മതത്തിന്റെയും ഭരണഘടനയുടെയും മൗലികാവകാശങ്ങളെ നിഷേധിക്കുന്നു; കുടുംബശ്രീ പ്രതിജ്ഞയിലെ തുല്യസ്വത്തവകാശത്തിനെതിരെ ഇ.കെ വിഭാഗം സമസ്ത നേതാവ്
Kerala News
മതത്തിന്റെയും ഭരണഘടനയുടെയും മൗലികാവകാശങ്ങളെ നിഷേധിക്കുന്നു; കുടുംബശ്രീ പ്രതിജ്ഞയിലെ തുല്യസ്വത്തവകാശത്തിനെതിരെ ഇ.കെ വിഭാഗം സമസ്ത നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd December 2022, 8:46 pm

കോഴിക്കോട്: കുടുംബശ്രീ സര്‍ക്കുലറിലെ സ്ത്രീകള്‍ക്കുള്ള പ്രതിജ്ഞക്കെതിരെ സമസ്ത ഇ.കെ. വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി. പ്രതിജ്ഞയിലെ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കുമെന്ന വാചകത്തിനെതിരെയാണ് നാസര്‍ ഫൈസി കൂടത്തായി രംഗത്തുവന്നിരിക്കുന്നത്.

സ്ത്രീക്കും പുരുഷനും തുല്യ സ്വത്തവകാശം നല്‍കുന്നത് മതപരമായ നിയമങ്ങളും വിശ്വാസങ്ങളും അടിസ്ഥാനപ്പെടുത്തി ഭരണഘടന നല്‍കുന്ന മൗലികാവകാശത്തെ ലംഘിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഖുര്‍ആന്‍ പ്രകാരം ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളതെന്നും സ്ത്രീയുടെ ജീവിതച്ചെലുവകളെല്ലാം വഹിക്കേണ്ടത് പുരുഷനാണ് എന്നുള്ളതുകൊണ്ടാണ് ഇത്തരത്തില്‍ പറയുന്നതെന്നും അദ്ദേഹം പറയുന്നു.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം, മരണാനന്തരചടങ്ങുകള്‍ തുടങ്ങിയ കാര്യങ്ങളിലെ സിവില്‍ നിയമങ്ങള്‍ മതപരമായ വിശ്വാസങ്ങളെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഭരണഘടനയില്‍ നിശ്ചയിച്ചിരിക്കുന്നതെന്നും തുല്യസ്വത്തവകാശം എന്ന പ്രതിജ്ഞ ഇതിന്റെ ലംഘനമാണെന്നുമാണ് നാസര്‍ ഫൈസി കൂടത്തായിയുടെ വാദം.

‘ഖുര്‍ആന്‍ പറയുന്നത്: ‘ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്’ (അന്നിസാഅ്: 11). സ്ത്രീക്ക് അല്‍പം പോലും സ്വത്തവകാശമില്ലെന്ന് പൗരാണികമായി കരുതി വന്ന ലോകത്തോടാണ് പിതാവിന്റെയും ഭര്‍ത്താവിന്റെയും മകന്റേയും സ്വത്തില്‍ സ്ത്രീക്ക് അനന്തര സ്വത്തവകാശം ഇസ്‌ലാം പ്രഖ്യാപിച്ചത്.

എന്നാല്‍ പിതാവിന്റെ സ്വത്തില്‍ അവര്‍ക്ക് പുരുഷന്റെ (സഹോദരന്റെ) പകുതിയാക്കിയത് വിവേചനമല്ല. സ്ത്രീയുടെ എല്ലാ ജീവിതച്ചെലവും വഹിക്കേണ്ടത് പുരുഷനാണ്. ഭര്‍ത്താവ് ദരിദ്രനും ഭാര്യ സമ്പന്നയുമാണെങ്കില്‍ പോലും അവരുടേയും ഭര്‍ത്താവിന്റെയും മക്കളുടേയും ചെലവ് വഹിക്കേണ്ട ബാധ്യത ഭര്‍ത്താവിനാണ്.

ഒരു ചില്ലിക്കാശും ചെലവിനത്തില്‍ വഹിക്കാതെ അനന്തരമായി കിട്ടുന്നതെല്ലാം സ്വന്തം ബാക്കിയിരിപ്പാക്കാന്‍ അവകാശം നല്‍കുന്നുണ്ട് ഇസ്‌ലാം സ്ത്രീക്ക്. അവരെ അവഗണിക്കുകയല്ല ഇരട്ടിയായി പരിഗണിക്കുകയാണെന്നിരിക്കെ ചെലവ് പരിഗണിക്കാതെയാണ് വരവിലെ വിവേചനം ചിലര്‍ ആരോപിച്ച് വന്നത്,’ നാസര്‍ ഫൈസി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലിക അവകാശ ലംഘനമാണിതെന്നും, ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി മതത്തിന്റെയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സര്‍ക്കുലര്‍ നിഷേധിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജെന്‍ഡര്‍ ക്യാമ്പെയ്‌നിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ 2022 നവമ്പര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമാണ് സ്ത്രീകള്‍ക്കുള്ള പ്രതിജ്ഞ.

സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകള്‍ക്കും കുടുംബശ്രീക്കും ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ നല്‍കുന്ന സര്‍ക്കുലറിലാണ് ഇതുള്ളത്. മാസത്തിലെ നാലാമത്തെ ആഴ്ചയില്‍ എല്ലാ കുടുംബശ്രീയിലും ജെന്‍ഡര്‍ റിസോഴ്‌സ് മീറ്റിലൂടെ പ്രതിജ്ഞ ചൊല്ലണമെന്നാണ് നിര്‍ദേശം.

സ്ത്രീകള്‍ക്കുള്ള പ്രതിജ്ഞയില്‍ പറയുന്നത്:

പെണ്‍കുഞ്ഞാകട്ടെ, ആണ്‍കുഞ്ഞാകട്ടെ രണ്ട് കുഞ്ഞുങ്ങളുടെയും ജനനം നമ്മള്‍ ആഘോഷിക്കും.

മകനും മകള്‍ക്കും തുല്യ വിദ്യാഭ്യാസത്തിനും തുല്യ പുരോഗതിക്കും തുല്യ അവസരം നല്‍കും.

ബാലവിവാഹത്തെയും നിര്‍ബന്ധിത വിവാഹത്തെയും ഗാര്‍ഹിക പീഡനങ്ങളെയും നമ്മള്‍ എതിര്‍ക്കും.

സ്ത്രീകളെയും പെണ്‍കുട്ടികളെയും ബഹുമാനിക്കാന്‍ നമ്മള്‍ ആണ്‍കുട്ടികളെ പഠിപ്പിക്കും.

സ്ത്രീകള്‍ക്കെതിരെയുള്ള ഏതതിക്രമത്തെയും നമ്മള്‍ എതിര്‍ക്കും, അതിജീവിതക്ക് നീതി ലഭിക്കാനുള്ള ഒരു അവസരവും നമ്മള്‍ പാഴാക്കില്ല.

എല്ലാ അതിജീവിതമാരെയും അന്തസ്സോടെ സംരക്ഷിക്കുകയും അവരുടെ അനുഭവങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.

നമ്മള്‍ ഒരിക്കലും നിയമം കയ്യിലെടുക്കുകയില്ല, സമാധാനത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും സന്ദേശങ്ങള്‍ എല്ലാ ഗ്രാമങ്ങളിലേക്കും എല്ലാ കുടുംബങ്ങളിലേക്കും എത്തിക്കും.

നമ്മള്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കും.

ദുര്‍ബലരെയും അഗതികളെയും നമ്മള്‍ പിന്തുണക്കും.

Content Highlight: E K Samastha Leader  Nasar Faizy Koodathai against Kudumbasree over it’s pledge for equal right in inheritance for men and women