അക്ഷയ ഇ കേന്ദ്രങ്ങള്‍ വഴി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഓണ്‍ലൈന്‍വത്കരണം യഥാര്‍ത്ഥത്തില്‍ ജനങ്ങളെ സര്‍ക്കാറാപ്പീസുകളില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. അപേക്ഷയുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവരോട് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ പോകാനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്നത്.

എഡിറ്റോ- റിയല്‍ / എം. ഇര്‍ഷാദ്
![]()
[] കേരളത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന സേവനങ്ങളില്‍ 38 എണ്ണം ഇപ്പോള്‍ ഓണ്‍ലൈനായാണ് നല്‍കുന്നത്.
അടുത്ത നാല് മാസത്തിനുള്ളില്‍ ഓണലൈന്‍ സേവനങ്ങള്‍ 130 ആക്കി ഉയര്‍ത്താനും ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും ഓണ്‍ലൈനില്‍ കൂടി ലഭിക്കുന്ന സേവനങ്ങളുടെ എണ്ണം 400 ആക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയുണ്ടായി.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആവേശത്തോടെ നടപ്പാക്കുന്ന ഇ ഗവേണന്‍സ് അഥവാ ഓണ്‍ലൈന്‍വത്കരണം പൊതുജനങ്ങള്‍ക്ക് ഭാരമായി മാറുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
എത്രയൊക്കെ ഇന്റര്‍നെറ്റ് സാക്ഷരത അവകാശപ്പെട്ടാലും കേരളത്തിലെ ബഹു ഭൂരിഭാഗം പേരും സ്വന്തമായി ഓണ്‍ലൈന്‍ അപേക്ഷകള്‍, പ്രത്യേകിച്ച് സര്‍ക്കാര്‍ അപേക്ഷകള്‍ തയ്യാറാക്കാന്‍ അറിയാത്തവരാണ് എന്ന സത്യം തിരിച്ചരിയണമെങ്കില്‍ ഇന്റര്‍നെറ്റ് കഫേകളിലും അക്ഷയ കേന്ദ്രങ്ങളിലും കുറച്ചു നേരം ചെന്നിരുന്നാല്‍ മതിയാകും.
അക്ഷയ ഇ കേന്ദ്രങ്ങള്‍ വഴി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഓണ്‍ലൈന്‍വത്കരണം യഥാര്‍ത്ഥത്തില്‍ ജനങ്ങളെ സര്‍ക്കാറാപ്പീസുകളില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. അപേക്ഷയുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവരോട് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ പോകാനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്നത്.
അക്ഷയ കേന്ദ്രങ്ങളാകട്ടെ സ്വകാര്യ വ്യക്തികളുടെ കീഴിലുള്ളതാണ്. കുറച്ചുകുടി വ്യക്തമായി പറഞ്ഞാല്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി അടുപ്പമുള്ളവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ (പൊതുവെ). ഇവര്‍ നടത്തുന്നത് സേവനകേന്ദ്രങ്ങളല്ല ബിസിനസ്സ് സ്ഥാപനങ്ങളാണ്.
ബിസിനസ്സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ലാഭത്തിന്മേലാണ്. അതിനാല്‍ തന്നെ അവര്‍ അപേക്ഷകള്‍ക്ക് മുപ്പതും അമ്പതും നൂറും രൂപ ഈടാക്കുന്നു.
എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും വകുപ്പുകളും പ്രവര്‍ത്തിക്കുന്നത് ലാഭത്തിനു വേണ്ടിയല്ല മറിച്ച് സേവനത്തിനു വേണ്ടിയാണ്. അതിനാല്‍ ഒരു അപേക്ഷക്ക് വില്ലേജ് ഓഫീസില്‍ വരുന്ന ചിലവ് അപേക്ഷയില്‍ ഒട്ടിക്കുന്ന 5 രൂപയുടെ സ്റ്റാമ്പ് ഫീ മാത്രമാണ്.
അക്ഷയ കേന്ദ്രങ്ങളിലെത്തുന്ന അപേക്ഷകരെ പലപ്പോഴും കാത്തിരിക്കുന്നത് നീണ്ട ക്യൂവായിരിക്കും. അവിടെ നിന്ന് പലപ്പോഴും ലഭിക്കുന്ന മറുപടി കുറച്ചു നേരം കാത്തിരിക്കണം എന്നായിരിക്കും. അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാന്‍ പിന്നെയും കുറേ കാത്തിരക്കേണ്ടി വരും. എല്ലാം കഴിയുമ്പോഴേക്കും അപേക്ഷ സമര്‍പ്പിക്കാന്‍ മാത്രം ഒരു ദിവസം വേണ്ടി വരുന്നു.
ഇ ഗവേണനന്‍സിനാണ് സര്‍ക്കാര്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും രാജ്യത്ത് 50 ജില്ലകളെ ഇ ജില്ലകളായി പ്രഖ്യാപിച്ചതില്‍ 14 ഉം കേരളത്തിലാണെന്നും ഉമ്മന്‍ചാണ്ടി മേനി പറയുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൂടി ആലോചിക്കാന്‍ അദ്ദേഹം ബാദ്ധ്യസ്ഥനാണ്. ഇതുകൂടാതെ ഇ സാക്ഷരതയില്‍ അധികമൊന്നും മുന്നോട്ട് പോകാത്ത വയനാട്, കാസര്‍ഗോഡ്, ഇടുക്കി തുടങ്ങിയ ജില്ലകളുടെ കാര്യവും പരിഗണിച്ചിട്ടില്ല.
ഇ ഗവേണന്‍സ് കാലത്തിന്റെ ആവശ്യമാണ്. എന്നാല്‍ അത് നടപ്പിലാക്കേണ്ടത് സ്വകാര്യ വ്യക്തിയോ സ്ഥാപനങ്ങളോ ആകുന്നത് ഉചിതമാണോ എന്ന ചോദ്യം ഉയര്‍ന്ന് വരേണ്ടതുണ്ട്. ഓണ്‍ലൈന്‍വത്കരണം പൊതുജനത്തിന് ഭാരമല്ല എളുപ്പമാണ് നല്‍കേണ്ടത്.
