ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Munnar
കുറിഞ്ഞി ഉദ്യാനത്തില്‍നിന്നു നിയമസാധുതയുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ല: ഇ. ചന്ദ്രശേഖരന്‍
ന്യൂസ് ഡെസ്‌ക്
Monday 11th December 2017 12:48pm

തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനത്തില്‍നിന്നു നിയമസാധുതയുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍.

കുയേറ്റക്കാരുള്‍പ്പെടെ ധാരളം പേര്‍ അധിവസിക്കുന്ന മേഖലയാണിത്. മേഖല മുഴുവന്‍ സാങ്ച്വറിയാക്കും എന്ന ആശങ്ക പ്രദേശത്തെ ജനങ്ങള്‍ക്കുണ്ട്. വര്‍ഷങ്ങളായി അവിടെതാമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ആശങ്കയുണ്ടാവേണ്ടതില്ല. നിയമാനുസൃതമായി രേഖകളുള്ളവരെ സംരക്ഷിക്കും-മന്ത്രി പറഞ്ഞു.

മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സെറ്റില്‍മെന്റ് നടപടി പൂര്‍ത്തിയാക്കണം. ഉദ്യോഗസ്ഥരെ ജോലി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ഇ. ചന്ദ്രശേഖരന്‍ അഭ്യര്‍ഥിച്ചു.

റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, വനംമന്ത്രി കെ.രാജു, വൈദ്യുതിമന്ത്രി എം.എം.മണി എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം. കൊട്ടക്കമ്പൂരും വട്ടവടയും സന്ദര്‍ശിക്കുമെന്നും കുറിഞ്ഞി ഉദ്യാന സംരക്ഷണവും ജനങ്ങളുടെ ആശങ്കയകറ്റലുമാണ് സന്ദര്‍ശന ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, കുറിഞ്ഞിസങ്കേതം സന്ദര്‍ശിക്കുന്ന മന്ത്രിതലസംഘം കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്നു സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ ആവശ്യപ്പെട്ടു.

മന്ത്രിമാരുടെ സന്ദര്‍ശനം തടസമില്ലാതെ പൂര്‍ത്തിയാക്കണം. സര്‍ക്കാര്‍ നിലപാടു കര്‍ഷകര്‍ക്ക് അനുകൂലമാണ്. സിപിഐ നിലപാടും ഇതാണ്. മാധ്യമങ്ങളെ പ്രദേശത്തുനിന്നു മാറ്റിനിര്‍ത്തരുതെന്നും കെ.കെ. ശിവരാമന്‍ പറഞ്ഞു.

അതേസമയം, കൊട്ടാക്കമ്പൂര്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കുമെന്നു വൈദ്യുതി മന്ത്രി എം.എം. മണി. മന്ത്രിതല സംഘം ആവശ്യമുള്ളിടത്തെല്ലാം പോകും. മാധ്യമങ്ങളെ തടയുന്നതിനോടു യോജിപ്പില്ല. എന്നാല്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതു താനല്ലെന്നും മണി പറഞ്ഞു.

12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇടുക്കി ജില്ലയിലെ കൊട്ടക്കമ്പൂര്‍, വട്ടവട വില്ലേജുകളിലെ 3200 ഹെക്ടര്‍ സ്ഥലം 2006-ല്‍ നീലക്കുറിഞ്ഞി സങ്കേതമായി പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനമുണ്ടായി പതിനൊന്നു വര്‍ഷമായിട്ടും അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.

നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതത്തില്‍ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയാണ് വിജ്ഞാപനമുണ്ടാകാതിരിക്കാനുള്ള കാരണം.

Advertisement