ആംസ്റ്റര്‍ഡാം: നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈന ചിപ്പ് നിര്‍മാതാക്കളായ നെക്സ്പീരിയയുടെ നിയന്ത്രണം ഏറ്റെടുത്ത് ഡച്ച് സര്‍ക്കാര്‍. ആഗോള വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍ വിങ്‌ടെക്കിന്റെ നെക്സ്പീരി ചിപ്പുകളുടെ ലഭ്യത ഉറപ്പാക്കാനാണ് ഈ നീക്കം.
നെക്‌സ്പീരിയ ചിപ്പുകള്‍ അടിയന്തര സാഹചര്യങ്ങളില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കമ്പനിക്ക് മേല്‍ ചരക്ക് ലഭ്യത നിയമം ചുമത്തിയിട്ടുണ്ടെന്ന് ഡച്ച് സാമ്പത്തിക കാര്യമന്ത്രാലയം അറിയിച്ചു. കമ്പനിയുടെ പ്രവര്‍ത്തനത്തിലെ ഗുരുതരമായ പോരായ്മയാണ് ഇത്തരത്തിലൊരു തീരുമാനത്തിന് പിന്നിലെന്നും മന്ത്രാലയം പറഞ്ഞു.
യു.എസ്-ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഡച്ച് സര്‍ക്കാര്‍ ചിപ്പുകളുടെ ലഭ്യത ഉറപ്പുവരുത്തുന്ന പുതിയ നീക്കം കൊണ്ടുവരുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ ചൈനീസ് കയറ്റുമതിക്ക് 100% തീരുവ ചുമത്തുമെന്ന് ഭീഷണി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഡച്ച് സാമ്പത്തിക കാര്യ മന്ത്രാലയം തങ്ങളുടെ തീരുമാനത്തില്‍ യു.എസ് ഇടപെടല്‍ ഇല്ലെന്നാണ് പറയുന്നത്.
എന്നാല്‍ 2019ല്‍ ചൈന നെക്സ്പീരിയ ഏറ്റെടുത്തതിനുശേഷം പ്രാദേശിക നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും നെതര്‍ലാന്‍ഡ്സ്, ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നും കമ്പനി പറഞ്ഞു.
എല്ലാ നിയന്ത്രണങ്ങളും കമ്പനി പാലിക്കുന്നുണ്ടെന്നും അധികാരികളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നും എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും നെക്സ്പീരിയ വക്താവ് സി.എന്‍.ബി.സിയോട് പറഞ്ഞു.
ഡച്ച് സര്‍ക്കാര്‍, കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഷാങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നെകസ്പീരിയ സമര്‍പ്പിച്ച കോര്‍പ്പറേറ്റ് ഫയലിങ്ങില്‍ പറയുന്നുണ്ട്.
മാത്രമല്ല വിങ്ടെക് ചെയര്‍മാന്‍ ഷാങ് സൂഷെങ്ങിനെ നെക്സ്പീരിയ ഹോള്‍ഡിങ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍, നെക്സ്പീരിയ സെമികണ്ടക്ടറിന്റെ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെന്നും കമ്പനി ചൂണ്ടിക്കാട്ടി.
അടുത്ത ഒരു വര്‍ഷത്തേക്ക് കമ്പനി അതിന്റെ ആസ്തികളോ സ്വത്തോ കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നും കമ്പനിയുടെ ജീവനക്കാരിലോ മറ്റ് ഉദ്യോഗസ്ഥരിലോ മാറ്റങ്ങള്‍ വരുത്തരുതെന്ന നിര്‍ദേശമുണ്ടെന്നും നെക്സ്പീരിയ പറഞ്ഞു.
ഡച്ച് ഇലക്ട്രോണിക്‌സ് ഗ്രൂപ്പായ ഫിലിപ്‌സിന്റെ ഭാഗമായിരുന്ന നെക്‌സ്പീരിയ, ഓട്ടോമോട്ടീവ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, മറ്റ് ടെക് വ്യവസായങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ചിപ്പുകളുടെ ഉയര്‍ന്ന അളവിലുള്ള ഉദ്പ്പാദതകരാണ്.