'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി ഉപേക്ഷിക്കില്ല: റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍
Daily News
'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി ഉപേക്ഷിക്കില്ല: റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍
ന്യൂസ് ഡെസ്‌ക്
Monday, 11th July 2016, 10:22 am

chandrasekharanതിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന്റെ “ഭൂരഹിതരില്ലാത്ത കേരളം” പദ്ധതി ഉപേക്ഷിക്കില്ലെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍.

പട്ടയ വിതരണവുമായി ബന്ധപ്പെട്ട് ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഈ പരാതികള്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.

ഭൂമിയുടെ ന്യായവിലയെ കുറിച്ചുള്ള പരാതികള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്നും റവന്യു മന്ത്രി നിയമസഭയെ അറിയിച്ചു.

കണ്ണൂരിലും കാസര്‍കോട്ടും തുടങ്ങി വച്ച “ഭൂരഹിതരില്ലാത്ത കേരള”മെന്ന പദ്ധതി യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ലെന്ന് ചന്ദ്രശേഖരന്‍ നിയമസഭയില്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഈ ജില്ലകള്‍ ഭൂരഹിതരില്ലാത്ത ജില്ലകളായിരുന്നെങ്കില്‍ ഇത്രയും പരാതികള്‍ ലഭിച്ചത് എങ്ങിനെയെന്നും മന്ത്രി ചോദിച്ചിരുന്നു.

ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടുമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അര്‍ഹതപ്പെട്ട കുടിയേറ്റക്കാര്‍ക്ക് നിയമത്തിന് വിധേയമായി പട്ടയം നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മാറിമാറി വരുന്ന സര്‍ക്കാരുകളുടെ പതിവ് വാഗ്ദാനമായ “ഭൂമിയില്ലാത്തവര്‍ക്ക് 3 സെന്റ്ഭൂമി”നല്‍കുമെന്ന പ്രഖ്യാപനം ഇത്തവണത്തെ ബജറ്റിലും ആവര്‍ത്തിച്ചിരുന്നു.

വിതരണം ചെയ്യാനുള്ള ഭൂമി അക്വയര്‍ ചെയ്ത് ഏറ്റെടുക്കുകയോ പുറമ്പോക്ക് ലഭ്യമാക്കുകയോ ചെയ്യുമെന്നാണ് മന്ത്രി തോമസ് ഐസക്കിന്റെ  വാഗ്ദാനം. എന്നാലിത് കഴിഞ്ഞ സര്‍ക്കാരിന്റെ ബജറ്റുകളിലും ആവര്‍ത്തിക്കപ്പെട്ടത് മാത്രമാണ്.

ഭൂമിയേറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം പ്രഖ്യാപനങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലത്തും ആവര്‍ത്തിക്കപ്പെടുന്നത്. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് രണ്ടര ലക്ഷത്തോളം ഭൂരഹിതുണ്ടെന്നാണ്.

കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കുമെന്നാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഓരോ ബജറ്റും വാഗ്ദാനം ചെയ്തിരുന്നത്. 3 ലക്ഷം പേര്‍ അപേക്ഷ നല്‍കി കാത്തിരുന്നപ്പോള്‍ കുറച്ചു പേര്‍ക്ക് മാത്രമാണ് ഭൂമി നല്‍കാനായത്.