ഞാന്‍ അല്ലു അര്‍ജുന്റെ വലിയ ആരാധകനാണ്, കേരളത്തിലെ അദ്ദേഹത്തിന്റെ ഫാന്‍സ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍
Entertainment news
ഞാന്‍ അല്ലു അര്‍ജുന്റെ വലിയ ആരാധകനാണ്, കേരളത്തിലെ അദ്ദേഹത്തിന്റെ ഫാന്‍സ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd August 2022, 8:17 am

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ സിനിമയാണ് സീതാ രാമം. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ പട്ടാളക്കാരനായിട്ടാണ് അഭിനയിക്കുന്നത്.

ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗ്രേറ്റ് ആന്ധ്രാ എന്ന യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുനെ പറ്റിയും, കേരളത്തിലെ അദ്ദേഹത്തിന്റെ ആരാധകര്‍ തന്നെ അത്ഭുതപ്പെടുത്തിയ അനുഭവത്തെ പറ്റിയും പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കൂടാതെ താനും അല്ലുവിന്റെ വലിയ ഒരു ആരാധകനാണെന്നും ദുല്‍ഖര്‍ പറയുന്നു.

കേരളത്തില്‍ അല്ലു അര്‍ജുന് താന്‍ നടനാകുന്നത് മുമ്പ് തന്നെ വലിയ ആരാധകര്‍ ഉണ്ടായിരുന്നെന്നും, ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രം ഷൂട്ട് ചെയ്യാനായി ഒരു വീട്ടില്‍ ചെന്നപ്പോള്‍ അവിടെ ഒരു കബോഡില്‍ വരെ അദ്ദേഹത്തിന്റെ ഫോട്ടോ കണ്ടിരുന്നു എന്നും ദുല്‍ഖര്‍ കൂട്ടിചേര്‍ക്കുന്നു.

‘ഞാന്‍ നടനാകുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് വലിയ ആരാധകരുണ്ട്. അദ്ദേഹത്തിന്റെ എനര്‍ജിയും ഡാന്‍സുമൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാനും അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. ഉസ്താദ് ഹോട്ടല്‍ എന്ന എന്റെ തുടക്കകാലത്തെ ചിത്രങ്ങളില്‍ ഒന്ന് ഷൂട്ട് ചെയ്യാന്‍ കോഴിക്കോട് ഒരു ഗ്രാമത്തിലെ വീട്ടില്‍ പോയപ്പോള്‍ അവിടെ ഒരു കബോഡില്‍ വരെ അദ്ദേഹത്തിന്റെ ചിത്രം ഞാന്‍ കണ്ടിരുന്നു. ശരിക്കും അത് എന്നെ അത്ഭുതപ്പെടുത്തി’, ദുല്‍ഖര്‍ പറയുന്നു.

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ഒരേ സമയം സീതാരാമം റിലീസ് ചെയ്യുന്നുണ്ട്. മൃണാള്‍ താക്കൂറും രശ്മിക മന്ദാനയുമാണ് ചിത്രത്തില്‍ നായികമാരാവുന്നത്. അഫ്രീന്‍ എന്നാണ് രശ്മികയുടെ കഥാപാത്രത്തിന്റെ പേര് സുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ്, തരുണ്‍ ഭാസ്‌ക്കര്‍, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാര്‍, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ, വെണ്ണേല കിഷോര്‍ തുടങ്ങിയവരാണ് മറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാരാമം പറയുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സീതാരാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. .

സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.

എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Content Highlight : Dulquer Salman says that he is the fan of Allu arjun and his fans suprisied him