വായു ചുഴലിക്കാറ്റ്: ദല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
national news
വായു ചുഴലിക്കാറ്റ്: ദല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 9:17 pm

ന്യൂദല്‍ഹി: ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റ്. പൊടിക്കാറ്റിനെ തുടര്‍ന്ന് ദല്‍ഹിയിലെ അന്തരീക്ഷ താപനിലയില്‍ കുറവ് വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന താപനിലയാണ് ദല്‍ഹിയില്‍ അനുഭവപ്പെട്ടത്. അര മണിക്കൂര്‍ കൊണ്ട് അന്തരീക്ഷ താപനിലയില്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് കുറവുവന്നു.

പൊടിക്കാറ്റിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. വിമാനത്താവളത്തിലേയ്ക്കുള്ള ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുജറാത്ത് തീരത്തേക്ക് എത്തുന്ന വായു ചുഴലിക്കാറ്റിന്റെ സാമീപ്യവും അന്തരീക്ഷ താപനില കുറയുന്നതിന് ഇടയാക്കിയിട്ടുണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ദല്‍ഹി അടക്കം ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ കാറ്റും ചെറിയ മഴയുമുണ്ടാകാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ലക്ഷണക്കണക്കിന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഗുജറാത്തിലെ സൗരാഷ്ട്ര, കുച്ച് മേഖലകളില്‍ വ്യാഴാഴ്ച്ച അതിശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീരദേശ നഗരങ്ങളിലേക്കുള്ള സാധാരണ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.

മുംബൈയില്‍ വായു ചുഴലിക്കാറ്റില്‍ ഹോര്‍ഡിങ് തകര്‍ന്ന് വീണ് 62കാരന്‍ മരിച്ചിരുന്നു. മധുകര്‍ നര്‍വേകര്‍ എന്ന കാല്‍നട യാത്രികനാണ് മരിച്ചത്. ചര്‍ച്ച് ഗേറ്റ് റെയില്‍വെ സ്റ്റേഷന് സമീപത്ത് കൂടി നടന്നുപോകുമ്പോള്‍ 81 അടി നീളവും 54 അടി വീതിയുമുള്ള മഹാത്മാ ഗാന്ധിയുടെ കൂറ്റന്‍ മ്യൂറല്‍ പെയിന്റിങിന്റെ ക്ലാഡിങ് മധുകറിന്റെ ദേഹത്ത് വീഴുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.