തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ ബി.ജെ.പി നടത്തിയ പ്രകടനത്തിനിടയില്‍ വിളിച്ച മതവിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യത്തിനെതിരെ ഡി.വൈ.എഫ്.ഐ പരാതി നല്‍കി. ബുധനാഴ്ച വൈകീട്ട് ജയകൃഷ്ണന്‍ അനുസ്മരണ ദിനത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിലായിരുന്നു മുസ്‌ലിം പള്ളികളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന തരത്തില്‍ മുദ്രാവാക്യം വിളിച്ചത്.
യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയായിരുന്നു റാലി സംഘടിപ്പിച്ചത്. ”അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല,” എന്നായിരുന്നു വിവാദമായ മതവിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യം.
”യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശ്ശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെ ഉയര്‍ത്തിയ വിദ്വേഷമുദ്രാവാക്യങ്ങള്‍ കേരളത്തിന്റെ ഐക്യം തകര്‍ക്കുന്നതാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ മതത്തിന്റെ പേരില്‍ വെറുപ്പ് വളര്‍ത്താനാണ് ശ്രമം.
ഇത് അനുവദിക്കാന്‍ കഴിയില്ല. മതേതരം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നല്‍കേണ്ടതുണ്ട്,” ഡി.വൈ.എഫ്.ഐ കേരളയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രകടനത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കും മുദ്രാവാക്യം വിളിച്ചവര്‍ക്കുമെതിരെ ഡി.വൈ.എഫ്.ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി സി.എന്‍. ജിഥുനിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.