എപ്പോഴാണ് സത്യം പറയാന്‍ പോകുന്നത്, എപ്പോഴെല്ലാം കള്ളം പറയാന്‍ തുടങ്ങുന്നു എന്നെല്ലാം എനിക്ക് മനസിലായിത്തുടങ്ങി. ഈ സാഹചര്യത്തില്‍ അവന്‍ ഞങ്ങളുടെ പക്ഷത്താണെന്ന് എനിക്ക് പൂര്‍ണ ബോധ്യം വന്നു,’ ഒരു മെയിലില്‍ നെയ്മര്‍ സീനിയറിനെ കുറിച്ച് റൗള്‍ പറഞ്ഞു.

മറ്റൊരു ഇ-മെയിലില്‍ റൗള്‍ പലതവണ നെയ്മറിനെ കരയിപ്പിച്ചിട്ടുണ്ടെന്നും അവകാശപ്പെടുന്നു.

‘എല്ലാ പ്രശ്‌നങ്ങളും നെയ്മറിന്റെ തലക്കുള്ളിലാണ്. അവന്‍ നിരവധി കാര്യങ്ങളിലൂടെ കടന്നുപോവുന്നു. അയാള്‍ക്ക് വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങളുണ്ട്. അവന്‍ തീര്‍ത്തും ദുര്‍ബലനാണ്, വലിയ ആശയക്കുഴപ്പത്തിലാണ്. ബാഴ്‌സ വിട്ട് പോകുന്നതോടെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്നാണ് അവന്‍ കരുതിയിരിക്കുന്നത്. എന്നാല്‍ എല്ലാം തിരിച്ചാവും സംഭവിക്കുക,’

‘ഞാന്‍ അവനോട് നേരിട്ട് സംസാരിച്ചിരുന്നു. ഒന്നല്ല, ഒരുപാട് തവണ. ഞാന്‍ അവനെ പലതവണ കരയിപ്പിച്ചിട്ടുണ്ട്. അവന്‍ തകര്‍ന്നുപോയെന്ന് അവന്‍ തന്നെ എന്നോട് പല തവണ സമ്മതിച്ചിട്ടുണ്ട്,’ ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

എന്നാല്‍ താരത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട കരാര്‍ വിശദാംശങ്ങള്‍ മീഡിയയുടെ പക്കലെത്തിയതോടെ നെയ്മര്‍ സീനിയര്‍ ക്ലബ്ബിനെതിരെ തിരിയുകയായിരുന്നു.

‘ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നില്ല, നിങ്ങള്‍ എന്നോട് കള്ളം പറഞ്ഞിരിക്കുകയാണ്. ആദ്യം റോസെല്‍ എന്നെ ഉപേക്ഷിച്ചു, ശേഷം ബാര്‍ട്ടോ കരാറിലെത്തിയില്ല. ഇപ്പോള്‍ നിങ്ങള്‍ ലോയല്‍റ്റി ബോണസിനെ കുറിച്ചുള്ള വിവരങ്ങളും ലീക്ക് ചെയ്തിരിക്കുന്നു.

എനിക്കത് ഇന്ന് ലഭിച്ചില്ലെങ്കില്‍ കരാര്‍ നിയമപരമായി റിലീസ് ചെയ്യാന്‍ സാധിക്കും, നിങ്ങള്‍ക്ക് 222 മില്യണ്‍ യൂറോ ലഭിക്കാനും പോകുന്നില്ല,’ എന്നതായിരുന്നു നെയ്മറിന്റെ പിതാവ് ബാഴ്‌സക്ക് അയച്ച മെയിലില്‍ പറഞ്ഞത്.

2017ലാണ് നെയ്മര്‍ ബാഴ്‌സ വിട്ട് പി.എസ്.ജിയിലേക്ക് ചേക്കേറിയത്. റെക്കോഡ് തുകക്കാണ് താരം പാരീസില്‍ എത്തിയത്.

നിലവില്‍ പി.എസ്.ജിയുടെ മുന്നേറ്റത്തില്‍ മെസിക്കും എംബാപ്പെക്കുമൊപ്പം മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഒരേസമയം ഗോളടിച്ചും അടിപ്പിച്ചും സജീവമാവുന്ന നെയ്മറാണ് ടീമിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതെന്നായിരുന്നു പി.എസ്.ജി കോച്ച് ക്രിസ്‌റ്റോഫെ ഗാള്‍ട്ടിയര്‍ പറഞ്ഞത്.

 

Content Highlight: E Mails leading to the exit of Neymar from Barcelona have been leaked