ആലപ്പുഴയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനടക്കം മൂന്ന് പേര്‍ക്ക് കുത്തേറ്റു; പിന്നില്‍ ആര്‍.എസ്.എസ് എന്ന് ആരോപണം
Kerala
ആലപ്പുഴയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനടക്കം മൂന്ന് പേര്‍ക്ക് കുത്തേറ്റു; പിന്നില്‍ ആര്‍.എസ്.എസ് എന്ന് ആരോപണം
ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 9:12 am

 

ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനടക്കം മൂന്നുപേര്‍ക്ക് വെട്ടേറ്റു. പള്ളാത്തുരുത്തി സ്വദേശിയും  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ സുനീര്‍ (25), കന്നിട്ടപ്പറമ്പില്‍ സ്വദേശി സെല്‍മാന്‍ (18),  ഷബീര്‍ഖാന്‍ (19) എന്നിവരെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിന് സാരമായി പരിക്കേറ്റ സുനീറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. അടുത്തയാഴ്ച നടക്കാനിരിക്കെയാണ് സുനീറിന് വെട്ടേറ്റത്.

ഷബീറിന്റെ തലയ്ക്കാണ് പരിക്ക്. കത്തിയും വാളും ഉപയോഗിച്ചാണ് ആക്രമണം. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ ചുങ്കം പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപമുള്ള ഭഗവതിക്ഷേത്രത്തിനടുത്ത് പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് സമയത്തെ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.ഐ.എം ആരോപിച്ചു.