അന്ന് കളിക്കുമ്പോൾ ഞാനറിഞ്ഞില്ല, എന്റെ പിന്നിൽ നടക്കുന്ന ഷൂട്ടിങ് ഒരു ക്ലാസിക് പടത്തിന്റെതാണെന്ന്
Film News
അന്ന് കളിക്കുമ്പോൾ ഞാനറിഞ്ഞില്ല, എന്റെ പിന്നിൽ നടക്കുന്ന ഷൂട്ടിങ് ഒരു ക്ലാസിക് പടത്തിന്റെതാണെന്ന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th November 2023, 1:04 pm

ചുരുങ്ങിയകാലം കൊണ്ട് ഇന്ത്യ ഒട്ടാകെ വലിയ ശ്രദ്ധ നേടിയ താരമാണ് ദുൽഖർ സൽമാൻ. നിലവിൽ മലയാളത്തിനേക്കാൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ദുൽഖർ.

ഈയിടെ രജിനികാന്തിന്റെ ജയിലർ സിനിമ ഇറങ്ങിയപ്പോൾ ചിത്രത്തിൽ നടൻ വിനായകൻ അവതരിപ്പിച്ച വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. എന്നാൽ പിന്നീട് ഈ വേഷം വിനായകനിലേക്ക് എത്തുകയായിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ദുൽഖർ.

രജിനിസാർ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെ ഞാൻ ബഹുമാനിക്കുന്നു എന്നാണ് ദുൽഖർ പ്രതികരിച്ചത്. ഒപ്പം അച്ഛനും രജിനി സാർ ഒരുമിച്ച് അഭിനയിച്ച ദളപതി തനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രമാണെന്നും ചെറുപ്പത്തിൽ ചിത്രത്തിന്റെ ഷൂട്ടിങ് നേരിട്ടു കണ്ടിട്ടുണ്ടെന്നും ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ കൂട്ടിച്ചേർത്തു.

‘എനിക്കത് ഒരിക്കലും ഉറപ്പ് പറയാൻ കഴിയില്ല. രജിനി സാർ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ അതിനെ ബഹുമാനിക്കുന്നു. അച്ഛനും രജിനിസാറും ഒരുമിച്ച് അഭിനയിച്ച ദളപതി എന്ന ചിത്രം എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സിനിമയാണ്. അവരെ വീണ്ടും ഒരുമിച്ച് കാണുക എന്നത് ഒരുപാട് സന്തോഷം തരുന്ന ഒന്നാണ്.

ഞാൻ പഠിച്ചിരുന്ന സമയത്ത് ഒരു നാല് വർഷത്തോളം പുറത്തായിരുന്നു. അന്ന് അച്ഛനെ കാണണം എന്ന് എനിക്ക് തോന്നുമ്പോൾ എന്റെ കൈയിൽ ആകെ ഒരു സിനിമയുടെ ഡി.വി.ഡി മാത്രമേ ഉണ്ടായിരുന്നുള്ളു. അത് ദളപതി എന്ന ചിത്രത്തിന്റേതാണ്.

ദളപതി ഷൂട്ടിങ് നടക്കുമ്പോൾ ഞാൻ അവിടെ പോയിട്ടുണ്ട്. മൈസൂരിലെ ഷൂട്ടിനായിരുന്നു ഞാൻ പോയത്. പക്ഷെ ആ സമയത്ത് എനിക്ക് രജിനി സാറിനെ ഒന്നും അറിയില്ലായിരുന്നു. അത് എത്ര വലിയ സിനിമയാണെന്നോ ഇങ്ങനായൊരു ക്ലാസിക് ആണെന്നോ അന്നെനിക്ക് അറിയില്ലായിരുന്നു.

അന്ന് ഞാൻ അവിടുന്ന് കളിക്കുമ്പോൾ എനിക്കറിയില്ലായിരുന്നു എന്റെ പിന്നിൽ ഷൂട്ട്‌ നടക്കുന്നത് ഒരു ക്ലാസിക് പടത്തിന്റെതാണെന്ന്. പിന്നെ കുറേ വർഷങ്ങൾ കഴിഞ്ഞ് മഹാനടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ആ ലൊക്കേഷനിലൊക്കെ ഞാൻ പോവുന്നത്. അത് എന്നെ സംബന്ധിച്ച് വലിയൊരു നിമിഷമായിരുന്നു,’ ദുൽഖർ പറയുന്നു.

കമൽ ഹാസൻ – മണിരത്നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തഗ് ലൈഫ്’ ആണ് ഏറ്റവും ഒടുവിലായി പ്രഖ്യാപിച്ച ദുൽഖർ ചിത്രം. സൂരറൈ പോട്രൂവിന് ശേഷം സുധ കൊങ്കരയും സൂര്യയും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിലും ദുൽഖർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlight: Dulqure Salman Talk About Dhalapathi Movie