ഹോളിവുഡ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡ്യൂണ്‍ പാര്‍ട്ട് 3. ഡെന്നീസ് വില്ലന്യൂ സംവിധാനം ചെയ്യുന്ന എപിക് ചിത്രം സിനിമാപ്രേമികളുടെ ഫേവറെറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചതാണ്. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും ഗംഭീര വരവേല്പായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ മൂന്നാം ഭാഗത്തിന്റെ ഷൂട്ട് പൂര്‍ത്തിയായെന്നാണ് പുതിയ വിവരം.
കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയായത്. 2026 അവസാനം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. അടുത്ത വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിലൊന്നായാണ് ഡ്യൂണ്‍ 3യെ കണക്കാക്കുന്നത്. പോള്‍ അട്രെഡീസിന്റെ പോരാട്ടങ്ങളും ഫ്രെമെന്‍ യോദ്ധാക്കളുടെ ചെറുത്തുനില്പുമെല്ലാം സ്‌ക്രീനില്‍ ഗംഭീര ദൃശ്യാനുഭവമാകുമെന്ന് ഉറപ്പാണ്.
ഡ്യൂണ്‍ ഫ്രാഞ്ചൈസിയിലെ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് ഡ്യൂണ്‍ പാര്‍ട്ട് 3. ആദ്യ രണ്ട് ഭാഗങ്ങളും പ്രേക്ഷകര്‍ക്ക് ഗംഭീര ദൃശ്യാനുഭവം സമ്മാനിച്ചതിനോടൊപ്പം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം നടത്തിയിരുന്നു. 2021ല്‍ ആദ്യ ഭാഗവും 2024ല്‍ രണ്ടാം ഭാഗവും പുറത്തിറങ്ങി. ഓസ്‌കര്‍ വേദിയിലും ഡ്യൂണ്‍ സീരീസ് തിളങ്ങി.
രണ്ട് ഭാഗങ്ങളും കൂടി ഏഴ് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. മൂന്നാം ഭാഗവും ഓസ്‌കര്‍ വേദിയില്‍ തിളങ്ങുമെന്നാണ് കണക്കുകൂട്ടല്‍. ബോക്‌സ് ഓഫീസില്‍ ഡ്യൂണ്‍ 3ക്ക് വെല്ലുവിളിയുമായി അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. 2026 മേയില്‍ റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം ഡിസംബറിലേക്ക് റിലീസ് മാറ്റുകയായിരുന്നു.
നവംബര്‍ ആദ്യവാരം റിലീസ് ചെയ്താല്‍ മാത്രമേ ഡ്യൂണ്‍ 3ക്ക് ബോക്‌സ് ഓഫീസില്‍ തിളങ്ങാനാവുകയുള്ളൂ. അല്ലാത്ത പക്ഷം ഡൂംസ്‌ഡേയുടെ റിലീസ് ഡ്യൂണിന്റെ കളക്ഷനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സിനിമാപ്രേമികള്‍ക്ക് പകരം വെക്കാനാകാത്ത ദൃശ്യവിസ്മയം തന്നെയാകും ഒരുങ്ങുകയെന്ന് ഉറപ്പാണ്.
1965ല്‍ ഫ്രാങ്ക് ഹെര്‍ബര്‍ട്ട് എഴുതിയ നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ് ചിത്രം. ആറ് ഭാഗങ്ങളുള്ള നോവലാണ് മൂന്ന് സിനിമകളായി മാറിയത്. വിദൂരഭാവിയില്‍ മറ്റൊരു ഗ്രഹത്തില്‍ നടക്കുന്ന കഥയാണ് ഡ്യൂണിന്റേത്. നോവല്‍ ചലച്ചിത്ര രൂപത്തിലേക്ക് മാറിയപ്പോള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് തിമോത്തി ഷാലമെറ്റ്, സെന്‍ഡായ, ഫ്‌ളോറന്‍സ് പ്യൂഹ് എന്നിവരാണ്.
Content Highlight: Dune Part three filming completed and aiming for 2026 release