വടകരയില്‍ ഷാഫി പറമ്പിലിനെ തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍; വാഹനത്തില്‍ നിന്നിറങ്ങി പ്രവര്‍ത്തകരുമായി വാക്കേറ്റം
Kerala
വടകരയില്‍ ഷാഫി പറമ്പിലിനെ തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍; വാഹനത്തില്‍ നിന്നിറങ്ങി പ്രവര്‍ത്തകരുമായി വാക്കേറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th August 2025, 3:28 pm

വടകര: വടകരയില്‍ ഷാഫി പറമ്പിലിനെ തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ടൗണ്‍ മുനിസിപ്പല്‍ ഹാളില്‍ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ഷാഫി പറമ്പില്‍ എം.പി. പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴാണ് ഡി.വൈ.എഫ്.ഐ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.

എന്നാല്‍ പ്രതിഷേധത്തില്‍ അസ്വസ്ഥനായ എം.പി വാഹനത്തില്‍ നിന്നിറങ്ങി പ്രവര്‍ത്തകരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

പൊലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഷാഫിയോട് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. വാഹനത്തില്‍ നിന്നിറങ്ങി എം.പി ഓഫീസിലേക്ക് നടന്നുപോകുകയായിരുന്നു ഷാഫി.

സമരക്കാര്‍ പ്രതിഷേധമെന്ന പേരില്‍ ആഭാസത്തരം കാണിച്ചെന്നും തെറി ഭാഷയാണ് ഉപയോഗിച്ചതെന്നും പേടിച്ചോടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

‘വടകര അങ്ങാടീന്ന് പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടെ തന്നെ കാണും. പ്രതിഷേധത്തിന്റെ പേരില്‍ ആഭാസത്തരം വിളിച്ചാല്‍ അത് കേട്ട് നില്‍ക്കില്ല,’ എന്നായിരുന്നു ഷാഫി പറമ്പില്‍ പറഞ്ഞു.

നടുറോഡില്‍ വെച്ചായിരുന്നു എം.പി പ്രതിഷേധക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് റോഡില്‍ ഏറെ നേരം ഗതാഗതതടസം ഉണ്ടാവുകയും ചെയ്തു.

ഷാഫി പറമ്പിലിനൊപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ നേരിടാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.

Content Highlight: DYFI Protest against Shafi parambil