ഡ്യൂപ്ലിക്കേറ്റ് ഐഡി കാര്‍ഡ് വ്യാജവോട്ടര്‍മാരെ സൂചിപ്പിക്കുന്നില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍
national news
ഡ്യൂപ്ലിക്കേറ്റ് ഐഡി കാര്‍ഡ് വ്യാജവോട്ടര്‍മാരെ സൂചിപ്പിക്കുന്നില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd March 2025, 3:54 pm

ന്യൂദല്‍ഹി: ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡുകള്‍ വ്യാജ വോട്ടര്‍മാരെ സൂചിപ്പിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വം നടന്നുവെന്ന ആരോപണങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍ ഐഡി കാര്‍ഡ് ഉണ്ടെന്നുകരുതി അത് വ്യാജമോ ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരുടേതാകണമെന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍.

വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള ഒരേ ഇ.പി.ഐ.സി നമ്പറുകളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലും പ്രതിപക്ഷ നേതാക്കളുമടക്കം വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

കേന്ദ്രീകൃത സംവിധാനങ്ങളില്‍ വ്യത്യസ്ത സംസ്ഥാനങ്ങളിലായി ഒരേ ആല്‍ഫാന്യൂമെറിക് സീരീസ് ഉപയോഗിച്ചിരിക്കാമെന്നും ഇതിന്റെ ഫലമായി ഇ.പി.ഐ.സി നമ്പറുകളുടെ തനിപകര്‍പ്പ് ലഭിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നു.

വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്ക് ഒരേ ഇ.പി.ഐ.സി നമ്പറുകള്‍ ഉള്ളതായ് കാണിക്കുന്ന ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളും മാധ്യമ റിപ്പോര്‍ട്ടുകളും ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ ചില വോട്ടര്‍മാരുടെ നമ്പറുകള്‍ സമാനമായിരിക്കാമെങ്കിലും, ജനസംഖ്യാപരമായ വിശദാംശങ്ങള്‍, നിയമസഭാ മണ്ഡലം, പോളിങ് ബൂത്ത് എന്നിവയുള്‍പ്പെടെയുള്ള മറ്റ് വിശദാംശങ്ങള്‍ ഒരേ ഇ.പി.ഐ.സി നമ്പറുള്ള വോട്ടര്‍മാര്‍ക്ക് വ്യത്യസ്തമായിരിക്കുമെന്നും കമ്മീഷന്റെ പ്രസ്താവനയില്‍ പറയുന്നു.

വോട്ട് രേഖപ്പെടുത്താനുള്ള വോട്ടറുടെ യോഗ്യത നിര്‍ണയിക്കുന്നത് ഈ നമ്പര്‍ മാത്രമല്ലെന്നും ഏതൊരു വോട്ടര്‍ക്കും അവരുടെ  പ്രദേശത്ത് നമ്പര്‍ പരിഗണിക്കാതെ തന്നെ വോട്ട് ചെയ്യാന്‍ സാധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടാവണമെന്നേയുള്ളൂവെന്നും കമ്മീഷന്‍ പറഞ്ഞു.

Content Highlight: Duplicate ID card does not indicate fake voters: Election Commission