ഗവര്‍ണറെ പിന്തുണച്ച സുധാകരന്റെ പ്രസ്താവനയില്‍ ലീഗിന്റെ നിലപാടെന്താണ്, കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടാണോയെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്: ഡി.വൈ.എഫ്.ഐ
Kerala
ഗവര്‍ണറെ പിന്തുണച്ച സുധാകരന്റെ പ്രസ്താവനയില്‍ ലീഗിന്റെ നിലപാടെന്താണ്, കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടാണോയെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്: ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th December 2023, 7:07 am

കോഴിക്കോട്: കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ സെനറ്റുകളിലേക്ക് സംഘപരിവാര്‍ അനുകൂലികളെ നിയമിച്ച ഗവര്‍ണറുടെ നടപടിയെ പിന്തുണച്ചുകൊണ്ടുള്ള കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയില്‍ കടുത്ത വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ.

കെ.സുധാകരന്റെ പ്രസ്താവന കോണ്‍ഗ്രസ്സ്-ബി ജെ പി രഹസ്യ ബാന്ധവത്തിന്റെ തെളിവാണെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു. ഇതിലൂടെ കേരളത്തിലെ കോണ്‍ഗ്രസ്സ് ആര്‍.എസ്.എസ്സിന് വിടുപണി ചെയ്യുകയാണെന്നും ഗവര്‍ണ്ണറുടെ നോമിനികള്‍ സംഘപരിവാര്‍ ആയതു കൊണ്ട് മാത്രം എതിര്‍ക്കില്ല എന്ന് പറയുന്ന സുധാകരന്‍ ആര്‍.എസ്.എസ്സിന്റെ പിന്‍വാതില്‍ രാഷ്ട്രീയത്തിന് പരവതാനി വിരിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.

ഗവര്‍ണറുടെ തീരുമാനങ്ങള്‍ എന്തുതന്നെയായാലും എതിര്‍ക്കില്ല എന്ന് പറഞ്ഞ കെ.പി.സി.സി അധ്യക്ഷന്‍ കേരളത്തിലെ കോണ്‍ഗ്രസ്സും ആര്‍ എസ്സ്.എസ്സും തമ്മിലുള്ള അവിശുന്ധ രാഷ്ട്രീയ സഖ്യം പരസ്യമാക്കിയിരിക്കുകയാണ്.

ഇത് കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് ദേശീയ നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്. സഖ്യ കക്ഷിയായ മുസ്‌ലിം ലീഗിനും ഇതേ നിലപാടാണോ എന്ന് അറിയേണ്ടതുണ്ട്.

കോണ്‍ഗ്രസ്സ് പിന്തുണയോടെ കേരളത്തിലെ വിദ്യാഭ്യാസ മേഖല കാവിവത്കരിച്ചു കളയാമെന്ന ചാന്‍സിലറുടെ മോഹം കേവലം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കുമെന്നും രാഷ്ട്രീയ ദുരന്തമായ സുധാകരന്റെ ഈ സംഘപരിവാര്‍ അനുകൂല നിലപാടിന് മതേതര കേരളം മറുപടി പറയുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

സംഘപരിവാറിലും കൊള്ളാവുന്നവരുണ്ടെന്നും അവരെ സെനറ്റുകളിലേക്ക് നോമിനേറ്റ് ചെയ്തത ഗവര്‍ണറുടെ നടപടിയെ എതിര്‍ക്കുന്നില്ല എന്നുമായിരുന്നു കെ.സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

സംഘപരിവാര്‍ മാത്രമായതുകൊണ്ട് എതിര്‍ക്കുന്നില്ലെന്നും അവരും ജനാധിപത്യത്തില്‍ ഇടപെടുന്ന ഒരു പാര്‍ട്ടിയല്ലേയെന്നും കെ.പി.സി.സി പ്രസിഡന്റ് ചോദിച്ചിരുന്നു.

ഗവര്‍ണറുടെ ഉത്തരവാദിത്തത്തെ പിന്തുണക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.

സിന്റിക്കേറ്റിലെയും സെനറ്റിലെയും നിയമനങ്ങളെ രാഷ്ട്രീയം തിരിച്ച് കാണുന്നില്ലെന്നും അവരില്‍ യോഗ്യതയുള്ളവരുണ്ടോ എന്നാണ് തങ്ങള്‍ പരിശോധിക്കുന്നതെന്നും പറഞ്ഞ കെ.സുധാകരന്‍ അത് പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു.

അതേസമയം സംഘപരിവാറുകാരെ സെനറ്റിലേക്കും സിന്റിക്കേറ്റിലേക്കും നിയമിച്ച ഗവര്‍ണറുടെ നടപടിയെ എതിര്‍ക്കുന്നില്ലെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസിനകത്ത് നിന്നു തന്നെ വലിയ പ്രതിഷേധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

ഡി.വൈ.എഫ്.ഐയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം

കേരളത്തിലെ സര്‍വകലാശാലകളുടെ സെനറ്റുകളിലേക്ക് ആര്‍ എസ് എസുകാരെ തിരുകി കയറ്റിയ ഗവര്‍ണ്ണറുടെ നടപടിയെ അനുകൂലിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന കോണ്‍ഗ്രസ്സ്-ബി ജെ പി രഹസ്യ ബാന്ധവത്തിന്റെ തെളിവാണ്.

ഇതിലൂടെ കേരളത്തിലെ കോണ്‍ഗ്രസ്സ് ആര്‍.എസ്.എസ്സിന് വിടുപണി ചെയ്യുകയാണ്. ഗവര്‍ണ്ണറുടെ നോമിനികള്‍ സംഘപരിവാര്‍ ആയതു കൊണ്ട് മാത്രം എതിര്‍ക്കില്ല എന്നു പറയുന്ന സുധാകരന്‍ ആര്‍.എസ്.എസ്സിന്റെ പിന്‍വാതില്‍ രാഷ്ട്രീയത്തിന് പരവതാനി വിരിക്കുകയാണ്.

ഒരു ഗവര്‍ണര്‍ ചെയ്യുന്ന കാര്യത്തെ ഞങ്ങള്‍ എന്തിനാണ് വിമര്‍ശിക്കുന്നത്? ബിജെപി അനുകൂല അളുകളെ നോമിനേറ്റ് ചെയ്തതിനെ എതിര്‍ക്കുന്നില്ല. അതിലെന്താണ് തെറ്റുള്ളത്. അവിടെയും നല്ല ആളുകള്‍ ഉണ്ട് അവരെ വെക്കുന്നതിനെ എതിര്‍ക്കില്ല. കോണ്‍ഗ്രസ്സിലെ പറ്റുന്നവരെ എടുക്കുമ്പോള്‍ ഞങ്ങള്‍ അതിനെയും സ്വീകരിക്കും എന്ന നിലയില്‍ ദേശീയ തലത്തിലെ കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടു പോലും തമസ്‌കരിച്ചു കൊണ്ടാണ് കെ സുധാകരന്‍ മുന്നോട്ട് പോകുന്നത്.

ഗവര്‍ണറുടെ തീരുമാനങ്ങള്‍ എന്തുതന്നെയായാലും എതിര്‍ക്കില്ല എന്ന് കൂടി പറഞ്ഞ കെ.പി.സി.സി അധ്യക്ഷന്‍ കേരളത്തിലെ കോണ്‍ഗ്രസ്സും ആര്‍.എസ്.എസ്സും തമ്മിലുള്ള അവിശുന്ധ രാഷ്ട്രീയ സഖ്യം പരസ്യമാക്കിയിരിക്കുകയാണ്.

ഇത് കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് ദേശീയ നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്. സഖ്യ കക്ഷിയായ മുസ്‌ലിം ലീഗിനും ഇതേ നിലപാടാണോ എന്ന് അറിയേണ്ടതുണ്ട്.

കോണ്‍ഗ്രസ്സ് പിന്തുണയോടെ കേരളത്തിലെ വിദ്യാഭ്യാസ മേഖല കാവിവത്കരിച്ചു കളയാമെന്ന ചാന്‍സിലറുടെ മോഹം കേവലം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കുമെന്നും രാഷ്ട്രീയ ദുരന്തമായ സുധാകരന്റെ ഈ സംഘപരിവാര്‍ അനുകൂല നിലപാടിന് മതേതര കേരളം മറുപടി പറയുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

Content Highlight: DYFI criticise K Sudhakaran comment to support Kerala Governor