ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് എന്‍.ഐ.ടി പ്രൊഫസര്‍; ഷൈജ ആണ്ടവനെ പുറത്താക്കണമെന്ന് ഡി.വൈ.എഫ്.ഐ
Kerala News
ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് എന്‍.ഐ.ടി പ്രൊഫസര്‍; ഷൈജ ആണ്ടവനെ പുറത്താക്കണമെന്ന് ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd February 2024, 7:17 pm

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നാഥുറാം വിനായക ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ പുറത്താക്കണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.

ഗാന്ധിയെ കൊന്നതിലൂടെ ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചു എന്ന് പറഞ്ഞ് സമൂഹത്തില്‍ കലാപം ഉണ്ടാക്കാന്‍ വേണ്ടി ശ്രമിച്ച അധ്യാപിക ഷൈജ ആണ്ടവനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ എന്‍.ഐ.ടിയില്‍ നിന്ന് പുറത്താക്കണമെന്നും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം നല്‍കുകയും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അടയാളമായി മാറുകയും ചെയ്ത ഗാന്ധിയെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ കുറിച്ചു.

ഗാന്ധിജിയെ കൊലപ്പെടുത്തിയ ഹിന്ദുത്വ ഭീകരനായ ഗോഡ്‌സെക്ക് വീര പരിവേഷം നല്‍കി ഗാന്ധിജിയെ അധിക്ഷേപിച്ച് രാജ്യത്തെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയും സംഘര്‍ഷവും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി. ഇത് രാജ്യദ്രോഹപരവും ചരിത്രത്തോടുള്ള അവഹേളനവുമാണെന്ന് സംഘടന വ്യക്തമാക്കി.

കോഴിക്കോട് എന്‍.ഐ.ടിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗം പ്രൊഫസറാണ് ഷൈജ ആണ്ടവന്‍. അഡ്വ. കൃഷ്ണരാജ് ഇട്ട പോസ്റ്റിന് മറുപടിയായിട്ടാണ് പ്രൊഫസറുടെ ഈ കമന്റ്.

ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ ആണെന്നായിരുന്നു അഡ്വ. കൃഷ്ണരാജിന്റെ പോസ്റ്റ്. ഇതിന്റെ കമന്റായിട്ടാണ് ഷൈജ ആണ്ടവന്‍ പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിങ് ഇന്ത്യ എന്ന് കമന്റിട്ടത്.

എന്നാല്‍ ഗൗരവത്തിലുള്ള കമന്റല്ല ഇതെന്നും ഇത്രയും വിവാദമാകുമെന്ന് കരുതിയില്ലെന്നുമാണ് ഷൈജ പ്രതികരിച്ചത്. കമന്റ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷൈജ പറഞ്ഞു.

Content  Highlight: DYFI demands that Shaija Andavan should be expelled