ഡി.വൈ.എഫ്.ഐയുടെ ആക്രമണം ഭയന്ന് ആറുകുടംബങ്ങള്‍ ഒരാഴ്ചയായി പള്ളിയില്‍; അക്രമികള്‍ക്ക് പൊലീസിന്റെ ഒത്താശയെന്ന് എം.എല്‍.എ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 
social issue
ഡി.വൈ.എഫ്.ഐയുടെ ആക്രമണം ഭയന്ന് ആറുകുടംബങ്ങള്‍ ഒരാഴ്ചയായി പള്ളിയില്‍; അക്രമികള്‍ക്ക് പൊലീസിന്റെ ഒത്താശയെന്ന് എം.എല്‍.എ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 
ന്യൂസ് ഡെസ്‌ക്
Sunday, 30th December 2018, 2:24 pm

കോട്ടയം:കോട്ടയം പത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ ഡി.വൈ.എഫ്.ഐയുടെ ആക്രമണം ഭയന്ന് ആറ് കുടുംബങ്ങള്‍ കഴിയുന്ന വാര്‍ത്ത ഒരാഴ്ചയായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. 37 പേരടങ്ങുന്ന ആറ് കുടംബമാണ് പള്ളി അഭയകേന്ദ്രമാക്കിയത്.

ക്രിസ്മസിന് രണ്ട് ദിവസം മുമ്പാണ് സംഭവങ്ങളുടെ തുടക്കം. കരോളിനിടെ കുട്ടികളടങ്ങുന്ന 43 അംഗ സംഘത്തിന് നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരടങ്ങുന്ന സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു.

അവര്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും നഗ്‌നത പ്രദര്‍ശിപ്പിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അക്രമി സംഘം പെണ്‍കുട്ടികളെ ആക്രമിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും കരോള്‍ സംഘത്തിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

six families live in church fearing

കരോള്‍ സംഘത്തെ ആക്രമിച്ചതിന് പുറമെ വാദ്യോപകരണങ്ങള്‍ നശിപ്പിക്കുകയും ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തുമ്പോള്‍ ഇവര്‍ മദ്യപിച്ചതായും ആക്രമത്തിനിരയായവര്‍ പറഞ്ഞു. പ്രകോപനമൊന്നുമില്ലാതെയാണ് ആക്രമണം നടന്നതെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ALSO READ: മുതലാഖ് ബില്‍ : മുസ്‌ലിം പുരുഷന്മാര്‍ക്കുള്ള ശിക്ഷയും പാഠവും

കേസില്‍ ഇതുവരെ ഏഴുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ആറുപേര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. അറസ്റ്റ് ചെയ്തെങ്കിലും ഇവര്‍ക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. പത്താമുട്ടത്തേക്ക് പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം നല്‍കിയത്. എന്നാല്‍ ഇവര്‍ പത്താമുട്ടത്ത് തന്നെയുണ്ടെന്നും എന്നും തങ്ങളുടെ മുമ്പിലൂടെ പോകാറുണ്ടെന്നും ചര്‍ച്ച് കമ്മിറ്റി സെക്രട്ടറി പി.സി. ജോണ്‍സണ്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് ആ കുടുംബങ്ങള്‍ക്കുള്ളത്. ഇപ്പോഴും ഭീഷണി നിലനില്‍ക്കുന്നുണ്ട്. പ്രതികള്‍ ജാമ്യത്തിലറങ്ങി അവര്‍ കൂസലില്ലാതെ ഞങ്ങളുടെ മുമ്പിലൂടെ നടക്കുന്നു. എന്തൊരു കഷ്ടമാണിത്. നീതി ഞങ്ങള്‍ക്ക് വേണ്ടേ- പി.സി.ജോണ്‍സണ്‍ ചോദിക്കുന്നു.

അക്രമിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് കൃത്യമായ പരിചരണം ആശുപത്രിയില്‍ നിന്ന് ലഭിച്ചില്ലെന്ന ആരോപണവും പി.സി.ജോണ്‍സണ്‍ ഉന്നയിക്കുന്നുണ്ട്. രാത്രി 10 മണിക്കാണ് ആക്രമണം നടന്നത്. പൊലീസ് വന്ന് ഏറെ വൈകിയാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാനായത്. താലൂക്കാശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. വളരെ മോശമായാണ് ഡ്യൂട്ടി ഡോക്ടര്‍ പെരുമാറിയതെന്ന് ജോണ്‍സണ്‍ പറഞ്ഞു.

“”നിങ്ങളിപ്പോഴും കരയാണോ..കുറെ നേരായില്ലെ തല്ല് കിട്ടീട്ട്. ഇനിയെങ്കിലും നിര്‍ത്തിക്കൂടെ”” എന്നായിരുന്നു ഡ്യൂട്ടി ഡോക്ടറുടെ പ്രതികരണം. താലൂക്കാശുപത്രിയും കോട്ടയം ജില്ലാ ആശുപത്രിയും കിടത്തി ചികിത്സ നിഷേധിച്ചെന്നും പി.സി ജോണ്‍സണ്‍ പറഞ്ഞു. ആക്രമണത്തില്‍ വിദ്യാര്‍ഥിനിയായ എമിയ.സി. തങ്കച്ചന് ഗുരുതരമായ പരിക്കാണ് പറ്റിയത്. മുഖത്ത് ആറു തുന്നലുകളാണുള്ളത്.

ALSO READ: ഹജ്ജ്, ഒരനുഭവം

ഞങ്ങള്‍ക്ക് നല്ല പേടിയുണ്ട്. പുറത്തിറങ്ങാന്‍ ഭയമാണ്. അവര്‍ ഇനിയും ആക്രമിക്കും. സാമൂഹ്യമാധ്യമങ്ങളില്‍ അവര്‍ ഞങ്ങള്‍ക്കെതിരെ വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല- ആക്രമത്തിനിരയായ ഒരു പെണ്‍കുട്ടി പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ സി.പി.ഐ.എമ്മിനോ ഡി.വൈ.എഫ്.ഐക്കോ യാതൊരു പങ്കുമില്ലെന്ന് സി.പി.ഐ.എം. ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ പ്രതികരിച്ചു. പത്താമുട്ടത്തേത് പ്രാദേശിക പ്രശ്നമാണെന്നും അതിലേക്ക് പാര്‍ട്ടിയെ വലിച്ചിഴയ്ക്കുന്നതില്‍ ദുരുദ്ദേശമുണ്ടെന്നും അദ്ദേഹം പറയുന്നു. ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐക്ക് പങ്കില്ലെന്ന് വിശദീകരണമാണ് ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ഡിലീഷും നല്‍കിയത്.

എന്നാല്‍ ആക്രമിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് പ്രാദേശികവാസികള്‍ പറയുന്നു. “”അവര്‍ ഈ നാട്ടുകാരാണ്. .ഞങ്ങള്‍ക്ക് അറിയാവുന്നവരാണ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളില്‍ അവരെ കണ്ടിട്ടുണ്ട്. ഇപ്പോള്‍ വാസവന്‍ അടക്കമുള്ളവര്‍ നുണ പറയുകയാണ്- പള്ളിയുമായി ബന്ധപ്പെട്ടവര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടു. സാംസ്‌കാരിക പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയക്കാരും ഇവിടെ സന്ദര്‍ശിച്ചു. സി.പി.ഐ.എമ്മില്‍ നിന്നുമാത്രം ഒരാളും വന്നില്ല. അതിന് കാരണം അവര്‍ തന്നെ കാണിച്ച ആക്രമണം ആയതുകൊണ്ടാണെന്നും ചര്‍ച്ച് സെക്രട്ടറി സി.പി. ജോണ്‍സണ്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിന് പുറമെ പള്ളിയിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ അമ്പതോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വടിവാളും കല്ലുമായി എത്തി ആക്രമിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും പള്ളിഭാരവാഹികള്‍ ഉന്നയിക്കുന്നുണ്ട്. പക്ഷെ ഈ ആക്രമണത്തിന്റെ സത്യാവസ്ഥ അറിയില്ലെന്നാണ് പ്രാദേശവാസികള്‍ അറിയിച്ചത്.

ALSO READ: സെന്‍കുമാറിന്റെ വെളിപാടുകള്‍

ദേവാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ ഭാഗമാണ് ഇതൊന്ന് ആംഗ്ലിക്കന്‍ ബിഷപ്പ് ഡോ.സ്റ്റീഫന്‍ വട്ടപ്പാറ പ്രതികരിച്ചു. ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. പൊലീസ് അക്രമികള്‍ക്ക് ഒത്താശ നല്‍കുകയാണ്. വിശ്വാസികള്‍ക്ക് നേരെയുള്ള ഇത്തരം ചെയ്തികളുടെ ഫലം സി.പി.ഐ.എം അറിയുമെന്ന് പള്ളി ഭാരാവാഹികള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ആക്രമണം നടത്തിയത് പ്രദേശത്തെ കഞ്ചാവ് മാഫിയയാണെന്നാണ് കോണ്‍ഗ്രസ് നേതാവും എം.എല്‍.എ.യുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചത്.””ഇവര്‍ക്ക് സിപി.ഐ.എമ്മുമായി ബന്ധമുണ്ട്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്.  ദുര്‍ബലമായ വകുപ്പുകളാണ് പൊലീസ് പ്രതികള്‍ക്കുമേല്‍ ചുമത്തിയത്. പൊലീസില്‍ ചിലയാളുകളുടേയും സി.പി.ഐ.എമ്മിന്റേയും ഗൂഢാലോചന ഇതിന് പിന്നിലുണ്ട്””- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുന്ന വകുപ്പുകളാക്കാന്‍ ആശുപത്രിയില്‍ ചെന്ന് പ്രതികള്‍ ഒ.പി. ടിക്കറ്റെടുത്തെന്നും ഇത് കാണിച്ചാണ് ജാമ്യം അനുവദിക്കപ്പെട്ടെതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇക്കൂട്ടര്‍ ഒരാളെ കൊന്ന് രക്ഷപ്പെടാന്‍ ഇത്തരത്തിലുള്ള ചെയ്തികള്‍ ഇനിയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.