ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തുക; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
Kerala
ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തുക; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th November 2025, 7:30 am

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ അക്രമി ചവിട്ടിവീഴ്ത്തിയ സംഭവം ഞെട്ടിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ.

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ച് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന സംഭവമാണിതെന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ട്രെയിനിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ അവസ്ഥ മുതല്‍ ഇങ്ങോട്ട് ട്രെയിന്‍ യാത്രയിലെ സ്ത്രീ സുരക്ഷിതത്വം നാം ചര്‍ച്ച ചെയ്യുകയാണ്. യാത്രക്കാരുടെ ജീവന് റെയില്‍വേ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല എന്നുള്ളതിന്റെ അവസാനത്തെ ഉദാഹരണമാണ് വര്‍ക്കലയില്‍ ഉണ്ടായതെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

കോഴിക്കോട് വെച്ച് ട്രെയിനിന് തീയിട്ട സംഭവവും വിവിധ ഘട്ടങ്ങളില്‍ യാത്രക്കാരും ടി.ടി.ആറും ഉള്‍പ്പെടെ ആക്രമിക്കപ്പെടുന്ന സംഭവങ്ങളും ആവര്‍ത്തിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. കേരളത്തിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകളില്‍ ആവശ്യത്തിന് പൊലീസിനെയോ സുരക്ഷാ ജീവനക്കാരെയോ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

‘റെയില്‍വേയില്‍ കുറെ വര്‍ഷങ്ങളായിട്ട് സ്ഥിരം നിയമനങ്ങള്‍ നടക്കുന്നില്ല. പകരം പല പോസ്റ്റുകളും കരാര്‍വത്ക്കരിക്കുകയും ചെയ്തു. റെയില്‍വേയില്‍ അപ്രഖ്യാപിത നിയമന നിരോധനം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്.

അതിന്റെ ഫലമായി തന്നെ ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയുണ്ട്. പണം മുടക്കി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുന്നില്ല,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തോട് തുടരുന്ന റെയില്‍വേയുടെ അവഗണനയുടെ മറ്റൊരു പരിണിതഫലം കൂടിയാണ് ഇത്തരത്തില്‍ നടക്കുന്ന അക്രമങ്ങള്‍. അത്യന്തം ഗുരുതരവും നിരുത്തരവാദിത്തപരവുമായ കേന്ദ്രസര്‍ക്കാരിന്റെ ഈ കെടുകാര്യസ്ഥത അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രതികരണമുണ്ട്.

യാത്രക്കാരുടെ ജീവന്‍ വെച്ച് പന്താടുന്ന റെയില്‍വേയുടെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. അക്രമത്തിനിരയായ യുവതിക്ക് സൗജന്യമായ ചികിത്സ റെയില്‍വേ ഉറപ്പുവരുത്തണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.


റെയില്‍വേയുടെ അനാസ്ഥകള്‍ ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ പാലക്കാട്, കാസര്‍ഗോഡ് ജില്ലാ നേതൃത്വങ്ങള്‍ പ്രതിഷേധ മാര്‍ച്ചുകളും സംഘടിപ്പിച്ചു.

നീലേശ്വരം റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയാണ് ഡി.വൈ.എഫ്.ഐ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി വിഷയത്തില്‍ ഇടപെട്ടത്. പാലക്കാട് റെയില്‍വേ സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധ മാര്‍ച്ച് നടന്നു.

Content Highlight: DYFI protests, demands central government to ensure safety of train passengers