ന്യൂദല്‍ഹി: വോട്ട് മോഷണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് മോഷണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് രക്ഷപ്പെടാനാകില്ലെന്ന് രാഹുല്‍ പറഞ്ഞു.
‘വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. വ്യാപകമായി വോട്ട് മോഷണം ഉണ്ടായി.
മഹാരാഷ്ട്രയിലും ഹരിയാനയിലും അത് സംഭവിച്ചു. മഹാരാഷ്ട്രയില്‍, അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടായതിനേക്കാള്‍ കൂടുതല്‍ വോട്ടര്‍മാരെ 5 മാസം കൊണ്ട് പുതുതായി ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയില്‍ വോട്ടര്‍ പട്ടികയില്‍ സംശയകരമായ രീതിയില്‍ വര്‍ധന ഉണ്ടായി. മഹാരാഷ്ട്രയില്‍ 40 ലക്ഷം വ്യാജ വോട്ടര്‍മാരുണ്ടായി.
മഹാരാഷ്ട്ര ഇലക്ഷന്‍ അട്ടിമറിക്കപ്പെട്ടു എന്ന് ഞങ്ങള്‍ മനസിലാക്കി. ഡാറ്റ അനലൈസ് ചെയ്തപ്പോള്‍ അട്ടിമറികള്‍ നടന്നതായി ഞങ്ങള്‍ കണ്ടെത്തി. സി.സി ടിവി ഫൂട്ടേജുകള്‍ നശിപ്പിക്കപ്പെട്ടതായി കണ്ടു.
വൈകീട്ട് അഞ്ചരയ്ക്ക് ശേഷം മാസ്സീവ് വോട്ടിങ് നടന്നു. എന്നാല്‍ അഞ്ചരയ്ക്ക് ശേഷം അത്തരമൊരു ക്യൂ നമ്മുടെ പാര്‍ട്ടിക്കാര്‍ കണ്ടിട്ടില്ല. എക്‌സിറ്റ് പോളുകളും അഭിപ്രായ സര്‍വേകളും ഒന്ന് പ്രവചിക്കുന്നു, തെരഞ്ഞെടുപ്പ് ഫലം നേര്‍വിപരീതമാകുന്നു.
ഇലക്ട്രോണിക് ഡാറ്റകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറുന്നില്ല. അവര്‍ അതിന് മടിക്കുന്നു. എന്തുകൊണ്ടാണ് അവര്‍ സോഫ്റ്റ് കോപ്പി കൈമാറാത്തത്.
ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വന്‍തോതിലുള്ള വോട്ട് മോഷണം നടന്നു. ബെംഗളൂര്‍ സെന്‍ട്രലിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മഹാദേവപുര ഒഴിച്ച് ആറിടത്തെ വോട്ടുകളില്‍ കോണ്‍ഗ്രസിന് 85,000 വോട്ട് ലീഡുണ്ടായിരുന്നു.
എന്നാല്‍ മഹാദേവപുരയിലെ മാത്രം വോട്ട് കൂട്ടിയപ്പോള്‍ 35,000 വോട്ടിന് ബി.ജെ.പി സ്ഥാനാര്‍ഥി ജയിച്ചു. ഈ ഒരേയൊരു നിയമസഭാ മണ്ഡലത്തില്‍ മാത്രം 1,14,000 വോട്ടാണ് ബി.ജെ.പിക്ക് അധികമായി കിട്ടിയത്.
മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളില്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ വ്യാജമാണ്. അഞ്ച് വിധത്തിലാണ് മഹാദേവപുരയില്‍ വ്യാജ വോട്ടുകള്‍ ചേര്‍ത്തത്.
ഇതില്‍ 11,965 ഇരട്ട വോട്ടുകളാണ്. വ്യാജ വിലാസത്തില്‍ 40,009 വോട്ടര്‍മാരുണ്ടായി. മുപ്പതും അമ്പതുമൊക്കെയായി ഒരേവിലാസത്തില്‍ ഇങ്ങനെ 10,452 വോട്ടര്‍മാരെ ചേര്‍ത്തു.
വ്യാജ ഫോട്ടോയില്‍ 4132 വോട്ടര്‍മാരും ഫോം6 ദുരുപയോഗം ചെയ്ത് 33692 വോട്ടമാരേയും ഉള്‍പ്പെടുത്തി.
ഫോം 6 ന്റെ ലംഘനം നടന്നു. നാല് വ്യത്യസ്ത പോളിങ് ബൂത്തില്‍ ഒരേ ആള്‍ വോട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക ഇവിടെയൊക്കെ ഇയാള്‍ക്ക് വോട്ട്.
ഇത്തരത്തിലുള്ള ആയിരക്കണക്കിന് ആളുകള്‍. 11000 ആളുകള്‍ മൂന്നും നാലും തവണ വോട്ട് ചെയ്യുക, അതും വ്യത്യസ്ത സംസ്ഥാനങ്ങളില്‍.
വീട്ട് നമ്പറോ ഹൗസ് നമ്പറോ ഇല്ലാത്ത 40000ത്തിലേറെ വോട്ടര്‍മാര്‍. ഒരൊറ്റ ഹൗസ് നമ്പറില്‍ 80 ആള്‍ക്കാര്‍ വരെ. ഇവരൊക്കെ ഒന്നിച്ച് അവിടെ താമസിക്കുകയാണോ.
മറ്റൊരു മുറിയില്‍ 46 പേര്‍ കഴിയുന്നതായാണ് രേഖകള്‍. പരിശോധിച്ചപ്പോള്‍ ഇവിടെയെങ്ങും ആളുകളെ കണ്ടെത്താനായില്ല. ആര്‍ക്കും ഇവരെ അറിയില്ല.
40,009 തെറ്റായ മേല്‍വിലാസങ്ങള്‍ കോണ്‍ഗ്രസ് അന്വേഷണത്തില്‍ കണ്ടെത്തി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചില പട്ടികകളില്‍ വോട്ടര്‍മാരുടെ ഫോട്ടോ ഇല്ല. വളരെ ചെറിയ രീതിയില്‍, തിരിച്ചറിയാനാകാതെ ഫോട്ടോ കൊടുത്ത ലിസ്റ്റുകളുമുണ്ട്.
വോട്ടര്‍മാരില്‍ ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങള്‍ മാത്രമാണുള്ളത്. ഏഴുപതും എണ്‍പതും വയസ്സുള്ളവര്‍ കന്നിവോട്ടര്‍മാരായി. വീട്ടുനമ്പര്‍ രേഖപ്പെടുത്തേണ്ടിടത്ത് ചേര്‍ത്തിരിക്കുന്നത് പൂജ്യം എന്നാണ്.
നിങ്ങള്‍ രണ്ടുതവണ വോട്ട് ചെയ്‌തോ എന്നോ നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ രണ്ടുതവണയുണ്ടോ എന്നോ കണ്ടെത്തണമെങ്കില്‍, നിങ്ങളുടെ ചിത്രമെടുത്ത് ഈ ഓരോ കടലാസുമായി ഒത്തുനോക്കേണ്ടി വരും.
ഇതാണ് അതിലെ നടപടിക്രമം, ഇത് വളരെ മടുപ്പിക്കുന്ന ഒരു പ്രക്രിയയുമാണ്. ഒന്നിലധികം സീറ്റുകളില്‍ ഇത് ചെയ്യാമെന്നാണ് ഞങ്ങള്‍ ആദ്യം കരുതിയിരുന്നത്.
എന്നാല്‍ ഈ ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇലക്ട്രോണിക് ഡാറ്റ നല്‍കാത്തതെന്ന് മനസ്സിലായത്.
കാരണം, ഞങ്ങള്‍ ഇത് സൂക്ഷ്മമായി പരിശോധിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഇത് പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്ക് ആറുമാസം വേണ്ടിവന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഞങ്ങള്‍ക്ക് ഇലക്ട്രോണിക് ഡാറ്റ നല്‍കിയിരുന്നെങ്കില്‍, ഇതിന് 30 സെക്കന്‍ഡ് മതിയാകുമായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഈ വിവരങ്ങള്‍ പരിശോധിക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല’ രാഹുല്‍ പറഞ്ഞു.