സെറ്റിലിരിക്കുമ്പോള്‍ ഞാനും മൃണാളും കൂടി എന്നും ബെറ്റ് വെക്കും: ദുല്‍ഖര്‍ സല്‍മാന്‍
Film News
സെറ്റിലിരിക്കുമ്പോള്‍ ഞാനും മൃണാളും കൂടി എന്നും ബെറ്റ് വെക്കും: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th June 2022, 7:25 pm

ഹേ സിനാമികക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന സീതാരാമം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലൊരുങ്ങുന്ന ചിത്രത്തില്‍ മൃണാള്‍ താക്കൂറാണ് നായിക. ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന സീതാരാമത്തില്‍ തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സീതാരാമം ഏറെ പ്രത്യേകതകളുള്ള സിനിമയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും എനര്‍ജെറ്റിക്കായ സംവിധായകനാണ് ഹനു രാഘവപ്പുടിയെന്നും ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഹൈദരബാദില്‍ വെച്ച് നടന്ന പരിപാടിയില്‍ ദുല്‍ഖര്‍ പറഞ്ഞു.

‘ഹനു സാര്‍ സിനിമയെ പറ്റി സംസാരിച്ചപ്പോള്‍ തന്നെ എനിക്ക് അതുമായി പെട്ടെന്ന് കണക്റ്റ് ചെയ്യാന്‍ പറ്റി. സിനിമയുടെ ഐഡിയ ഇഷ്ടപ്പെട്ടു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും എനര്‍ജെറ്റികായ ഡയറക്ടറാണ് ഹനു രാഘവപ്പുടി. അദ്ദേഹം എപ്പോഴും ഓടിക്കൊണ്ടിരിക്കും. അതിനിടക്ക് വീഴും, മുറിവ് പറ്റും.

അതുകൊണ്ട് ഞാനും മൃണാളും കൂടി എല്ലാ ദിവസവും ബെറ്റ് വെക്കാറുണ്ട്. ഞാന്‍ പറയും ഇന്ന് അഞ്ച് പ്രാവിശ്യം ഹനു സാറിന് പരിക്ക് പറ്റും. മൃണാള്‍ പറയും അല്ല ആറ് പ്രാവിശ്യമെന്ന്. ഞങ്ങളില്‍ ആര് പറഞ്ഞതാണ് നടക്കുന്നതെന്ന് നോക്കും. അദ്ദേഹം മറ്റൊന്നിലേക്കും നോക്കില്ല. ചെയ്യുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതുവരെ 35ലധികം സിനിമകള്‍ ചെയ്തു. എന്നാല്‍ സീതാരാമം ഏറെ പ്രത്യേകതകളുള്ളതാണ്,’ ദുല്‍ഖര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജമ്മു കാശ്മീരിന്റെ അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ലഫ്. റാമിന്റെ കഥയാണ് സീതാ രാമം പറയുന്നത്. സീത എന്ന കഥാപാത്രത്തെ മൃണാള്‍ അവതരിപ്പിക്കുമ്പോള്‍ അഫ്രീന്‍ എന്ന കഥാപാത്രമായാണ് രശ്മിക എത്തുന്നത്.

Content Highlight: Dulquer Salman says Mrinal thakkar and he would always bet on the set of seetha ramam